ലോകകപ്പിലെ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യയുടെ ആധികാരിക ജയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ തമാശരൂപേണ രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോന്‍. കളിക്കിടെ രോഹിത് ഒരു കള്ളത്തരം കാണിച്ചുവെന്നും ഇതാണ് പാകിസ്താനെ തോല്‍വിയിലേക്കു തള്ളിയിട്ടതെന്നും വോന്‍ പറയുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിനായിരുന്നു പാകിസ്താനെ കശാപ്പ് ചെയ്തത്.
ഈ മല്‍സരത്തില്‍ ഇന്ത്യന്‍ കാണികളുടെ പെരുമാറ്റത്തിനെതിരേ പാകിസ്താന്റെ ഭാഗത്തു നിന്നും നേരത്തേ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു. പരാതിയുമായി പിസിബി ഐസിസിയെ സമീപിക്കുകയും ചെയ്തിരുന്നെങ്കിലും അതു തള്ളിപ്പോവുകയായിരുന്നു. കളിക്കിടെ പാകിസ്താന്‍ താരങ്ങളെ പ്രചോദിപ്പിക്കാന്‍ സ്റ്റേഡിയത്തിലെ മൈക്രോഫോണിലൂടെ ദില്‍ ദില്‍ പാകിസ്താനെന്ന ഗാനം പലപ്പോഴും മുഴങ്ങിക്കേട്ടില്ലെന്നും ഇതു ടീമിനു തിരിച്ചടിയായെന്നും മല്‍സരശേഷം പാക് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ കളിയാക്കിയാണ് വോനും രംഗത്തുവന്നത്

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റുള്‍പ്പെട്ട ഒരു ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനെതിരായ മല്‍സരത്തില്‍ ഇന്ത്യ നടത്തിയ ഏറ്റവും മികച്ച നീക്കം ദില്‍ ദില്‍ പാകിസ്താനെന്ന ഗാനം സ്റ്റേഡിയത്തില്‍ വയ്ക്കുന്നത് തടയുകയെന്നതായിരുന്നു.
മല്‍സരശേഷം പാകിസ്താന്‍ കോച്ചും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഡിജെയോടു ദില്‍ ദില്‍ പാകിസ്താനെന്ന ഗാനം വയ്ക്കരുതെന്നു ആവശ്യപ്പെട്ടത് രോഹിത് ശര്‍മയാണ്. അതു വയ്ക്കുകയാണെങ്കില്‍ പാകിസ്താന്‍ ജയിക്കുമെന്നു രോഹിത്തിനു അറിയാമെന്നും വോന്‍ വ്യക്തമാക്കി. പൊട്ടിച്ചിരിയോടെയാണ് വോനിന്റെ ഈ വാക്കുകളോടു ഗില്‍ക്രിസ്റ്റ് പ്രതികരിച്ചത്.
ദില്‍ ദില്‍ പാകിസ്താനെന്ന ഗാനം വയ്ക്കുകയാണെങ്കില്‍ അതു പാകിസ്താന്‍ ടീമിനെ പ്രചോദിപ്പിക്കുമെന്നു രോഹിത് ശര്‍മയ്ക്കറിയാം. ഈ ഗാനം കേള്‍ക്കുകയാണെങ്കില്‍ പാകിസ്താന്‍ ടീം കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കുകയും ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്യുമായിരുന്നു.
വളരെ ബുദ്ധിപരമായ നീക്കമായിരുന്നു അത്. ഭൂരിഭാഗം ക്യാപ്റ്റന്‍മാരും ഈ തരത്തില്‍ ചിന്തിക്കില്ല. ഡിജെയും സംഗീതവുമൊന്നും അവര്‍ അത്ര വലിയ കാര്യമായെടുക്കില്ല. പക്ഷെ രോഹിത്തിന് മറ്റുള്ളവരേക്കാള്‍ മുന്നോട്ടു ചിന്തിക്കുന്ന ക്യാപ്റ്റനാണെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയോടു ദയനീമായി പരാജയപ്പെട്ട ശേഷം മിക്കി ആര്‍തര്‍ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതൊരു ഐസിസി ഇവന്റായിട്ടൊന്നും ഞങ്ങള്‍ക്കു തോന്നിയില്ല. ബിസിസിഐ സംഘടിപ്പിച്ച ഒരു ഇവന്റ് പോലെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍ ടീമിന്റെ കോച്ചിങ് സംഘത്തിലുള്ള ഗ്രാന്റ് ബ്രാഡ്‌ബേണും ഇതിനെ അനുകൂലിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചിരുന്നു.
പാകിസ്താന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്കു വരണമെന്നു ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ ആരാധകരും സ്റ്റേഡിയത്തില്‍ പാക് ഫാന്‍സിനെ പ്രതീക്ഷിച്ചിട്ടുണ്ടാവും. ഈ കാരണങ്ങളാല്‍ തന്നെ ഇതു ലോകകപ്പ് മല്‍സരം പോലെ തോന്നുന്നില്ലെന്നും ബ്രാഡ്‌ബേണ്‍ പറഞ്ഞിരുന്നു.
ഒരു ലക്ഷത്തിനു മുകളില്‍ കാണികളാണ് ഇന്ത്യ-പാക് പോരാട്ടം കാണാനെത്തിയത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയുടെ ആരാധകരായിരുന്നു. വിസാ പ്രശ്‌നങ്ങള്‍ കാരണം പാകിസ്താന്റെ നിരവധി ആരാധകര്‍ക്കു മല്‍സരം കാണാന്‍ സാധിച്ചില്ല.