അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലിലെ ഇന്ത്യയുടെ തോല്‍വി വലിയ നിരാശയിലേക്കാണ് ടീമിനെ തള്ളിവിട്ടിരിക്കുന്നത്. തട്ടകത്തിന്റെ ആധിപത്യവും മികച്ച താരനിരയും ഉണ്ടായിട്ടും കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നപ്പോള്‍ 240 എന്ന ചെറിയ സ്‌കോറിലേക്ക് ആതിഥേയര്‍ ഒതുങ്ങി. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു.
നായകനെന്ന നിലയില്‍ രോഹിത്തിന്റെ തന്ത്രങ്ങളെല്ലാം പാളി. ഫൈനലില്‍ രോഹിത്തിന് തൊട്ടതെല്ലാം പിഴച്ചതോടെ വലിയ വിമര്‍ശനവും നേരിടേണ്ടി വന്നിരിക്കുകയാണ്. ഇതോടെ രോഹിത് ശര്‍മ നായകസ്ഥാനം ഒഴിയുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഫൈനലിലെ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രോഹിത്തിന് മാറി നില്‍ക്കാനാവില്ല. രോഹിത് പടിയിറങ്ങുമ്പോള്‍ പകരം ആരാവും നായകനാവുക? ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിക്കൊരുങ്ങുകയാണെന്നാണ് വിവരം.
ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയെ കെ എല്‍ രാഹുല്‍ നയിക്കുമെന്നാണ് സൂചന. നിലവിലെ ഇന്ത്യയുടെ പദ്ധതികള്‍ പ്രകാരം ഏകദിനത്തിലും ടെസ്റ്റിലും സ്ഥാനമുള്ള സീനിയറായിട്ടുള്ള താരം രാഹുലാണ്. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് രാഹുല്‍. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍ നായകനായി രാഹുലിനെ പരിഗണിക്കാന്‍ സാധിക്കും. എന്നാല്‍ ടി20യില്‍ രാഹുലിനെ ക്യാപ്റ്റനാക്കിയേക്കില്ല.
പകരം ടി20 നായകസ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയായിരിക്കുമുണ്ടാവുക. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് കീഴിലാവും ഇന്ത്യ പദ്ധതികള്‍ തയ്യാറാക്കുക. ഐപിഎല്ലില്‍ ഗുജറാത്ത് നായകനായ ഹാര്‍ദിക് ഇതിനോടകം ടീമിനെ കിരീടത്തിലേക്കെത്തിച്ചിട്ടുണ്ട്. മികച്ച പദ്ധതികളുള്ള ക്യാപ്റ്റനാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ ടി20 നായകസ്ഥാനം ഹാര്‍ദിക് ഉറപ്പിച്ചു. എന്നാല്‍ ഏകദിനത്തില്‍ ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുക ബുദ്ധിമുട്ടാണ്.

ഇടക്കിടെ പരിക്കേല്‍ക്കുന്ന താരമാണ് ഹാര്‍ദിക്. ഏറെ നാളുകളായി പുറം വേദന അലട്ടുന്ന ഹാര്‍ദിക്കിന് ലോകകപ്പിനിടെ കാല്‍ക്കുഴക്കും പരിക്കേറ്റിരുന്നു. ഫൈനലില്‍ ഇന്ത്യ ഏറ്റവും മിസ് ചെയ്ത് താരങ്ങളിലൊരാള്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഹാര്‍ദിക്കിനെപ്പോലൊരു ഓള്‍റൗണ്ടറുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം ഇന്ത്യക്ക് അനുകൂലമായി മാറുമായിരുന്നു. നിലവിലെ ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് പരിഗണിക്കുമ്പോള്‍ ടി20യില്‍ മാത്രം അദ്ദേഹത്തിന് നായകസ്ഥാനം നല്‍കാനാണ് സാധ്യത.
കെ എല്‍ രാഹുലിന് നായകസ്ഥാനത്തേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാഹുല്‍ അത്ര മികച്ച നായകനല്ല. അതുകൊണ്ടുതന്നെ രാഹുലിന് വലിയ ഭാവി ക്യാപ്റ്റന്‍സിയില്‍ കാണുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുത്ത് റിഷഭ് പന്ത് തിരിച്ചെത്തുമ്പോള്‍ ഇന്ത്യ നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കും. ടെസ്റ്റ്, ഏകദിന നായകസ്ഥാനത്ത് ശോഭിക്കാന്‍ റിഷഭിനായേക്കും. എന്നാല്‍ ടി20യില്‍ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവില്ല.
റിഷഭ് അടുത്ത ഐപിഎല്ലിലൂടെ തിരിച്ചെത്തുമെന്നാണ് വിവരം. എന്തായാലും ഇന്ത്യ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരേണ്ടി വരുമെന്നുറപ്പാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കളിക്കുന്ന നായകസ്ഥാനം ഏല്‍പ്പിച്ചുകൊടുക്കാന്‍ സാധിക്കുന്ന താരം നിലവില്‍ ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ടുതന്നെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി എന്ന രീതി ഇന്ത്യയും പിന്തുടരാന്‍ നിര്‍ബന്ധിതരാവും. ഇന്ത്യന്‍ ടീം വലിയ താല്‍പര്യം കാട്ടാത്ത ക്യാപ്റ്റന്‍സി രീതിയാണിത്.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യയുടെ പടിയിറങ്ങിയേക്കും. ഈ ലോകകപ്പോടെ ദ്രാവിഡിന്റെ കരാര്‍ കാലാവധി അവസാനിച്ചിരുന്നു. ഇനി കരാര്‍ പുതുക്കാനില്ലെന്ന സൂചനയാണ് ദ്രാവിഡ് നല്‍കിയത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പുതിയ പരിശീലകനും എത്തിയേക്കും. ഇന്ത്യക്ക് വിദേശ പരിശീലകനെ കൊണ്ടുവരുന്നതാവും കൂടുതല്‍ നന്നാവുക. വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകളെല്ലാം ഇന്ത്യക്ക് പുറത്താണ്. അതുകൊണ്ടുതന്നെ മികച്ചൊരു വിദേശ പരിശീലകനെ കൊണ്ടുവരാതെ ഇന്ത്യക്ക് രക്ഷയില്ലെന്നതാണ് വസ്തുത.