For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കോലിയും ദാദയും തെറിക്കും! ഹിറ്റ്മാന്‍ തൊട്ടരിക, ഇന്ത്യന്‍ നായകരില്‍ കിങാവും

കൊല്‍ക്കത്ത: സൗത്താഫ്രിക്കയുമായുള്ള ലോകകപ്പ് പോരാട്ടത്തില്‍ അര്‍ഹിച്ച ഫിഫ്റ്റി മിസ്സായെങ്കിലും വമ്പന്‍ റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സൗത്താഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ഹിറ്റ്മാന്‍ അതിവേഗം 40 റണ്‍സ് വാരിക്കൂട്ടിയിരുന്നു. വെറും 24 ബോളുകളില്‍ നിന്നായിരുന്നു ഇത്. ആറു ഫോറുകളും രണ്ടു സിക്‌സറും ഇന്ത്യന്‍ നായകന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഈ ഇന്നിങ്‌സോടെ ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിന് തൊട്ടരികിലെത്തിയിരിക്കുകയാണ് അദ്ദേഹം. നിലവില്‍ ഈ ലിസ്റ്റിലെ രണ്ടാംസ്ഥാനക്കാരനാണ് കോലി. വെറും രണ്ടു റണ്‍സിനാണ് കോലിയെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള അവസരം രോഹിത്തിനു നഷ്ടമായത്.

ROHIT SHARMA

443 റണ്‍സുമായാണ് കോലി രണ്ടാമതു നില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലായിന്നു അദ്ദേഹം ഇത്രയും റണ്‍സ് അടിച്ചെടുത്തത്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്നു 40 റണ്‍സ് നേടിയതോടെ 442 റണ്‍സുമായി കോലിക്കു തൊട്ടു താഴെ എത്തിയിരിക്കുകയാണ് ഹിറ്റ്മാന്‍.

മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയാണ് ഈ ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്. 2003ല്‍ ഇന്ത്യ റണ്ണറപ്പായ ലോകകപ്പില്‍ ദാദ വാരിക്കൂട്ടിയത് 465 റണ്‍സായിരുന്നു. 20 വര്‍ഷമായി ഇളക്കം തട്ടാതെ നില്‍ക്കുന്ന ഈ റെക്കോര്‍ഡ് രോഹിത് ഇത്തവണ പഴങ്കഥയാക്കിയേക്കും.

നെതര്‍ലാന്‍ഡ്‌സുമായി അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാനത്തെ ലീഗ് മല്‍സരത്തില്‍ തന്നെ കോലിയെയും ഗാംഗുലിയെയും പിന്തള്ളി രോഹിത് ചരിത്രം കുറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 24 റണ്‍സ് കൂടി നേടിയാല്‍ ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ നായകനായി ഹിറ്റ്മാന്‍ മാറും.

ഏകദിന ലോകകപ്പിന്റെ പവര്‍പ്ലേയില്‍ (1-10 ഓവര്‍) ഏറ്റവുമധികം സിക്‌സറുകളടിച്ച താരമെന്ന ലോക റെക്കോര്‍ഡ് രോഹിത് നേരത്തേ തന്നെ സ്വന്തം പേരിലാക്കിയിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്നു രണ്ടു സിക്‌സറുകളടിച്ചതോടെ അദ്ദേഹം ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 25 സിക്‌സറുകളുമായാണ് ഹിറ്റ്മാന്‍ തലപ്പത്തുള്ളത്.

20 സിക്‌സറുകളടിച്ച ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന ബ്രെന്‍ഡന്‍ മക്കെല്ലമാണ് രണ്ടാംസ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (15), വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്ല്‍ (14), ന്യൂസിലാന്‍ഡിന്റെ മുന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (10) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.

ഈ ലോകകപ്പില്‍ എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 55.25 ശരാശരിയില്‍ 122.7 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് 442 റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. കോലി കഴിഞ്ഞാല്‍ ടീമിനായി ഇത്തവണ ഏറ്റവുമധികം റണ്ണെടുത്തിരിക്കുന്നതും ഹിറ്റ്മാന്‍ തന്നെയാണ്.

ROHIT SHARMA

ഓസ്‌ട്രേലിയക്കെതിരേ ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഡെക്കുമായാണ് രോഹിത് തുടങ്ങിയതെങ്കിലും പിന്നീടുള്ള മല്‍സരങ്ങളിലെല്ലാം തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

2019ലെ അവസാനത്തെ ലോകകപ്പില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നായിരുന്നു ടീം ക്യാപ്റ്റനായ കോലി 443 റണ്‍സ് സ്‌കോര്‍ ചെയ്തത്. 55.37 ശരാശരിയും 94.05 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. അഞ്ചു ഫിഫ്റ്റികളടിച്ചെങ്കിലും ഒരു സെഞ്ച്വറി പോലും കോലിക്കു കണ്ടെത്താനായില്ല.

അതേസമയം, ഗാംഗലിയുടെ കാര്യമെടുത്താല്‍ 2003ലെ ലോകകപ്പില്‍ 11 മല്‍സരങ്ങളില്‍ നിന്നാണ് 58.12 ശരാശരിയില്‍ 465 റണ്‍സ് സ്‌കോര്‍ ചെയ്തത്. മൂന്നു സെഞ്ച്വറികള്‍ അദ്ദേഹം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിരുന്നു.

Story first published: Sunday, November 5, 2023, 16:40 [IST]
Other articles published on Nov 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+