ധരംശാല: ഏകദിന ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടുകയാണ്. 2003മുതലുള്ള കണക്ക് പ്രകാരം ഐസിസി ടൂര്‍ണമെന്റില്‍ ഒരു തവണ പോലും ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല. 20 വര്‍ഷത്തെ ചരിത്രം തിരുത്തി സ്വപ്‌ന ജയം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണ തട്ടകത്തിലിറങ്ങിയത്. ടോസ് ഇന്ത്യക്ക് അനുകൂലമായതോടെ റണ്‍സ് പിന്തുടരാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ആദ്യ നാല് മത്സരത്തിലും ഇന്ത്യ റണ്‍സ് പിന്തുടര്‍ന്നാണ് ജയിച്ചത്.
ന്യൂസീലന്‍ഡിന്റെ ഓപ്പണര്‍മാരെ തുടക്കത്തിലേ മടക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ മത്സരത്തിന്റെ തുടക്കം തന്നെ വലിയ മണ്ടത്തരം കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അനുഭവസമ്പന്നനായ നായകനായിരുന്നിട്ടും തുടക്കത്തിലേ തന്നെ റിവ്യൂ പാഴാക്കിയിരിക്കുകയാണ് രോഹിത്. തീര്‍ത്തും അനാവശ്യമായി റിവ്യൂവെടുത്താണ് രോഹിത് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. മുന്‍ ഇന്ത്യന്‍ താരവും മുന്‍ പരിശീലകനുമായ രവി ശാസ്ത്രിയും മുന്‍ താരം ദിനേഷ് കാര്‍ത്തികുമെല്ലാം രോഹിത്തിനെ വിമര്‍ശിച്ചിരിക്കുകയാണ്.
'രോഹിത്തെടുത്ത ഏറ്റവും മോശം റിവ്യൂ തീരുമാനമാണിത്. ഇക്കാര്യത്തില്‍ എംഎസ് ധോണിയാണ് ഏറ്റവും ബെസ്റ്റ്' എന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. മത്സരത്തിന്റെ അഞ്ചാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിത്തിന് വലിയ പിഴവ് സംഭവിച്ചത്. രചിന്‍ രവീന്ദ്രക്കെതിരേ ജസ്പ്രീത് ബുംറയെറിഞ്ഞ പന്ത് ഫ്‌ളിക്ക് ചെയ്യാനുള്ള രചിന്റെ ശ്രമം പാളി. പന്ത് പാഡിലടിച്ച് സ്‌ക്വയര്‍ ലെഗിലേക്ക് പോയി. ലെഗ് സൈഡ് ദിശയിലേക്കാണ് പന്ത് പോയതെന്ന് വ്യക്തം.
ഇന്ത്യ വിക്കറ്റ് ഉറപ്പുള്ളതുപോലെ അപ്പീല്‍ പോലും ചെയ്തില്ലെങ്കിലും നായകന്‍ രോഹിത് ശര്‍മ റിവ്യൂവെടുത്തു. ടിവി അംപയറുടെ പരിശോധനയില്‍ പന്ത് ലെഗ് സൈഡിനും പുറത്തേക്കാണ് പോകുന്നതെന്ന് വ്യക്തമായി. തുടക്കത്തിലേ തന്നെ വിക്കറ്റ് നേടി ന്യൂസീലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് കരുതിയാവും രോഹിത് റിവ്യൂ ചെയ്തതെങ്കിലും ഇത് തെറ്റായ തീരുമാനമായി. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വിലപ്പെട്ട റിവ്യൂവാണ് തുടക്കത്തിലേ നഷ്ടമായത്.

പന്ത് ലെഗ് സൈഡിലാണെന്ന് വ്യക്തമായിട്ടും രോഹിത് എന്തിനാണ് സാഹസം കാട്ടിയതെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യയില്‍ ഡിആര്‍എസ് എന്നാല്‍ 'ധോണി റിവ്യൂ സിസ്റ്റം' എന്നാണെന്നാണ് ദിനേഷ് കാര്‍ത്തിക് പ്രതികരിച്ചത്. രോഹിത് ഡിആര്‍എസ് എടുക്കുന്നതില്‍ അധികം പിഴവ് വരുത്തുന്ന നായകനല്ല. അനാവശ്യ റിവ്യൂ ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന നായകന്മാരിലൊരാളാണ് രോഹിത്. എന്നാല്‍ ഇത്തവണത്തെ തീരുമാനം തീര്‍ത്തും തെറ്റായിപ്പോയി.
രോഹിത്തിനെ കൃത്യമായി തിരുത്താന്‍ ആരും തയ്യാറാകാത്തതിനാല്‍ റിവ്യൂ തീരുമാനത്തില്‍ രോഹിത്തിനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കിവീസിനെ വിറപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ന്യൂസീലന്‍ഡിന്റെ വിശ്വസ്തനായ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ 9 പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് കോണ്‍വേ മടങ്ങിയത്. മികച്ച ഫോമിലായിരുന്ന കോണ്‍വേയെ തുടക്കത്തിലെ മടക്കാന്‍ സാധിച്ചത് ഇന്ത്യയുടെ കരുത്തായി വേണം വിലയിരുത്താന്‍.
വെടിക്കെട്ട് ഓപ്പണറായ വില്‍ യങ്ങിനെ (17) മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇത്തവണത്തെ ലോകകപ്പില്‍ മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടാനായി എന്നതാണ് എടുത്തു പറയേണ്ടത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ പകരം സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തി. ശാര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്തിരുത്തി മുഹമ്മദ് ഷമിയേയും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചു.
ന്യൂസീലന്‍ഡും ഇന്ത്യയുമാണ് ടൂര്‍ണമെന്റില്‍ തോല്‍ക്കാതെ നാല് മത്സരവും ജയിച്ച ടീം. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2019ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പുറത്താക്കിയത് ന്യൂസീലന്‍ഡാണ്. ഇത്തവണ സ്വന്തം തട്ടകത്തില്‍ കിവീസിനെ നാണംകെടുത്തി പകരം വീട്ടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.