അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ആവേശ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കമാണ് നല്‍കിയിരിക്കുന്നത്. കൂട്ടുകെട്ട് 30 റണ്‍സില്‍ നില്‍ക്കവെ ശുബ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും രോഹിത് ഒരു വശത്ത് ആക്രമണം തുടര്‍ന്നു. 29 റണ്‍സ് പിന്നിട്ടതോടെ ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ് രോഹിത്.
ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡിലാണ് രോഹിത് ഒന്നാം സ്ഥാനത്തേക്കെത്തിയത്. 2019ലെ ലോകകപ്പില്‍ 578 റണ്‍സ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനെയാണ് രോഹിത് പിന്നിലാക്കിയത്. ഇന്ത്യയെ തോല്‍വി അറിയാതെ ഫൈനലിലേക്കെത്തിച്ച രോഹിത് 11ാം ജയത്തോടെ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയെ ലോകകപ്പ് ഫൈനലില്‍ നയിക്കുന്ന പ്രായം കൂടിയ നായകന്‍ കൂടിയാണ് ഹിറ്റ്മാന്‍.

2007ല്‍ ശ്രീലങ്കയിുടെ മഹേല ജയവര്‍ധനയും ഇതേ വര്‍ഷം ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് 539 റണ്‍സും നേടിയിരുന്നു. ഇതിനെയെല്ലാം പിന്നിലാക്കാന്‍ ഹിറ്റ്മാനായി. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡ് നേരത്തെ സൗരവ് ഗാംഗുലിയുടെ പേരിലായിരുന്നു. 2003ല്‍ 465 റണ്‍സാണ് ഗാംഗുലി നേടിയത്. ഈ ലോകകപ്പിലൂടെ രോഹിത് ഗാംഗുലിയെ മറികടന്നിരുന്നു. രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ഇത്തവണത്തെ ഇന്ത്യയുടെ ശക്തി.
രോഹിത് പവര്‍പ്ലേയില്‍ അതിവേഗം ആക്രമിക്കുകയും അടിത്തറ പാകുകയും ചെയ്യുമ്പോള്‍ പിന്നാലെ എത്തുന്നവര്‍ ഇത് നന്നായി മുതലാക്കുന്നു. ഫൈനലിലും ആക്രമണ മുഖത്തിന് മാറ്റം വരുത്താതെ കസറിയ രോഹിത് മിച്ചല്‍ സ്റ്റാര്‍ക്കിനേയും ജോഷ് ഹെയ്‌സല്‍വുഡിനേയും തുടക്കത്തിലേ സിക്‌സര്‍ പറത്തി. ഇതോടെ വമ്പനൊരു സിക്‌സര്‍ റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ ഒരു എതിരാളികള്‍ക്കെതിരേ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ ക്രിസ് ഗെയ്‌ലിനെയും മറികടന്ന് രോഹിത് ഒന്നാമനായിരിക്കുകയാണ്.
ഇംഗ്ലണ്ടിനെതിരേ 85 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്‌ലായിരുന്നു ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ 86 സിക്‌സുകളുമായി രോഹിത് തലപ്പത്തേക്കെത്തിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ ഷാഹിദ് അഫ്രീദി 63 സിക്‌സും പാകിസ്താനെതിരേ സനത് ജയസൂര്യ 53 സിക്‌സും നേടിയിട്ടുണ്ട്. ഈ റെക്കോഡൊക്കെ രോഹിത്തിന് മുന്നില്‍ തകര്‍ന്നുവീണിരിക്കുകയാണ്. 2011ല്‍ എംഎസ് ധോണിയാണ് അവസാനമായി ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തത്.
ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യ കിരീടത്തിലേക്കെത്തിയാല്‍ അത് ചരിത്രമാവും. നായകനെന്ന നിലയില്‍ ഏകദിന ലോകകപ്പില്‍ ഒരു തോല്‍വി പോലും രോഹിത്തിന്റെ പേരിലില്ല. ഈ റെക്കോഡ് നിലനിര്‍ത്തി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ഹിറ്റ്മാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. തുടര്‍ച്ചയായി രണ്ട് ലോകകപ്പിലും 500ലധികം റണ്‍സുമായി പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ നട്ടെല്ലായി രോഹിത് മാറിയിരിക്കുന്നു. ഫൈനലിലും ഗംഭീര തുടക്കം ഹിറ്റ്മാന്‍ നല്‍കിയിരിക്കുകയാണെന്നത് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു.