ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് വരവറിയിക്കാന്‍ ഇന്ത്യക്കായിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയയെ 199 റണ്‍സില്‍ ഇന്ത്യ ഒതുക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 52 പന്ത് ബാക്കിയാക്കി 6 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി.
2 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നതിന് ശേഷം കെ എല്‍ രാഹുലിന്റെയും (97*) വിരാട് കോലിയുടേയും (85) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് കരുത്തായത്.
ശുബ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇഷാന്‍ ഗോള്‍ഡന്‍ ഡക്കാ
യപ്പോള്‍ രോഹിത് ശര്‍മ 6 പന്ത് നേരിട്ടാണ് പൂജ്യത്തിന് പുറത്തായത്. ഇഷാനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ നായകനെ ജോഷ് ഹെയ്‌സല്‍വുഡ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാര്‍ പൂജ്യത്തിന് പുറത്താവുന്നത്.
ഇതിന് മുമ്പ് 1983ലെ ലോകകപ്പിലാണ് ഇന്ത്യ സമാനമായ ദുരന്തം നേരിട്ടത്. സിംബാബ്‌വെക്കെതിരായ മത്സരത്തിലായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങിയത്. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കറെ പീറ്റര്‍ റൗസന്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ക്രിസ് ശ്രീകാന്തിനെ കെവിന്‍ കറെനാണ് പുറത്താക്കിയത്. അന്ന് ഇന്ത്യ കപില്‍ ദേവിന്റെ (175) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 268 റണ്‍സ് അടിച്ചെടുത്തു.
138 പന്ത് നേരിട്ട് 16 ഫോറും 6 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെയാണ് കപിലിന്റെ സെഞ്ച്വറി പ്രകടനം. ഇന്ത്യന്‍ ഇന്നിങ്‌സില്‍ 25ലധികം റണ്‍സ് നേടിയ ഏക താരം കപില്‍ ദേവ് ആയിരുന്നുവെന്നതാണ് കൗതുകം. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 235 റണ്‍സാണ് നേടിയത്. ഇതോടെ 31 റണ്‍സിന്റെ ജയം ഇന്ത്യ നേടിയത്. ഈ ലോകകപ്പില്‍ കപില്‍ ദേവിന്റെ ടീം ഇന്ത്യക്കായി കപ്പ് നേടി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ കിരീട നേട്ടമാണിത്.

ഇതിന് ശേഷം ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും ഡെക്കിന് പുറത്താവുന്നത്. ഇത്തവണ ഇന്ത്യയുടെ ടോപ് ഓഡറിലെ ആദ്യ മൂന്ന് താരങ്ങളും ഡക്കിന് പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ വിരാട് കോലിയുടേയും കെ എല്‍ രാഹുലിന്റേയും പ്രകടനങ്ങള്‍ ഇന്ത്യക്ക് കരുത്താവുകയും ആവേശ ജയം നേടിക്കൊടുക്കുകയും ചെയ്തു. ഈ തകര്‍ച്ച തുടക്കം ഇന്ത്യയെ തളര്‍ത്തില്ലെന്നുറപ്പ്.
മാച്ച് വിന്നര്‍മാരുടെ നിരയായ ഇന്ത്യക്ക് ഓസീസിനെതിരായ ജയം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ പേരുകേട്ട ടോപ് ഓഡര്‍ മികവിനൊത്ത് ഉയരാത്തത് നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് പറയാം. മികച്ച ഫോമിലായിരുന്ന രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമാണ് ഡെക്കിന് പുറത്തായത്. മൂന്ന് പേരുടെയും പുറത്താകല്‍ മോശം ഷോട്ടിന് ശ്രമിച്ചാണെന്നതാണ് എടുത്തു പറയേണ്ടത്. വിരാട് കോലിയുടെ ക്യാച്ച് മിച്ചല്‍ മാര്‍ഷ് കൈവിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യ വമ്പന്‍ തോല്‍വി നേരിട്ടേനെ.
ചരിത്രം പരിശോധിക്കുമ്പോള്‍ ഇതിന് മുമ്പ് ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും ഡെക്കായ മത്സരത്തില്‍ ടീം കിരീടത്തിലേക്കെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ 1983ലെ ചരിത്രം ആവര്‍ത്തിച്ച് ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും ഡെക്കായിരിക്കുകയാണ്. ഇത് ശുഭസൂചനയാണെന്ന് തന്നെ വിശ്വസിക്കാം. 1983ലെ ചരിത്ര നേട്ടം ഇത്തവണ ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.