ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ പരാജയത്തിന്റെ കാരണങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഇന്ത്യയുടെ ആറു വിക്കറ്റ് തോല്‍വിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2003നെ ലോകകപ്പിലെ കലാശക്കളിക്കു ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും ആദ്യമായി മുഖാമുഖം വന്ന ആദ്യത്തെ ഫൈനലായിരുന്നു ഇത്. പക്ഷെ അന്നു സൗരവ് ഗാംഗുലിക്കും സംഘത്തിനുമേറ്റതു പോലെ ഓസീസില്‍ നിന്നും രോഹിത്തിനും സംഘത്തിനും ഇത്തവണ പ്രഹരമേല്‍ക്കുകയായിരുന്നു.

ഫൈനലിനു ശേഷം രവി ശാസ്ത്രിയോടു സംസാരിക്കവെ അതീവ ദുഖിതനായാണ് രോഹിത് കാണപ്പെട്ടത്. മല്‍സരത്തില്‍ എവിടെയാണ് തങ്ങള്‍ക്കു ഏറ്റവും വലിയ പിഴവ് സംഭവിച്ചതെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ഫൈനലിലെ ഫലം ഞങ്ങളുടെ വഴിക്കു വന്നില്ല. ഇന്നു ഞങ്ങള്‍ അത്ര മികച്ചവരായിരുന്നില്ല. ഞങ്ങള്‍ എല്ലാം തന്നെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
20-30 റണ്‍സ് കൂടി അധികം നേടിയിരുന്നതെങ്കില്‍ നന്നായേനെ. വിരാട് കോലിയും കെഎല്‍ രാഹുലും ചേര്‍ന്നു നല്ലൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 270-280 റണ്‍സെങ്കിലും നേടാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ഞങ്ങള്‍ക്കു വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ തങ്ങള്‍ മതിയായ റണ്‍സ് നേടിയില്ലെന്നും രോഹിത് വ്യക്തമാക്കി.

നിങ്ങളുടെ സ്‌കോര്‍ ബോര്‍ഡില്‍ 240 റണ്‍സ് മാത്രമുള്ളപ്പോള്‍ വിക്കറ്റുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. പക്ഷെ ക്രെഡിറ്റ് ട്രാവിസ് ഹെഡിനും മാര്‍നസ് ലബ്യുഷെയ്‌നും നല്‍കണം. വളരെ മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും മല്‍സരത്തില്‍ നിന്നും പൂര്‍ണമായും ഞങ്ങളെ പുറത്താക്കുകയായിരുന്നു.
ഞങ്ങള്‍ കഴിയാവുന്നതൊക്കെയും ശ്രമിച്ചുനോക്കി. പക്ഷെ ലൈറ്റ്‌സിനു കീഴില്‍ ബാറ്റിങ് കുറച്ചുകൂടി എളുപ്പമായി മാറിയെന്നു ഞാന്‍ കരുതുന്നു. പക്ഷെ അതൊരു ഒഴികഴിവായി പറയുകയല്ല. ലൈറ്റ്‌സിനു കീഴില്‍ ബാറ്റ് ചെയ്യുക അല്‍പ്പം എളുപ്പമായിരിക്കുമെന്നു ഞങ്ങള്‍ക്കു അറിയാമായിരുന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 240 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 66 റണ്‍സെടുത്ത കെഎല്‍ രാഹുലും 54 റണ്‍സ് നേടിയ വിരാട് കോലിയുമാണ് ടീമിന്റെ മുഖ്യ സ്കോറര്‍മാര്‍. രോഹിത് 47 റണ്‍സുമായി ഒരിക്കല്‍ക്കൂടി തിളങ്ങി. മറുപടിയില്‍ ഓസീസ് നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ വിജയത്തിലെത്തുകയും ചെയ്ത. 137 റണ്‍സെടുത്ത ഹെഡാണ് ഓസീസിന്റെ വിജയശില്‍പ്പി. മാര്‍നസ് ലബ്യുഷെയ്ന്‍ 58 റണ്‍സും നേടി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആദം സാംപ, ജോഷ് ഹേസല്‍വുഡ്.