ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ പോരാട്ടത്തെക്കുറിച്ചു ചില വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. മുംബൈയിലെ വാംഖഡെയിലാണ് പകലും രാത്രിയുമായി സെമി പോര് നടക്കുന്നത്. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് സെമിക്ക് ഇന്ത്യ കച്ചമുറുക്കുന്നത്.
എന്നാല്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ന്യൂസിലാന്‍ഡിന്റെ സെമി പ്രവേശനം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരേ മുന്‍തൂക്കം ന്യൂസിലാന്‍ഡിനാണെങ്കിലും ഇന്ത്യ ഇത്തവണ ഇതു തിരുത്തുമെന്നാണ് ശ്രീയുടെ നിരീക്ഷണം.

ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലില്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍ രോഹിത് ശര്‍മയായിരിക്കും. ഏഷ്യാ കപ്പില്‍ അദ്ദേഹം ഗംഭീരമായ ഒരു ഇന്നിങ്‌സ് കളിച്ചിരുന്നു. നാളെ മുംബൈയിലെ വാംഖഡെയില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് രോഹിത് കളിക്കുമെന്നു ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ ഹോംഗ്രൗണ്ട് കൂടിയാണിത്.
ഇവിടെ രോഹിത് തയ്യാറായിരിക്കും, കാണികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ടാവുമെന്നു ശ്രീശാന്ത് വ്യക്തമാക്കി. 2011ലെ ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിച്ചിരുന്നതാണ്, പക്ഷെ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടില്ല. ഇക്കാര്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവുകയും ചെയ്യും.
സെമി ഫൈനലില്‍ ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് എന്റെ മനസ്സ് പറയുന്നത്. രോഹിത് വീണ്ടുമൊരു സെഞ്ച്വറി തന്റെ പേരില്‍ കുറിക്കുകയും അഹമ്മദാബാദിലെ ഫൈനലിലേക്കു ഇന്ത് മുന്നേറുകയും ചെയ്യും. ഒരു വലിയ സെഞ്ച്വറി തന്നെയായിരിക്കും അദ്ദേഹം നേടുകയെന്നും 2011ല്‍ ഇന്ത്യക്കൊപ്പം ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ 40കാരനായ ശ്രീശാന്ത് പറയുന്നു.
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ 600ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി രോഹിത് റണ്‍വേട്ടയില്‍ ഒന്നാമതെത്തിയിരുന്നു. ഇത്തവണയും അദ്ദേഹം പ്രകടനമാവര്‍ത്തിക്കുകയാണ്. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 55.89 ശരാശരിയില്‍ 121.50 സ്‌ട്രൈക്ക് റേറ്റില്‍ 503 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. വിരാട് കോലി കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും അദ്ദേഹം തന്നെയാണ്.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയ കെഎല്‍ രാഹുലിന്റെ പ്രകടനത്തെയും ശ്രീശാന്ത് പ്രശംസിച്ചു. നെതര്‍ലാന്‍ഡ്‌സുമാായുള്ള അവസാന ലീഗ് മല്‍സരത്തില്‍ ഇടിവെട്ട് സെഞ്ച്വറിയുമായി രാഹുല്‍ കസറുകയും ചെയ്തിരുന്നു.
ഈ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി രാഹുല്‍ വളരെ നന്നായിട്ടാണ് വിക്കറ്റ് കാത്തത്. നെതര്‍ലാന്‍ഡ്‌സിനെതിരേ വിരാട് കോലിയുടെ ബൗളിങില്‍ ലെഗ് സൈഡിലേക്കു പോയ ബോളില്‍ അദ്ദേഹമെടുത്ത ക്യാച്ച് മികച്ചതായിരുന്നു. ബാറ്റിങിനു ശേഷം വിക്കറ്റ് കാക്കുകയെന്നത് എളുപ്പമല്ല. വളരെ നന്നായി തന്നെയാണ് രാഹുല്‍ വിക്കറ്റ് കീപ്പിങ് ചെയ്തുകൊണ്ടിരിക്കുന്നത്.
ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറി അദ്ദേഹം കുറിക്കുകയും ചെയ്തു. ഫിഫ്റ്റി തികയ്ക്കുന്നതു വരെ വളരെ സാധാരണ രീതിയിലുള്ള ക്രിക്കറ്റായിരുന്നു രാഹുല്‍ അന്നു കളിച്ചത്. ശ്രേയസ് അയ്യര്‍ക്കു അദ്ദേഹം നല്ല പിന്തുണ നല്‍കുകയും ചെയ്തു.
വളരെ പോസിറ്റീവായ ബാറ്റിങായിരുന്നു ശ്രേയസ് കാഴ്ചവച്ചത്. ഫിഫ്റ്റി പിന്നിട്ടതിനു ശേഷം രാഹുല്‍ വളരെ ഫ്രീയായിട്ടാണ് ബാറ്റ് ചെയ്തത്. അദ്ദേഹം അതിവേഗം സെഞ്ച്വറിയിലേക്കു കുതിച്ചതായും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.