അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനല്‍ ഇന്ന് അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. ആതിഥേയരായ ഇന്ത്യയും മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കലാശപ്പോരാട്ടത്തില്‍ തീപാറുമെന്നുറപ്പ്. സാധ്യതകളില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കാനും ഇന്ത്യക്കായിരുന്നു. ഈ നേട്ടം ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പല വമ്പന്‍ റെക്കോഡുകളും നാഴികക്കല്ലുകളും കലാശപ്പോരാട്ടത്തില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ കാത്ത് ചരിത്ര നേട്ടമാണുള്ളത്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡില്‍ ഒന്നാമനാവാനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്. 2019ലെ ലോകകപ്പില്‍ 578 റണ്‍സ് നേടിയ ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസനാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.
ഇത്തവണത്തെ ലോകകപ്പില്‍ 550 റണ്‍സ് രോഹിത് നേടിക്കഴിഞ്ഞു. ഫൈനലില്‍ 29 റണ്‍സ് നേടിയാല്‍ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ രോഹിത് ശര്‍മക്കാവും. നായകനെന്ന നിലയില്‍ 11 തുടര്‍ ജയങ്ങള്‍ ലോകകപ്പില്‍ നേടിക്കൊടുക്കുന്ന ക്യാപ്റ്റനാവാനുള്ള അവസരവും രോഹിത്തിന് മുന്നിലുണ്ട്. നിലവില്‍ 10 തുടര്‍ ജയം നേടിക്കൊടുക്കാന്‍ രോഹിത്തിനായി. ഫൈനലിലും ജയിച്ചാല്‍ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്തിനാവും.
2003, 2007ലോകകപ്പുകളില്‍ തോല്‍വി അറിയാതെയാണ് ഓസ്‌ട്രേലിയ കിരീടത്തിലേക്കെത്തിയത്. ഇത്തവണ ഇന്ത്യക്ക് കിരീടം നേടാനായാല്‍ ഒരു ലോകകപ്പില്‍ തോല്‍വി അറിയാതെ കൂടുതല്‍ ജയമെന്ന നേട്ടത്തിലേക്ക് ഇന്ത്യക്കുമെത്താനാവും. ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി ഇത്തവണത്തെ ലോകകപ്പില്‍ മിന്നും ഫോമിലാണ്. 711 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ തലപ്പത്ത് കോലിയാണ്. ഏകദിന ലോകകപ്പിലെ കോലിയുടെ ഇതുവരെയുള്ള റണ്‍സ് 1741 റണ്‍സാണ്.

മൂന്ന് റണ്‍സ് കൂടി നേടിയാല്‍ റിക്കി പോണ്ടിങ്ങിനെ (1743) മറികടന്ന് ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ കോലിക്ക് സാധിക്കും. നിലവിലെ ഫോമില്‍ അനായാസമായിത്തന്നെ കോലി ഈ നേട്ടം സ്വന്തമാക്കാനാണ് സാധ്യത. ഫൈനലില്‍ കോലി മികവ് കാട്ടേണ്ടത് ഇന്ത്യക്ക് വളരെ അത്യാവശ്യമാണ്. ഇന്ത്യയുടെ സ്പിന് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയും വലിയൊരു നാഴികക്കല്ലില്‍ പേരുചേര്‍ക്കാന്‍ കാത്തിരിക്കുകയാണ്.
മൂന്ന് വിക്കറ്റുകള്‍ നേടിയാല്‍ ലോകകപ്പില്‍ 30 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ജഡേജക്കാവും. ഇതോടെ ലോകകപ്പില്‍ 30 വിക്കറ്റ് നേട്ടത്തിലെത്തുന്ന നാലാമത്തെ സ്പിന്നറായി മാറാന്‍ ജഡേജക്കാവും. ഷക്കീബ് അല്‍ ഹസന്‍ (43), ഡാനിയര്‍ വെട്ടോറി (36), ബ്രാഡ് ഹോഗ് (34) എന്നിവരാണ് ഈ പട്ടികയില്‍ ജഡേജക്ക് മുന്നിലുള്ളത്. ഇത്തവണ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനാവാന്‍ മുഹമ്മദ് ഷമിയും ആദം സാംബയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
രണ്ട് പേരും ഫൈനലിലൂടെ 25 വിക്കറ്റുകള്‍ മറികടന്നാല്‍ അത് ചരിത്രമാവും. ഒരു ലോകകപ്പില്‍ രണ്ട് ബൗളര്‍മാര്‍ 25 ലധികം വിക്കറ്റ് ഇതുവരെ നേടിയിട്ടില്ല. എന്നാല്‍ ഈ ചരിത്ര നേട്ടത്തിലേക്കെത്താനുള്ള അവസരമാണ് ഷമിയേയും സാംബയേയും കാത്തിരിക്കുന്നത്. അഹമ്മദാബാദില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത കൂടുതല്‍. ആദ്യം ബാറ്റു ചെയ്യുന്ന ടീം 300ലധികം റണ്‍സ് നേടിയാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ജയിക്കാന്‍ പ്രയാസമാവുമെന്ന് പിച്ച് ക്യൂറേറ്റര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാവും. 2011ന് ശേഷം ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് നേടുമോ അതോ ഓസ്‌ട്രേലിയ ആറാം ഏകദിന ലോകകപ്പ് കിരീടം അലമാരയിലെത്തിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.