ഡല്‍ഹി: ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ ചരിത്ര റെക്കോഡിലേക്കെത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഫ്ഗാനെതിരേ 22 റണ്‍സ് പിന്നിട്ടതോടെ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി രോഹിത് മാറിയിരിക്കുകയാണ്. 19 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. 20 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് രോഹിത് മറികടന്നത്.
20 ഇന്നിങ്‌സില്‍ നിന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും ഈ നേട്ടത്തിലെത്തിയത്. വിവിയന്‍ റിച്ചാര്‍ഡ്‌സും സൗരവ് ഗാംഗുലിയും 21 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കി. 19 ഇന്നിങ്‌സില്‍ നിന്ന് തന്നെ ഈ നാഴികക്കല്ല് പിന്നിട്ട ഡേവിഡ് വാര്‍ണറും രോഹിത്തിനൊപ്പം തലപ്പത്തുണ്ട്. ഓസ്‌ട്രേലിയക്കെതിരേ 22 റണ്‍സ് നേടാനായിരുന്നെങ്കില്‍ രോഹിത്തിന് വാര്‍ണറേയും മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തെത്താമായിരുന്നു.
എന്നാല്‍ ഡക്കായതോടെയാണ് സുവര്‍ണ്ണാവസരം രോഹിത് നഷ്ടപ്പെടുത്തിയത്. എന്നാല്‍ ഇതിന്റെ ക്ഷീണം അഫ്ഗാനിസ്ഥാനെതിരേ രോഹിത് മാറ്റിയെന്ന് പറയാം. തുടക്കം മുതല്‍ ആക്രമണ ബാറ്റിങ് കാഴ്ചവെച്ച രോഹിത് അഫ്ഗാന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ നേടി ലോക റെക്കോഡിട്ട ഹിറ്റ്മാന്‍ അഫ്ഗാനെതിരായ മത്സരത്തിലൂടെ ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
2011ലെ ഏകദിന ലോകകപ്പില്‍ എംഎസ് ധോണി ടീമില്‍ നിന്ന് തഴഞ്ഞിടത്തുനിന്ന് ഇന്ന് ഇന്ത്യയുടെ നായകനായും ലോകകപ്പില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമായും മാറാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. ടീമിനെ മുന്നില്‍ നിന്ന് ബാറ്റുകൊണ്ട് നയിക്കാന്‍ രോഹിത്തിന് സാധിക്കുന്നു. ലോകകപ്പിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരിലൊരാളാണ് രോഹിത്. ഏകദിനത്തില്‍ അതുല്യ റെക്കോഡുകളുള്ള രോഹിത് 3 ഇരട്ട സെഞ്ച്വറികളാണ് അടിച്ചെടുത്തിട്ടുള്ളത്.

അഫ്ഗാനിസ്ഥാന്‍ 273 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍വെച്ചത്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുംറ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ബുംറയുടെ അരങ്ങേറ്റത്തിന് ശേഷം ഇത് ആറാം തവണയാണ് അദ്ദേഹം ഏകദിനത്തില്‍ നാല് വിക്കറ്റ് പ്രകടനം നടത്തുന്നത്. ഇന്ത്യയുടെ മറ്റ് എല്ലാ ബൗളര്‍മാരും ചേര്‍ന്ന് 6 തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്.
ഇന്ത്യക്കായി ഏകദിനത്തില്‍ കൂടുതല്‍ നാല് വിക്കറ്റ് പ്രകടനം നടത്തുന്നവരില്‍ ബുംറ സഹീര്‍ ഖാന്റെ റെക്കോഡിനൊപ്പമെത്തി. രണ്ട് പേരും എട്ട് തവണ വീതമാണ് ഈ നേട്ടത്തിലേക്കെത്തിയത്. 12 തവണ ഈ നേട്ടത്തിലേക്കെത്തിയ അജിത് അഗാര്‍ക്കര്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 11 തവണ ഈ നേട്ടത്തിലെത്തിയ മുഹമ്മദ് ഷമി രണ്ടാം സ്ഥാനത്താണ്. അനില്‍ കുംബ്ലെ (10), ജവഗന്‍ ശ്രീനാഥ് (10), കുല്‍ദീപ് യാദവ് (9) എന്നിവരാണ് ബുംറക്ക് മുന്നിലുള്ളത്.
അഫ്ഗാനിസ്ഥാനെതിരേ അതിവേഗത്തില്‍ വിജയലക്ഷ്യം മറികടക്കാനാണ് ഇന്ത്യയുടെ ശ്രമം. വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
പ്ലേയിങ് 11: ഇന്ത്യ-രോഹിത് ശര്‍മ (ര), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
അഫ്ഗാനിസ്ഥാന്‍ - റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുല്ല ഷഹീദി (ര), മുഹമ്മദ് നബി, നജീബുല്ല സദ്രാന്‍, അസ്മത്തുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉല്‍ ഹഖ്