Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഫൈനലില്‍ അശ്വിനുണ്ടാവുമോ? സൂചന നല്‍കി രോഹിത്, ആരാവും പുറത്താവുക?

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് കിരീടത്തിനായി പോരാടിക്കുന്നത്. തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്കെത്തുന്നത്. ഓസ്‌ട്രേലിയ കരുത്തരുടെ നിരയായതിനാല്‍ ഇന്ത്യക്ക് കിരീട നേട്ടത്തിലേക്കെത്തുക എളുപ്പമാവില്ലെന്നുറപ്പ്. അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ചുള്ള ചിത്രം ക്യുറേറ്റര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.

സ്ലോ പിച്ചാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ ആര്‍ അശ്വിന്‍ ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ടാവുമോയെന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. ഇന്ത്യ തുടര്‍ ജയങ്ങള്‍ നേടിയ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുകയെന്നത് സാഹസമാണ്. എന്നാല്‍ പിച്ചിന്റെ സ്വഭാവം വിലയിരുത്തി ഇന്ത്യ മാറ്റം വരുത്താന്‍ തയ്യാറാവുമോ?. ഇത് സംബന്ധിച്ച നിര്‍ണ്ണായക സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടീമില്‍ മാറ്റത്തിന്റെ സൂചനകളാണ് രോഹിത് നല്‍കുന്നത്.

'ടീമിലെ എല്ലാ താരങ്ങളേയും പരിഗണിക്കാവുന്നതാണ്. ടീമിന്റെ പദ്ധതികള്‍ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിച്ചിന്റെ സാഹചര്യം അനുസരിച്ച് ഏത് താരം വേണമെങ്കിലും കളിക്കാം. എല്ലാ താരങ്ങളും തങ്ങളുടെ ഉത്തരവാദിത്തത്തെ ഗൗരവമായിട്ടാണ് കാണുന്നത്. ഷമി തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം മനോഹരമായി ഉപയോഗിച്ചു. എല്ലാ ക്രിക്കറ്റ് താരങ്ങളും പ്രൊഫഷണലാണ്. 15 താരങ്ങളില്‍ ആരെ വേണമെങ്കിലും ഉപയോഗിച്ചേക്കാം'- രോഹിത് പറഞ്ഞു.

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ അശ്വിന്‍ അഹമ്മദാബാദില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ കളിച്ച ശേഷം ബെഞ്ചിലായിരുന്നു അശ്വിന്റെ സ്ഥാനം. എന്നാല്‍ സെമി ഫൈനലിന് മുമ്പ് അശ്വിന്‍ ബാറ്റിങ്ങിലടക്കം പരിശീലനം നടത്തിയിരുന്നു. ഇത് അദ്ദേഹം ഫൈനലില്‍ കളിക്കാനുള്ള സാധ്യതയാണ് തുറന്നുകാട്ടുന്നത്. എന്നാല്‍ അശ്വിനെ ഉള്‍പ്പെടുത്തിയാല്‍ ആരെ പുറത്താക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

rohit sharma

സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ് എന്നിവരിലൊരാളെയാവും ഇന്ത്യക്ക് പുറത്തിരിക്കേണ്ടി വരിക. സൂര്യകുമാറിനെ പുറത്തിരുത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെയത് ബാധിച്ചേക്കും. നിലവില്‍ ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാര്‍ മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ തന്നെ വാലറ്റത്തിന്റെ ബാറ്റിങ്ങിനെ കാര്യമായി ആശ്രയിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഫൈനലിലേക്കെത്തുമ്പോള്‍ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ഇന്ത്യ സൂര്യയെ പുറത്തിരുത്തിയാല്‍ അത് തിരിച്ചടിയാവും.

ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമുള്ളതിനാല്‍ സിറാജിനെ പുറത്തിരുത്തിയാല്‍ ഇന്ത്യക്ക് മൂന്നാം പേസറില്ലാത്ത അവസ്ഥ വരും. അതുകൊണ്ടുതന്നെ ഇന്ത്യ നിലവിലെ പ്ലേയിങ് 11നെ നിലനിര്‍ത്തി മുന്നോട്ട് പോകാനാണ് കൂടുതല്‍ സാധ്യത. സെമി ഫൈനലിലടക്കം ജയിച്ച ടീമിനെ പൊളിക്കാന്‍ ശ്രമിച്ചാല്‍ അത് തിരിച്ചടിയാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഫൈനലില്‍ ഇന്ത്യ സാഹസം കാട്ടിയാല്‍ അത് പടിക്കല്‍ കലമുടക്കുന്നതിന് കാരണമാകും.

ഓസ്‌ട്രേലിയക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ട്. ഇത് മുതലാക്കാന്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ഒന്നോ രണ്ടോ ഓവര്‍ വിരാട് കോലിക്ക് നല്‍കാവുന്നതാണ്. അല്ലാതെ മൂന്നാം സ്പിന്നര്‍ക്കായി ടീമിനെ പൊളിച്ചാല്‍ ഇന്ത്യക്കത് തിരിച്ചടിയാവുമെന്നുറപ്പാണ്. അന്തിമ തീരുമാനം രാഹുല്‍ ദ്രാവിഡിന്റേയും രോഹിത് ശര്‍മയുടേതുമാവും. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്താന്‍ യാതൊരു സാധ്യതയുമില്ല.

അഹമ്മദാബാദില്‍ ടോസ് നിര്‍ണ്ണായകമാവും. ആദ്യം ടോസ് ലഭിക്കുന്നവര്‍ ബാറ്റ് ചെയ്യാനാണ് സാധ്യത. മത്സരം പുരോഗമിക്കുമ്പോള്‍ പിച്ച് സ്ലോവാകുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ബാറ്റിങ് ദുഷ്‌കരമാവും. ആദ്യം ബാറ്റുചെയ്യുന്ന ടീം 300ന് മുകളിലേക്ക് സ്‌കോര്‍ നേടിയാല്‍ രണ്ടാമത് ചെയ്യുന്ന ടീം ജയിക്കാന്‍ പ്രയാസമാണ്. പൊതുവേ ഫ്‌ളാറ്റ് പിച്ചാണ് അഹമ്മദാബാദിലേത്. അനായാസമായി റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന സാഹചര്യമാണ് അവിടെയുള്ളത്. എന്നാല്‍ ഫൈനലില്‍ എന്താവും പിച്ചില്‍ സംഭവിക്കുകയെന്നത് കണ്ടറിയാം.

Story first published: Saturday, November 18, 2023, 20:39 [IST]
Other articles published on Nov 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+