For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഹിറ്റ്മാന്‍ ഷോ, അഫ്ഗാന്‍ 'തവിടുപൊടി'! വമ്പന്‍ ജയത്തോടെ ഇന്ത്യ മുന്നോട്ട്

ഡല്‍ഹി: ഏകദിന ലോകകപ്പ് കിരീട പ്രതീക്ഷ കാത്ത് ഇന്ത്യ മുന്നോട്ട്. അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടിയപ്പോള്‍ 35 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ജസ്പ്രീത് ബുംറയുടെ നാല് വിക്കറ്റ് പ്രകടനവും രോഹിത് ശര്‍മയുടെ (131) തകര്‍പ്പന്‍ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് ഗംഭീര ജയമൊരുക്കിയത്. വിരാട് കോലി (55*) ഫിഫ്റ്റി നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം മികച്ചതായിരുന്നില്ല. ഒന്നാം വിക്കറ്റില്‍ 32 റണ്‍സായപ്പോള്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാനെ (22) ജസ്പ്രീത് ബുംറ പുറത്താക്കി. 4 ബൗണ്ടറി നേടി അപകടകാരിയായി മാറിയ സദ്രാനെ ബുംറ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. മറ്റൊരു ഓപ്പണറായ റഹ്‌മാനുല്ല ഗുര്‍ബാസിനെ (21) ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ മികവിലേക്കെത്തിയ റഹ്‌മാനുല്ലയെ ബൗണ്ടറി ലൈനിനരികെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ശാര്‍ദ്ദുല്‍ മടക്കിയത്.

റഹ്‌മത്ത് ഷായെ (1) ശാര്‍ദ്ദുല്‍ എല്‍ബിയിലും കുടുക്കിയതോടെ 3 വിക്കറ്റിന് 63 എന്ന നിലയിലേക്ക് അഫ്ഗാന്‍ പരുങ്ങി. എന്നാല്‍ നാലാം വിക്കറ്റിലെ നായകന്‍ ഹഷ്മത്തുല്ല ഷാഹിദിയുടേയും (80) അസ്മത്തുല്ല ഒമര്‍സായിയുടേയും (62) കൂട്ടുകെട്ട് അഫ്ഗാന് അടിത്തറ പാകി.

121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം ഒമര്‍സായിയെ പുറത്താക്കി ഹാര്‍ദിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. 69 പന്ത് നേരിട്ട് 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 62 റണ്‍സ് നേടിയ ഒമര്‍സായിയെ ഹാര്‍ദിക് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.

ഒരുവശത്ത് സെഞ്ച്വറി പ്രതീക്ഷ നല്‍കിയ നായകന്‍ ഷഹീദിയെ കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കി. 88 പന്ത് നേരിട്ട് 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ഷാഹിദി തിളങ്ങിയത്. പിന്നാലെ വന്നവരെല്ലാം നിര്‍ണ്ണായക റണ്‍സ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തു.

മുഹമ്മദ് നബി (19), നജീബുല്ല സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവരെല്ലാം മടങ്ങിയപ്പോള്‍ മുജീബുര്‍ റഹ്‌മാന്‍ (10), നവീന്‍ ഉല്‍ ഹഖ് (9) എന്നിവര്‍ പുറത്താവാതെയും നിന്നു. ഇതോടെ 50 ഓവറില്‍ 8 വിക്കറ്റിന് 272 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താനും അഫ്ഗാനായി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 4 വിക്കറ്റും ഹാര്‍ദിക് 2 വിക്കറ്റും ശാര്‍ദ്ദുല്‍, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

rohit sharma, ishan kishan

മറുപടിക്കിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്വപ്‌ന തുല്യമായ തുടക്കമാണ് നല്‍കിയത്. രോഹിത് ശര്‍മ കടന്നാക്രമിച്ച് മുന്നേറിയതോടെ നിരവധി റെക്കോഡുകളും തകര്‍ന്നു. ഏകദിനത്തില്‍ വേഗത്തില്‍ 1000 റണ്‍സ് എന്ന റെക്കോഡ് സ്വന്തമാക്കിയ രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിലെ സിക്‌സര്‍ വേട്ടക്കാരനിലും തലപ്പത്തേക്കെത്തി. ക്രിസ് ഗെയ്‌ലിന്റെ 543 സിക്‌സര്‍ റെക്കോഡിനെയാണ് രോഹിത് മറികടന്നത്.

ഏകദിന ലോകകപ്പിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറി നേടിയ രോഹിത് സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡിലും പേരുചേര്‍ത്തു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 156ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് ഇഷാന്‍ കിഷനെ നഷ്ടമായി. 47 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സ് നേടിയ ഇഷാനെ റാഷിദ് ഖാനാണ് പുറത്താക്കിയത്.

പിന്നാലെയെത്തിയ വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് ആക്രമണം തുടര്‍ന്നു. 84 പന്ത് നേരിട്ട് 16 ഫോറും 5 സിക്‌സും പറത്തിയ രോഹിത് ശര്‍മ റാഷിദ് ഖാന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യ 205ലേക്കെത്തിയിരുന്നു. 155.95 സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത്തിന്റെ പ്രകടനം.

പിന്നാലെയൊത്തു കൂടിയ വിരാട് കോലിയും (55*) ശ്രേയസ് അയ്യരും (25*) ചേര്‍ന്ന് കൂടുതല്‍ അപകടകമില്ലാതെ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. കോലി 56 പന്ത് നേരിട്ട് 6 ബൗണ്ടറി പറത്തിയപ്പോള്‍ ശ്രേയസ് 23 പന്ത് നേരിട്ട് ഓരോ സിക്‌സും ഫോറും സ്വന്തമാക്കി.

പ്ലേയിങ് 11: ഇന്ത്യ-രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

അഫ്ഗാനിസ്ഥാന്‍ - റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുല്ല ഷഹീദി (c), മുഹമ്മദ് നബി, നജീബുല്ല സദ്രാന്‍, അസ്മത്തുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉല്‍ ഹഖ്

Story first published: Wednesday, October 11, 2023, 12:21 [IST]
Other articles published on Oct 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+