World Cup 2023: ഇത് അവസാന ലോകകപ്പ്, ഇനി ഇവര്‍ക്ക് സീറ്റില്ല! ബാല്യം ശേഷിക്കാത്ത താരങ്ങളിതാ
മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി വെറും നാല് ദിവസമാണ് ശേഷിക്കുന്നത്. അഞ്ചാം തീയ്യതി ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാവും വിശ്വകിരീട പോരാട്ടങ്ങള്‍ ആരംഭിക്കുക. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും ലോകകപ്പ് എത്തുന്നത്. അവസാന രണ്ട് ലോകകപ്പും ആതിഥേയ രാജ്യങ്ങളാണ് ജയിച്ചത്. ഈ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
എന്നാല്‍ തട്ടകത്തിന്റെ ആധിപത്യം ഇന്ത്യയെ കാര്യമായി തുണച്ചേക്കില്ല. മിക്ക ടീമുകള്‍ക്കും ഐപിഎല്ലിലൂടെ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്ത് അവകാശപ്പെടാനാവും. അതുകൊണ്ടുതന്നെ ആതിഥേയരെന്ന നിലയില്‍ വലിയ മുന്‍തൂക്കം ഇന്ത്യ പ്രതീക്ഷിക്കേണ്ട. ഇത്തവണത്തെ ലോകകപ്പ് ചില സൂപ്പര്‍ താരങ്ങളുടെ കരിയറിലെ അവസാന ലോകകപ്പായി മാറാന്‍ സാധ്യതയുണ്ട്. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ഇവര്‍ക്ക് ഭാഗ്യമുണ്ടായേക്കില്ല. ഇത്തരത്തില്‍ വിരമിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം ഇന്ത്യയുടെ രോഹിത് ശര്‍മയാണ്. വെടിക്കെട്ട് ഓപ്പണറും ഇന്ത്യയുടെ നായകനുമായ രോഹിത് ശര്‍മക്ക് ഇനിയൊരു ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കില്ല. ഇതിനോടകം ടി20 പദ്ധതികളില്‍ നിന്ന് പുറത്തുള്ള രോഹിത് ഏകദിന ലോകകപ്പിന് ശേഷം അധികം വൈകാതെ വഴിമാറാനുള്ള സാധ്യതയാണ് കൂടുതല്‍. ഉയര്‍ന്ന ഫിറ്റ്‌നസ് അവകാശപ്പെടാനാവാത്ത താരമാണ് രോഹിത്. 36 കാരനായ രോഹിത് അുത്ത വര്‍ഷം ടി20 ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ രോഹിത്തിനെ ഇന്ത്യ ഇനി ടി20 കളിപ്പിക്കാന്‍ സാധ്യതയില്ല. ഇത്തവണത്തെ ഏകദിന ലോകകപ്പ് കിരീടം നേടാന്‍ രണ്ട് വര്‍ഷമെങ്കിലും രോഹിത് കളി തുടര്‍ന്നേക്കും. എങ്കിലും ഇനിയൊരു ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കില്ല. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓപ്പണറായ ഡേവിഡ് വാര്‍ണറാണ് മറ്റൊരാള്‍. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് പല തവണ വാര്‍ണര്‍ സൂചന നല്‍കിയിട്ടുണ്ട്. കരിയര്‍ പോലെ തന്നെ കുടുംബത്തിനും വലിയ പ്രാധാന്യം നല്‍കുന്ന കളിക്കാരനാണ് വാര്‍ണര്‍.

അതുകൊണ്ടുതന്നെ വിരമിക്കലിനെക്കുറിച്ച് വാര്‍ണര്‍ കാര്യമായി ചിന്തിച്ചേക്കും. 2019ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ റണ്‍വേട്ടക്കാരില്‍ വാര്‍ണറായിരുന്നു തലപ്പത്ത്. ഇതേ ഫോം ഇത്തവണയും നിലനിര്‍ത്താന്‍ വാര്‍ണര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മൂന്നാമത്തെ താരം ആര്‍ അശ്വിനാണ്. ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നറായ അശ്വിന് ഏകദിന ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയത് തന്നെ യാദൃശ്ചികമായാണ്.
പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം അശ്വിനെ ഇന്ത്യ ടീമിലേക്കെത്തിക്കുകയായിരുന്നു. 2011, 2015 ഏകദിന ലോകകപ്പ് ടീമിന്റെ ഭാഗമായ അശ്വിന് 2019ലെ ലോകകപ്പില്‍ ഇടം നേടാനായില്ല. എന്നാല്‍ 2023ല്‍ വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിന് മുമ്പ് ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അശ്വിന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതാരങ്ങള്‍ കാത്തുനില്‍ക്കവെ പരിമിത ഓവറില്‍ ഇനിയും അശ്വിന് സീറ്റ് ലഭിച്ചേക്കില്ല.
ബംഗ്ലാദേശ് നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷക്കീബ് അല്‍ ഹസനും തന്റെ അവസാന ലോകകപ്പാണ് കളിക്കുന്നത്. ഇത്തവണ തന്റെ അഞ്ചാമത്തെ ഏകദിന ലോകകപ്പാണ് ഷക്കീബ് കളിക്കുന്നത്. 2007, 2011, 2015, 2019 ലോകകപ്പുകളില്‍ ഇതിനോടകം താരം കളിച്ച് കഴിഞ്ഞു. 2019ലെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ ഷക്കീബ് തിളങ്ങിയിരുന്നു. മികച്ച താരമാണെങ്കിലും വിവാദങ്ങള്‍ സൃഷ്ടിക്കുന്നയാളാണ് ഷക്കീബ്.
ഇത്തവണത്തെ ലോകകപ്പോടെ ഷക്കീബ് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സും ലോകകപ്പോടെ പടിയിറങ്ങുമെന്ന കാര്യം ഉറപ്പാണ്. ഏകദിന ലോകകപ്പിന് മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് സ്റ്റോക്‌സ്. പിന്നീട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം ഏകദിന ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുകയായിരുന്നു. ടെസ്റ്റ് നായകനായ സ്‌റ്റോക്‌സ് ലോകകപ്പിന് പിന്നാലെ തന്നെ പരിമിത ഓവര്‍ മതിയാക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications