അഹമ്മദാബാദ്: ഈ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നതു ശീലമാക്കി മാറ്റിയ ഇന്ത്യന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ ഫൈനലില്‍ വീണ്ടുമൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. മുന്‍ മല്‍സരങ്ങളിലേതു പോലെ ഓസ്‌ട്രേലിയയുമായുള്ള കലാശക്കളിയിലും അഗ്രസീവ് ബാറ്റങ് കാഴ്ചവച്ച ശേഷമാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്. 31 ബോളില്‍ 47 റണ്‍സാണ് അദ്ദേഹം നേടിയത്. നാലു ഫോറും മൂന്നു സിക്‌സറുകളുമടക്കമാണിത്.
സിക്‌സര്‍ നേട്ടത്തില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലായിരുന്ന ലോക റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയത്. ഏകദിനത്തില്‍ ഒരു ടീമിനെതിരേ കൂടുതല്‍ സിക്‌സറുകളടിച്ച താരമെന്ന ലോക റെക്കോര്‍ഡ് നേരത്തേ ഗെയ്‌ലിനു അവകാശപ്പെട്ടതായിരുന്നു. ഇംഗ്ലണ്ടിനെതിരേ 85 സിക്‌സറുകള്‍ പായിച്ചായിരുന്നു ഗെയ്ല്‍ റെക്കോര്‍ഡിട്ടത്. എന്നാല്‍ രോഹിത് ഇന്നു ഈ റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ്.

ഓസ്‌ട്രേലിയക്കെതിരേ മൂന്നു സിക്സറടിച്ചതോടെ ഹിറ്റ്മാന്‍ അവര്‍ക്കെതിരേ തന്‍റെ സിക്സറുകളുടെ എണ്ണം 86 ആക്കി ഉയര്‍ത്തുകയും ചെയ്തു. സിക്‌സര്‍ വീരന്‍മാരില്‍ ആദ്യത്തെ അഞ്ചു പേരെയെടുത്താല്‍ അക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ താരം രോഹിത് മാത്രമാണ്. രോഹിത്, ഗെയ്ല്‍ എന്നിവര്‍ കഴിഞ്ഞാല്‍ ലിസ്റ്റിലെ മറുള്ളവര്‍ പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി (63, എതിരാളി ശ്രീലങ്ക), ശ്രീലങ്കയുടെ മുന്‍ സൂപ്പര്‍ താരം സനത് ജയസൂര്യ (53 സിക്‌സര്‍, എതിരാളി പാകിസ്താന്‍), അഫ്രീഡി (51 സിക്‌സര്‍, എതിരാളി ഇന്ത്യ) എന്നിവരാണ്.
ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ നാലാം ഓവറിലായിരുന്നു രോഹിത്തിന്റെ ആദ്യത്തെ സിക്‌സര്‍ വന്നത്. പേസര്‍ ജോഷ് ഹേസല്‍വുഡിനെതിരേയായിരുന്നു ഇത്. ഷോര്‍ട്ട് ബോളായിരുന്നു ഹേസല്‍വുഡ് പരീക്ഷിച്ചത്. മികച്ചൊരു പുള്‍ ഷോട്ടിലൂടെ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ ഹിറ്റ്മാന്‍ അതു സിക്‌സറിലെത്തിക്കുകയും ചെയ്തു. അടുത്ത ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ അദ്ദേഹം തന്റെ രണ്ടാമത്തെ സിക്‌സര്‍ കണ്ടെത്തി. ഒരു സ്ലോ ഓഫ് കട്ടറായിരുന്നു സ്റ്റാര്‍ക്ക് എറിഞ്ഞത്. ലോങ് ഓഫിനു മുകളിലൂടെ രോഹിത് അതു സിക്‌സറിലേക്കു പറത്തുകയും ചെയ്തു.

ഗ്ലെന്‍ മാക്‌സ്വെല്‍ എറിഞ്ഞ 10ാം ഓവറില്‍ രോഹിത് മൂന്നാമത്തെ സിക്‌സറും കണ്ടെത്തി. ക്രീസിനു പുറത്തേക്കിറങ്ങിയ ഇന്ത്യന്‍ നായകന്‍ ലോങ് ഓണിലെ ഫീല്‍ഡറെ കാഴ്ചക്കാരനാക്കി നിര്‍ത്തി ബോള്‍ സിക്‌സറിലെത്തിക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ നേടിയ 47 റണ്‍സോടെ റണ്‍വേട്ടക്കാരില്‍ ടീമംഗമായ വിരാട് കോലിക്കു പിന്നില്‍ രണ്ടാമനുമായിരിക്കുകയാണ് രോഹിത്.
11 മല്‍സരങ്ങളില്‍ നിന്നും 54.27 ശരാശരിയില്‍ 597 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 125.94 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. ടൂര്‍ണമെന്റിലെ സിക്‌സര്‍ വീരനും ഹിറ്റ്മാന്‍ തന്നെയാണ്. 31 സിക്‌സറുകളുമായി അദ്ദേഹം മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണ്. 24 സിക്‌സറുകള്‍ വീതമടിച്ച ഇന്ത്യയുടെ ശ്രേയസ് അയ്യരും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമാണ് രണ്ടാംസ്ഥാനം പങ്കിടുന്നത്.