ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒക്ടോബര്‍ എട്ടിനു ഓസ്‌ട്രേലിയയുമായുള്ള ആദ്യ മല്‍സരത്തിലാണ് ലോക റെക്കോര്‍ഡ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ലോക റെക്കോര്‍ഡിന് കൈയെത്തുംദൂരത്താണ് രോഹിത്. നിലവില്‍ ഈ റെക്കോര്‍ഡ് രണ്ടു മുന്‍ ഇതിഹാസ താരങ്ങള്‍ ചേര്‍ന്നു പങ്കിടുകയാണ്. ഒരാള്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണെങ്കില്‍ മറ്റൊരാള്‍ സൗത്താഫ്രിക്കയുടെ 360 ബാറ്ററായിരുന്ന എബി ഡിവില്ലിയേഴ്‌സാണ്.

ലോകകപ്പില്‍ 20 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇരുവരും 1000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇവരുടെ ലോക റെക്കോര്‍ഡാണ് രോഹിത് തകര്‍ക്കാന്‍ കച്ചമുറുക്കുന്നത്. നിലവില്‍ 17 ലോകകപ്പ് ഇന്നിങ്‌സുകളില്‍ നിന്നും 978 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഹിറ്റ്മാനെക്കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും ലോക റെക്കോര്‍ഡ് കാത്തിരിക്കുന്നുണ്ട്. ഇവരില്‍ ആരാവും റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കുകയെന്നാണ് അറിയേണ്ടത്.
വാര്‍ണര്‍ 18 ഇന്നിങ്‌സുകളില്‍ നിന്നും നേടിയിരിക്കുന്നത് 992 റണ്‍സാണ്. വെറും എട്ടു റണ്‍സെടുത്താല്‍ അദ്ദേഹം 1000 റണ്‍സെന്ന നാഴികക്കല്ലിലെത്തും. രോഹിത്തിന് 1000 തികയ്ക്കാന്‍ വേണ്ടത് 22 റണ്‍സുമാണ്. ലോകകപ്പിലെ ആദ്യ പോരാട്ടം ഇന്ത്യയും ഓസീസും തമ്മിലായതിനാല്‍ തന്നെ ആരാവും ലോക റെക്കോര്‍ഡ് തങ്ങളുടെ പേരിലാക്കുകയെന്നാണ് അറിയേണ്ടത്. വാര്‍ണറേക്കാള്‍ ഒരു മല്‍സരം കുറച്ചു മാത്രമേ കളിച്ചിട്ടുള്ളൂവെന്നതാണ് ഹിറ്റ്മാന്റെ പ്ലസ് പോയിന്റ്.
ആദ്യ കളിയില്‍ രോഹിത്തിന് 22 റണ്‍സ് നേടാന്‍ കഴിയാതെ പോവുകയും വാര്‍ണര്‍ എട്ടു റണ്ണെടുക്കുകയും ചെയ്താല്‍ അദ്ദേഹം ലോക റെക്കോര്‍ഡിന്റെ അവകാശിയാവും. പക്ഷെ ലോകകപ്പിലെ ആദ്യത്തെ രണ്ടു കളിയില്‍ നിന്നും 22 റണ്‍സ് നേടിയാല്‍ രോഹിത്തിനു വാര്‍ണറുടെ (19 ഇന്നിങ്‌സ്) ലോക റെക്കോര്‍ഡിനൊപ്പമെത്താം. പക്ഷെ വാര്‍ണറുടെ നേട്ടത്തിനൊപ്പം എത്താനായിരിക്കില്ല, മറിച്ച് ലോക റെക്കോര്‍ഡ് സ്വന്തം പേരില്‍ മാത്രമാക്കി മാറ്റാനായിരിക്കും രോഹിത്തിന്റെ ശ്രമം.
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാനത്തെ ഏകദിന ലോകകപ്പില്‍ മാജിക്കല്‍ ബാറ്റിങ് പ്രകടനമായിരുന്നു രോഹിത് കാഴ്ചവച്ചത്. റണ്‍മഴ പെയ്യിച്ച അദ്ദേഹം നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കുകയും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറുകയും ചെയ്തിരുന്നു.

ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 81 ശരാശരിയില്‍ രോഹിത് വാരിക്കൂട്ടിയത് 648 റണ്‍സായിരുന്നു. അഞ്ചു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമായിരുന്നു ഇത്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ അഞ്ചു സെഞ്ച്വറികളടിച്ച ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡും അന്നു രോഹിത്തിനെ തേടിയെത്തിയിരുന്നു.
ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവിക്കായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു രോഹിത്തും വാര്‍ണറും തമ്മില്‍ നടന്നത്. ഒടുവില്‍ ഫോട്ടോഫിനിഷില്‍ വാര്‍ണറെ ഹിറ്റ്മാന്‍ പിന്തള്ളുകയായിരുന്നു. വെറുമൊരു റണ്‍സിന്റെ വ്യത്യാസത്തിലാണ് അന്നു രോഹിത് തലപ്പത്തെത്തിയത്. 647 റണ്‍സുമായി വാര്‍ണര്‍ രണ്ടാമനായി.
ഓസ്‌ട്രേലിയക്കു വേണ്ടി 10 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 71.88 ശരാശരിയിലാണ് മൂന്നു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം വാര്‍ണര്‍ 647 റണ്‍സ് സ്‌കോര്‍ ചെയ്തത്. ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ (606 റണ്‍സ്), ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (578), ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (556) എന്നിവരായിരുന്നു മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലെത്തിയത്.