ആധുനിക ക്രിക്കറ്റില സിക്‌സര്‍ വീരനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സുകളെന്ന ലോക റെക്കോര്‍ഡിനു കൈയെത്തുംദൂരത്തു നില്‍ക്കുകയാണ് ഹിറ്റ്മാന്‍. അടുത്തയാഴ്ച ആരംഭിക്കുന്ന ലോകകപ്പില്‍ അദ്ദേഹം ചരിത്രം തിരുത്തുമെന്നും ലോക റെക്കോര്‍ഡിന്റെ പുതിയ അവകാശിയായി മാറുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതിനിടെ സിക്‌സറിന്റെ കാര്യത്തില്‍ വിചിത്രമായ ഒരു നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുകയാണ് അദ്ദേഹം. സിക്‌സറിനു ഇനി ആറു റണ്‍സ് പോരെന്നും നിയമത്തില്‍ മാറ്റം വരുത്തുകയും ദൈര്‍ഘ്യമനുസരിച്ച് വ്യത്യസ്ത റണ്‍സ് അനുവദിക്കണമെന്നുമാണ് രോഹിത് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിനു അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഹിറ്റ്മാന്‍ വിചിത്രമായ നിര്‍ദേശം മുന്നോട്ടുവച്ചത്. ക്രിക്കറ്റിനെ കൂടുതല്‍ രസകരമാക്കുന്നതിനു വേണ്ടി പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നൊരു നിയമം എന്തായിരിക്കുമെന്നായിരുന്നു രോഹിത്തിനോടു വിമല്‍ കുമാറിന്റെ ചോദ്യം.
ഇതിനു മറുപടിയായിട്ടായിരുന്നു സിക്‌സറിനെക്കുറിച്ചുള്ള ഇന്ത്യന്‍ നായകന്റെ രസകരമായ നിര്‍ദേശം വന്നത്. പല ദൈര്‍ഘ്യത്തിലുള്ള സിക്‌സറുകള്‍ ബാറ്റര്‍മാര്‍ നേടുന്നതിനാല്‍ എല്ലാത്തിനും ആറു റണ്‍സ് തന്നെ അനുവദിക്കുന്നതു ശരിയല്ലെന്നും വലിയ ഷോട്ടുകള്‍ക്കു അര്‍ഹിച്ച അംഗീകാരം നല്‍കണമെന്നുമാണ് രോഹിത്തിന്റെ അഭിപ്രായം.
ബാറ്റര്‍ 90 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു സിക്‌സറടിക്കുകയാണെങ്കില്‍ അതിനു ആറിനു പകരം എട്ടു റണ്‍സ് നല്‍കണം. എന്നാല്‍ 100 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറുകളടിച്ചാല്‍ അതിനു 10 റണ്‍സും നല്‍കേണ്ടതുണ്ട്. ക്രിസ് ഗെയ്‌ലിനെപ്പോലെയുള്ള ആളുകള്‍ 100 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറുകള്‍ തമാശയ്ക്കായി പായിച്ചിട്ടും അതിനു ആറു റണ്‍സ് മാത്രം നല്‍കുന്നത് അല്‍പ്പം നീതികേടാണെന്നും രോഹിത് വിശദമാക്കി.
യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസമായ ഗെയ്ല്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ സിക്‌സര്‍ വീരന്‍ കൂടിയാണ്. ഒരിക്കലും തകരില്ലെന്നു കരുതപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ലോക റെക്കോര്‍ഡിനു കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് രോഹിത്.
മൂന്നു ഫോര്‍മാറ്റുകളിലുമായി 553 സിക്‌സറുകള്‍ വാരിക്കൂട്ടിയാണ് സിക്‌സര്‍ വേട്ടയില്‍ ഗെയ്ല്‍ തലപ്പത്തുള്ളത്. 551 സിക്‌സറുകളുമായി ഹിറ്റ്മാന്‍ തൊട്ടരികിലുണ്ട്. ഒക്ടോബര്‍ എട്ടിനു നടക്കാനിരിക്കുന്ന ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ മൂന്നു സിക്‌സറുകളടിച്ച് ഗെയ്‌ലിന്റെ റെക്കോര്‍ഡ് രോഹിത് തകര്‍ത്തേക്കും.

എട്ടു സിക്‌സറുകളായിരുന്നു ഗെയ്‌ലിനെ പിന്നിലാക്കാന്‍ രോഹിത്തിനു ഏഷ്യാ കപ്പിനു ശേഷം വേണ്ടിയിരുന്നത്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ മല്‍സരവും കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അദ്ദേഹത്തിനു അതു സാധിക്കുമായിരുന്നു.
എന്നാല്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും വിശ്രമം അനുവദിക്കപ്പെട്ട രോഹിത് അവസാന കളിയില്‍ ടീമില്‍ തിരികെയെത്തുകയായിരുന്നു. ഈ മല്‍സരത്തില്‍ തീപ്പൊരി ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം വാരിക്കൂട്ടിയത് ആറു സിക്‌സറുകളായിരുന്നു. ഇതോടെ അതിവേഗം 550 സിക്‌സറുകളടിച്ച താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കിയിരുന്നു.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.