കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെ വമ്പന്‍ സിക്‌സര്‍ റെക്കോഡ് നേടി രോഹിത് ശര്‍മ. ഒരു വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളില്‍ എബി ഡിവില്ലിയേഴ്‌സിനൊപ്പം തലപ്പത്തേക്കെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. 2015ല്‍ 58 സിക്‌സുകള്‍ പറത്തിയാണ് എബി ഡിവില്ലിയേഴ്‌സാണ് ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സിക്‌സുകള്‍ പറത്തിയതോടെയാണ് രോഹിത് 58 സിക്‌സിലേക്കെത്തിയത്. ഒരു സിക്‌സകലെ ഡിവില്ലിയേഴ്‌സിനെ രോഹിത്തിന് മറികടക്കാം. ഈ ലോകകപ്പിലൂടെത്തന്നെ രോഹിത് ഈ റെക്കോഡില്‍ തലപ്പത്തെത്തുമെന്നുറപ്പ്. 2019ല്‍ 56 സിക്‌സുകള്‍ പറത്തിയ ക്രിസ് ഗെയ്ല്‍ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 2002ല്‍ 53 സിക്‌സുകള്‍ പറത്തിയ ഷാഹിദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്തുള്ളത്.
24 പന്ത് നേരിട്ട് 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 40 റണ്‍സുമായാണ് രോഹിത് പുറത്തായത്. 166.66 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് മിന്നിച്ചത്. ഒന്നാം വിക്കറ്റില്‍ ശുബ്മാന്‍ ഗില്ലുമായി 62 റണ്‍സ് കൂട്ടുകെട്ടും രോഹിത് സൃഷ്ടിച്ചു. ഈ വര്‍ഷം ഇത് 12ാം തവണയാണ് ഇരുവരും ചേര്‍ന്ന് ഏകദിനത്തില്‍ 50ലധികം റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. ഒരു വര്‍ഷം കൂടുതല്‍ തവണ 50 പ്ലസ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നവരില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും രോഹിത്തിനും ഗില്ലിനും സാധിച്ചു.
വിരാട് കോലിയും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കുയരാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. 1532 റണ്‍സുനേടിയ കുമാര്‍ സംഗക്കാരയെയാണ് കോലി മറികടന്നത്. ഏകദിന ലോകകപ്പില്‍ 1500 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കോലി. കൂടാതെ ഈ ലോകകപ്പില്‍ 500 റണ്‍സ് ക്ലബ്ബിലേക്കും കോലിയെത്തിയിരിക്കുകയാണ്. നിലവില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് കോലിയുള്ളത്.

കൂടാതെ നാട്ടില്‍ കൂടുതല്‍ ഏകദിന റണ്‍സ് നേടുന്നവരില്‍ രണ്ടാം സ്ഥാനത്തുള്ള കോലി 6000 റണ്‍സ് ക്ലബ്ബിലേക്കുമെത്തിയിരിക്കുകയാണ്. 6976 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. 5521 റണ്‍സുള്ള റിക്കി പോണ്ടിങ്ങാണ് മൂന്നാം സ്ഥാനത്ത്. ജാക്‌സ് കാലിസ് (5186), കുമാര്‍ സംഗക്കാര (4724), രോഹിത് ശര്‍മ (4590) എന്നിവരാണ് പിന്നാലെയുള്ളത്.
ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 87 പന്ത് നേരിട്ട് 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 77 റണ്‍സ് നേടിയാണ് ശ്രേയസ് പുറത്തായത്. നിര്‍ണ്ണായക സമയത്താണ് ശ്രേയസിന്റെ ക്ലാസിക് പ്രകടനം. ഇതോടെ വമ്പനൊരു റെക്കോഡിലേക്കും ശ്രേയസ് പേരുചേര്‍ത്തിരിക്കുകയാണ്. ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്ന മധ്യനിര താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ശ്രേയസിനായി.
നാലാം നമ്പറിലിറങ്ങുന്ന ശ്രേയസ് ഇത്തവണ മൂന്നാം ഫിഫ്റ്റിയാണ് നേടിയിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1992ലും സുരേഷ് റെയ്‌ന 2015ലും മൂന്ന് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 2011ല്‍ അഞ്ച് തവണ ഈ നേട്ടത്തിലെത്തിയ യുവരാജ് സിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
പ്ലേയിങ് 11: ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റാസി വാന്‍ഡെര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സെന്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, തബ്രെയ്സ് ഷംസി.