For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെഞ്ച്വറി നേടിയില്ല, പക്ഷെ സിക്‌സറില്‍ ലോക റെക്കോഡിട്ടു! ഹിറ്റ്മാന്‍ കിടുവാണ്

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ഇന്ത്യയുടെ മറ്റ് പ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും രോഹിത് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. 101 പന്ത് നേരിട്ട് 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സെടുത്താണ് രോഹിത്തിന്റെ മടക്കം. സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ രോഹിത് വീണു.

സിക്‌സറിനായുള്ള ശ്രമത്തില്‍ ടൈമിങ് പിഴച്ചപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ ക്യാച്ചില്‍ രോഹിത്തിന്റെ ചെറുത്തുനില്‍പ്പ് അവസാനിക്കുകയായിരുന്നു. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും മറ്റൊരു വമ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ രോഹിത്തിനായിരിക്കുകയാണ്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന നായകനെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ടീമിന്റെ നായകന്‍ ഒരു ലോകകപ്പില്‍ 20 സിക്‌സറുകള്‍ നേടുന്നത്.

2019ല്‍ 19 സിക്‌സറുകള്‍ നേടിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്റെ റെക്കോഡാണ് ഹിറ്റ്മാന്‍ തകര്‍ത്തത്. 10 ഫോറും 3 സിക്‌സുമാണ് ഇംഗ്ലണ്ടിനെതിരേ രോഹിത് നേടിയത്. ഇതോടെയാണ് മറ്റൊരു നായകനുമില്ലാത്ത റെക്കോഡിലേക്ക് രോഹിത് പേരുചേര്‍ത്തത്. എംഎസ് ധോണി, വിരാട് കോലി എന്നിവരൊന്നും നായകനായിരിക്കെ ഒരു ഏകദിന ലോകകപ്പില്‍ 15ലധികം സിക്‌സര്‍ പോലും നേടിയിട്ടില്ല. എന്നാല്‍ അനായാസം സിക്‌സുകള്‍ നേടി രോഹിത് റെക്കോഡുകള്‍ തകര്‍ക്കുകയാണ്.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഗംഭീര പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. 137, 34, 122, 57, 140, 1, 18, 102, 104, 103, 1, 0, 131, 86, 48, 46, 87 എന്നിങ്ങനെയാണ് അവസാന 17 ഏകദിന ലോകകപ്പ് ഇന്നിങ്‌സില്‍ നിന്ന് രോഹിത് നേടിയത്. ഇത്തവണത്തെ ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഡെക്കായാണ് ഹിറ്റ്മാന്‍ തുടങ്ങിയത്. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരേ 131 റണ്‍സടിച്ച് ഗംഭീരമായി തിരിച്ചുവന്നു.

rohit sharma

പാകിസ്താനെതിരേ 86 റണ്‍സും ബംഗ്ലാദേശിനെതിരേ 48 റണ്‍സും ന്യൂസീലന്‍ഡിനെതിരേ 46 റണ്‍സും നേടിയ രോഹിത് ഇംഗ്ലണ്ടിനെതിരേയും അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ്. മറ്റ് ചില നാഴികക്കല്ലുകളും രോഹിത് ശര്‍മ മറികടന്നിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ 4000 റണ്‍സ് രോഹിത് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18000 റണ്‍സും രോഹിത് പൂര്‍ത്തിയാക്കി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് ഇനി രോഹിത്തിന് മുന്നിലുള്ളത്. കൂടാതെ ഏകദിനത്തില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ വിരാട് കോലിക്കൊപ്പമെത്താനും രോഹിത്തിനായി. 32 ഇന്നിങ്‌സില്‍ നിന്ന് 12 തവണയാണ് കോലി നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ 23 ഇന്നിങ്‌സില്‍ നിന്ന് 12 ഫിഫ്റ്റി പ്ലസ് സ്‌കോറിലേക്കെത്താന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്. 21 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്.

ഷക്കീബ് അല്‍ ഹസനും കുമാര്‍ സംഗക്കാരയും 12 തവണ ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏക നായകനായി മാറാനും രോഹിത് ശര്‍മക്ക് സാധിച്ചിരിക്കുകയാണ്. ഈ ലോകകപ്പിലെ സിക്‌സര്‍ വേട്ടക്കാരിലും രോഹിത് ഒന്നാം സ്ഥാനത്തേക്കെത്തി. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ലോക റെക്കോഡ് പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവെച്ചത്. ഇതേ മികവ് ഇന്ത്യയിലും കാട്ടാന്‍ രോഹിത്തിനായിരിക്കുകയാണ്.

അവസാന ലോകകപ്പില്‍ സെമിയില്‍ പുറത്തായ ഇന്ത്യ ഇത്തവണ കപ്പിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ 2019ലെ ലോകകപ്പിനോട് നിരവധി സാമ്യതകള്‍ പുലര്‍ത്തിയാണ് ഇത്തവണത്തെ ഇന്ത്യയുടെ പ്രകടനം. അതുകൊണ്ടുതന്നെ സെമി ദുരന്തം ആവര്‍ത്തിക്കുമോയെന്നത് കണ്ടറിയാം.

Story first published: Sunday, October 29, 2023, 17:36 [IST]
Other articles published on Oct 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+