World Cup 2023: ഹിറ്റ്മാന്‍ 'ഷോ', മോര്‍ഗന്റെ ലോക റെക്കോഡ് തകര്‍ത്തു- സച്ചിനേയും പിന്നിലാക്കി
പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബംഗ്ലാദേശ് പേസര്‍ ഷൊറിഫുല്‍ ഇസ്ലാമിനെ സിക്‌സര്‍ പറത്തിയതോടെ വമ്പനൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍ നേടുന്ന നായകന്മാരില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്റെ ലോക റെക്കോഡ് തകര്‍ത്തിരിക്കുകയാണ് രോഹിത്.
2019ല്‍ 60 സിക്‌സുകള്‍ നേടിയാണ് മോര്‍ഗന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിലൂടെത്തന്നെ രോഹിത് മോര്‍ഗനൊപ്പമെത്തിയിരുന്നു. ഇപ്പോള്‍ ഒരു സിക്‌സര്‍ പറത്തിയതോടെ മോര്‍ഗനെ മറികടന്ന് റെക്കോഡില്‍ ഒന്നാമനാവാന്‍ ഹിറ്റ്മാന് സാധിച്ചിരിക്കുകയാണ്. 2015ല്‍ 59 സിക്‌സുകള്‍ നേടിയ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും 2014ല്‍ 54 സിക്‌സര്‍ നേടിയ കിവീസിന്റെ ബ്രണ്ടന്‍ മക്കല്ലവുമാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ നേരത്തെ തന്നെ തലപ്പത്തെത്തിയ രോഹിത് ഏകദിനത്തില്‍ 300 സിക്‌സര്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കുമെത്തിയിരുന്നു. കൂടാത മറ്റൊരു വമ്പന്‍ റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഏഷ്യയില്‍ വേഗത്തില്‍ 6000 ഏകദിന റണ്‍സെന്ന റെക്കോഡില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ രോഹിത് മറികടന്നു. 142 ഇന്നിങ്‌സില്‍ നിന്ന് സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.
എന്നാല്‍ 139 ഇന്നിങ്‌സില്‍ നിന്ന് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 117 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ വിരാട് കോലിയാണ് തലപ്പത്തുള്ളത്. 149 ഇന്നിങ്‌സില്‍ നിന്നാണ് ഇന്‍സമാം ഉല്‍ ഹഖ് ഈ നേട്ടത്തിലേക്കെത്തിയത്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണി 12 ഇന്നിങ്‌സില്‍ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ടപ്പോള്‍ 157 ഇന്നിങ്‌സില്‍ നിന്നാണ് സൗരവ് ഗാംഗുലി ഈ നേട്ടത്തിലേക്കെത്തിയത്.

നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകനും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ് 165 ഇന്നിങ്‌സെടുത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. ഒരു വര്‍ഷം കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമെന്ന റെക്കോഡിലും രോഹിത്താണ് തലപ്പത്തെന്നതാണ് കൗതുകം. 2019ല്‍ 78 സിക്‌സുകള്‍ പറത്തിയാണ് ഹിറ്റ്മാന്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കിയത്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ രോഹിത്തിന്റെ മാസ്മരിക പ്രകടനമാണ് കണ്ടത്.
കൂടാതെ ലോകകപ്പില്‍ റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കെത്താനും രോഹിത് ശര്‍മക്കായി. 754 റണ്‍സ് പിന്നിട്ട് രോഹിത് കുതിക്കുകയാണ്. 743 റണ്‍സ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനെയാണ് രോഹിത് മറികടന്നത്. 727 റണ്‍സുനേടിയ മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയാണ് മൂന്നാം സ്ഥാനത്ത്. സ്റ്റീഫന്‍ ഫ്‌ളമിങ് (692), ബ്രയാന്‍ ലാറ (681), ജാക്‌സ് കാലിസ് (680) എന്നിവര്‍ പിന്നാലെയുണ്ട്.
ഇത്തവണത്തെ ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താനും രോഹിത്തിനായി. ഇത്തവണ 250 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമായി രോഹിത് മാറി. ഓസ്‌ട്രേലിയക്കെതിരേ ഡെക്കിന് പുറത്തായ രോഹിത് അഫ്ഗാനിസ്ഥാനെതിരേ സെഞ്ച്വറി നേടിയാണ് തിരിച്ചുവന്നത്. പാകിസ്താനെതിരേ 14 റണ്‍സിനാണ് രോഹിത്തിന് സെഞ്ച്വറി നഷ്ടമായത്.
2019ലെ ചരിത്രം ആവര്‍ത്തിച്ച് ഇത്തവണയും മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നത് ഇന്ത്യയുടെ കിരീട പ്രതീക്ഷ സജീവമാക്കുകയാണ്. ഈ ലോകകപ്പ് പൂര്‍ത്തിയാവുമ്പോള്‍ ഇനിയും പല റെക്കോഡുകളും രോഹിത് തകര്‍ക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications