മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് ആവേശകരമായി തുടരുകയാണ്. ഏഴ് തുടര്‍ ജയങ്ങളോടെ ആദ്യമായി സെമി സീറ്റുറപ്പിക്കുന്ന ടീമായി മാറാന്‍ ആതിഥേയരായ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ 302 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ഇതോടെ ഒന്നാം സ്ഥാനത്തേക്കെത്താനും നെറ്റ് റണ്‍റേറ്റില്‍ വലിയ കുതിച്ചുചാട്ടം നടത്താനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.
വലിയ ജയത്തോടെ ഇന്ത്യ സെമിയില്‍ സ്ഥാനം ഉറപ്പിക്കവെ നായകനെന്ന നിലയില്‍ വലിയൊരു റെക്കോഡിലേക്കെത്താന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ നായകന്മാരില്‍ വേഗത്തില്‍ 75 ജയം നേടുന്ന നായകനെന്ന റെക്കോഡില്‍ രോഹിത് തലപ്പത്തേക്കെത്തിയിരിക്കുകയാണ്. 101 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് 75 ജയം നേടിയത്. 112 ഇന്നിങ്‌സില്‍ നിന്ന് ഈ ജയം നേടിയ വിരാട് കോലിയുടെ റെക്കോഡാണ് രോഹിത് മറികടന്നത്.
എംഎസ് ധോണി 135 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 149 ഇന്നിങ്‌സില്‍ നിന്നാണ് സൗരവ് ഗാംഗുലിക്ക് ഈ നാഴികക്കല്ല് പിന്നിടാനായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 161 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയുടെ ഇത്തവണത്തെ വിജയക്കുതിപ്പിന് പിന്നില്‍ രോഹിത്തിന്റെ നായകനെന്ന നിലയിലെ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. ബാറ്റുകൊണ്ടുമുന്നില്‍ നിന്ന് നയിക്കാനും കൃത്യമായ പദ്ധതികളൊരുക്കി എതിരാളികളെ കീഴ്‌പ്പെടുത്താനും രോഹിത് മിടുക്കുകാട്ടുന്നു.
ഏകദിനത്തിലേയും ലോകകപ്പിലേയും മറ്റ് രണ്ട് റെക്കോഡുകളും നായകനെന്ന നിലയില്‍ രോഹിത് ശര്‍മ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയം ശ്രീലങ്കയെ 317 റണ്‍സിന് തോല്‍പ്പിച്ചതാണ്. ഇത് രോഹിത്തിന് കീഴിലാണ് ഇന്ത്യ നേടിയത്. ഇപ്പോള്‍ ലോകകപ്പിലെ ഏറ്റവും വലിയ ജയമെന്ന റെക്കോഡിലും ഇന്ത്യയെ ഒന്നാം സ്ഥാനത്തേക്കെത്തിക്കാന്‍ രോഹിത്തിനായിരിക്കുകയാണ്. 302 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്.

ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് കിരീടത്തിലേക്കെത്താന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് ടീമിന്റെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുകയാണ്. എന്നാല്‍ സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം സെമി ഫൈനല്‍ കടമ്പ കടക്കാനാണ് ഇന്ത്യ പ്രയാസപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത്തവണ സെമി ഫൈനല്‍ കടമ്പ എങ്ങനെ ഇന്ത്യ മറികടക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ സര്‍വാധിപത്യ ജയമാണ് നേടിയെടുത്തത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇത്തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയോട് ശ്രീലങ്ക പകരം വീട്ടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍ ഇന്ത്യ 302 റണ്‍സിന്റെ ജയത്തോടെ ശ്രീലങ്കയെ നാണംകെടുത്തി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 357 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു.
ഇന്ത്യക്കായി ശുബ്മാന്‍ ഗില്‍ (92), വിരാട് കോലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുശന്‍ക അഞ്ച് വിക്കറ്റുകളും വീഴ്ത്തി. മറുപടിക്കിറങ്ങിയ ശ്രീലങ്കയെ കാത്തിരുന്നത് മഹാദുരന്തമാണ്. 14 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് മൂന്നും ജസ്പ്രീത് ബുംറ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
ഇന്ത്യ സെമി ഉറപ്പിച്ചതിനാല്‍ ഇനി എതിരാളികളെയാണ് അറിയേണ്ടത്. ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാലാം സ്ഥാനക്കാരായി ആരാവും ഇന്ത്യയുടെ എതിരാളികളാവുക എന്നതാണ് ഇനി കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവരിലൊരാള്‍ ഇന്ത്യയുടെ സെമിയിലെ എതിരാളികളാവാനാണ് സാധ്യത.