ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായി മാറിയിരിക്കുന്ന ഒരു ടീമുണ്ട്. ഇതുവരെ ലോകകപ്പ് നേടാന്‍ സാധിക്കാതെ പോയ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഈ ടീം. ഇത്തവണത്തെ ഏകദിന ലോകകപ്പിലും പ്രാഥമിക റൗണ്ടില്‍ ഇന്ത്യയും കിവികളും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഈ മാസം 22നു ധര്‍മശാലയിലാണ് രോഹിത് ശര്‍മയും കെയ്ന്‍ വില്ല്യംസണും അങ്കം കുറിക്കുക. വര്‍ഷങ്ങളായി അവരോടു തോറ്റുകൊണ്ടിരിക്കുന്ന ഇന്ത്യക്കു ഇതിലെങ്കിലും തോല്‍വികള്‍ക്കു ബ്രേക്കിടാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
ക്യാപ്റ്റന്‍മാരും താരങ്ങളും മാറി മാറി വന്നും പോയിട്ടും എന്തുകൊണ്ടാണ് ന്യൂസിലാന്‍ഡെന്നത് ഇന്ത്യക്കു ഇത്രയും വലിയ ഭീതിയായി തുടരുന്നത്? ഉത്തരം കിട്ടാത്ത ചോദ്യം തന്നെയായിരിക്കും അത്. താരസമ്പത്ത് നോക്കുമ്പോള്‍ ന്യൂസിലാന്‍ഡിന് ഏറെ മുകളിലാണ് ഇന്ത്യ. പക്ഷെ കളിക്കളത്തില്‍ മുഖാമുഖം വരുമ്പോള്‍ കിവികള്‍ക്കെതിരേ ഇന്ത്യ കവാത്ത് മറക്കുന്നത് സ്ഥിരം കാഴ്ചയാണ്.

ഏതെങ്കിലുമൊരു ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ വിജയം കൊയ്തിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതു തീര്‍ച്ചയായും ഞെട്ടിക്കുന്ന കാര്യം തന്നെയാണ്. കാരണം ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ്, ഏറ്റവും ഒടുവിലായി ഐസിസി തുടങ്ങിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയിലടക്കം ഏറ്റുമുട്ടിയിട്ടും കിവികളെ കൊമ്പുകുത്തിക്കാന്‍ ഇന്ത്യക്കായിട്ടില്ല.
അവസാനമായി എന്നായിരുന്നു ഒരു ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ വിജയമെന്നറിയാം. 2003ല്‍ സൗത്താഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നിവര്‍ സംയുക്ത ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിലാണ് ടീം ഇന്ത്യ അവസാനമായി കിവികളുടെ ചിറകരിഞ്ഞത്.
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇതിഹാസ ബാറ്റര്‍ വിരാട് കോലിയും അന്നു വെറും കുട്ടികളായിരുന്നു. രോഹിത്തിനു 16ഉം കോലിക്കു 14ഉം ആയിരുന്നു പ്രായം. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം പോലും നടത്തിയിട്ടില്ല. ഇതു മാത്രമല്ല ടി20 ഫോര്‍മാറ്റ് കണ്ടു പിടിക്കുക പോലും ചെയ്തിട്ടില്ലാത്ത സമയമായിരുന്നു അതെന്നതും കൗതുകം വര്‍ധിപ്പിക്കുന്നു.

2003ലെ ലോകകപ്പിന്റെ സൂപ്പര്‍ സിക്‌സിലായിരുന്നു സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയുടെ ഗംഭീര വിജയം. സൗത്താഫ്രിക്കയിലെ സെഞ്ചൂറിയനില്‍ നടന്ന സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ബൗളിങ് മികവിലാണ് കിവികളെ ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍ നയിച്ച ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ ന്യൂസിലാന്‍ഡ് തകര്‍ന്നടിയുകയായിരുന്നു.
അന്നു ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 45.1 ഓവറില്‍ വെറും 146 റണ്‍സില്‍ കൂടാരം കയറി. ഒരാള്‍ പോലും 30ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. 30 റണ്‍സെടുത്ത സ്റ്റീഫന്‍ ഫ്‌ളെമിങായിരുന്നു അവരുടെ ടോപ്‌സ്‌കോറര്‍. ജേക്കബ് ഓറം 23ഉം ക്രിസ് കെയ്ന്‍സ് 20ഉം റണ്‍സ് നേടി.
എട്ടു ബൗളര്‍മാരെയാണ് ക്യാപ്റ്റന്‍ ഗാംഗുലി ഈ കളിയില്‍ പരീക്ഷിച്ചത്. നാലു വിക്കറ്റുകള്‍ പിഴുത സഹീറായിരുന്നു കിവികളുടെ അന്തകനായി മാറിയത്. ഹര്‍ഭജന്‍ സിങ് രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ ജവഗല്‍ ശ്രീനാഥ്, ആശിഷ് നെഹ്‌റ, വീരേന്ദര്‍ സെവാഗ്, ദിനേഷ് മോംഗിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.
റണ്‍ ചേസില്‍ 40.4 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു. സെവാഗ് (1), ഗാംഗുലി (3) എന്നിവരെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ഇന്ത്യ പതറിയില്ല. മുഹമ്മദ് കൈഫ് (68*), രാഹുല്‍ ദ്രാവിഡ് (53*) എന്നിവരുടെ അപരാജിത ഫിഫ്റ്റികള്‍ ഇന്ത്യന്‍ വിജയം എളുപ്പമാക്കി.