ഓസ്‌ട്രേലിയയുടെ കിരീടധാരണത്തോടെ ഐസിസിയുടെ ഏകദിന ലോകകപ്പിനു തിരശീല വീണിരിക്കുകയാണ്. ഒരു ലക്ഷത്തോളം വരുന്ന കാണികളെ നിശബ്ധരാക്കിയാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയെ തുരത്തി ഓസീസ് വീണ്ടുമൊരു ലോകകപ്പില്‍ മുത്തമിട്ടത്. വിവിധ ടീമുകള്‍ക്കു വേണ്ടി ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഏറ്റവും മികച്ച ഇലവനെ ഐസിസി പ്രഖ്യാപിച്ചിക്കുകയാണ്.
ടൂര്‍ണമെന്റിലുടനീളം ഇന്ത്യയെ ഉജ്ജ്വലമായി മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് ഇലവന്റെ നായകനായി ഐസിസി തിരഞ്ഞെടുത്തത്. കിരീടമെന്ന ലക്ഷ്യം വഴുതിപ്പോയെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു തീര്‍ച്ചയായും അഭിമാനിക്കാവുന്ന ടൂര്‍ണമെന്റായിരുന്നു ഇത്. അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ ബാറ്റിങിലും ഹിറ്റ്മാന്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറി. 597 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിലും രോഹിത് രണ്ടാമതുണ്ടായിരുന്നു.

ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് ഐസിസിയുടെ ഇലവനില്‍ കാണാന്‍ സാധിക്കുക. 11 പേരില്‍ ആറും ഇന്ത്യന്‍ താരങ്ങളാണ്. ലോകകിരീടം ചൂടിയ ഓസ്‌ട്രേലിയന്‍ ടീമിലെ വെറും രണ്ടു പേര്‍ക്കു മാത്രമേ ഇലവനില്‍ ഇടം പിടിച്ചുള്ളൂ. സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവരുടെ ഓരോ താരങ്ങളും ഇലവന്റെ ഭാഗമാണ്. ഓസീസിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനു ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെന്നതു കൗതുകകരമാണ്.
രോഹിത്തും സൗത്താഫ്രിക്കയ്ക്കു വേണ്ടി അവസാനത്തെ ലോകകപ്പ് കളിച്ച ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കുമാണ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. നാലു സെഞ്ച്വറികളടക്കം 594 റണ്‍സ് അടിച്ചെടുത്ത ഡികോക്ക് റണ്‍വേട്ടയില്‍ രോഹിത്തിനു തൊട്ടുപിന്നില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ്. സൗത്താഫ്രിക്കയെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ഡികോക്ക് വലിയ പങ്കും വഹിച്ചിരുന്നു.
മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി, ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചെല്‍, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലുമാണ്. കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ കോലി 11 മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 765 റണ്‍സാണ്. മൂന്നു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കമാണിത്.
മിച്ചെലാവട്ടെ 10 മല്‍സരങ്ങളില്‍ നിന്നും 552 റണ്‍സും സ്കോര്‍ ചെയ്തു. അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി മാറിയ രാഹുല്‍ ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 10 ഇന്നിങ്‌സുകളില്‍ നിന്നും 452 റണ്‍സാണ് രാഹുല്‍ കുറിച്ചത്. ഫൈനലില്‍ 66 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായതും അദ്ദേഹം തന്നെയാണ്.
ഐസിസി ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്ലുമാണ്. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ടൂര്‍ണമെന്റില്‍ ജഡ്ഡു 120 റണ്‍സും 16 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. മാക്‌സ്വെല്ലാവട്ടെ ഡബിള്‍ സെഞ്ച്വറിയടക്കം ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 400 റണ്‍സെടുത്തിരുന്നു. ബൗളിങില്‍ ആറു വിക്കറ്റുകളുമെടുത്തു.
ബൗളര്‍മാരായി ഇലവനില്‍ ഇടം പിടിച്ചത് ഇന്ത്യന്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്ക, ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ എന്നിവരാണ്. ഷമി 23 വിക്കറ്റുള്‍ ടൂര്‍ണമെന്റില്‍ വീഴ്ത്തിയപ്പോള്‍ സാംപ 23ഉം മധുഷങ്ക 21ഉം ബുംറ 20ഉം വിക്കറ്റുകളുമെടുത്തു.
ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റ്
ക്വിന്റണ്‍ ഡികോക്ക് (സൗത്താഫ്രിക്ക), രോഹിത് ശര്‍മ (ക്യാപ്റ്റന്‍, ഇന്ത്യ), വിരാട് കോലി (ഇന്ത്യ), ഡാരില്‍ മിച്ചെല്‍ (ന്യൂസിലാന്‍ഡ്), കെഎല്‍ രാഹുല്‍ (ഇന്ത്യ), ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ), രവീന്ദ്ര ജഡേജ (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ), ദില്‍ഷന്‍ മധുഷങ്ക (ശ്രീലങ്ക), ആദം സാംപ (ഓസ്‌ട്രേലിയ), മുഹമ്മദ് ഷമി (ഇന്ത്യ).