ഈ ലോകകപ്പില്‍ ക്യാപ്റ്റന്റെ കളിയുമായി ടീം ഇന്ത്യയെ മുന്നില്‍ നിന്നു നയിക്കുന്ന രോഹിത് ശര്‍മ വമ്പന്‍ ലോക റെക്കോര്‍ഡിനരികെ. നിലവില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായ അദ്ദേഹം അവസാന കളിയില്‍ ഇതു നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ്. അടുത്ത ഞായറാഴ്ച അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സുമായാണ് ഇന്ത്യയുടെ അവസാനത്തെ ലീഗ് മല്‍സരം.
സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ പേരിലുള്ള ലോക റെക്കോര്‍ഡാണ് രോഹിത് തകര്‍ക്കാനൊരുങ്ങുന്നത്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ 120നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കൂടുതല്‍ റണ്ണെടുത്ത താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇപ്പോള്‍ എബിഡിക്കു അവകാശപ്പെട്ടതാണ്. 2015ലെ ലോകകപ്പിലായിരുന്നു 120ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 482 റണ്‍സ് വാരിക്കൂട്ടിയത്.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഈ ലോകകപ്പില്‍ രോഹിത് ഇതു തകര്‍ക്കാനൊരുങ്ങുകയാണ്. 41 റണ്‍സ് കൂടിയാല്‍ എബിഡിയെ പിന്തള്ളി ഹിറ്റ്മാന്‍ പുതിയ റെക്കോര്‍ഡിന്റെ അവകാശിയായി മാറും. ഇന്ത്യ ഇനിനകം സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചതിനാല്‍ രണ്ടു മല്‍സരങ്ങള്‍ അദ്ദേഹത്തിനു മുന്നിലുണ്ട്.
ഇന്ത്യ ഫൈനലിലേക്കു മുന്നേറുകയാണെങ്കില്‍ മൂന്നു കളികളും രോഹിത്തിനു ലഭിക്കും. 120നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കൂടുതല്‍ റണ്ണെടുത്തവരില്‍ എബിഡിയും രോഹിത്തും കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തു മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. ഇന്ത്യ ചാംപ്യന്‍മാരായ 2011ലെ ലോകകപ്പിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. അന്നു 380 റണ്‍സാണ് വീരു അടിച്ചെടുത്തത്.
സെവാഗ് കഴിഞ്ഞാല്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബ്രെന്‍ഡന്‍ മക്കെല്ലം എന്നിവരാണ്. 2015ലെ ലോകകപ്പിലായിരുന്നു ഇരുവരുടെയും വെടിക്കെട്ട് പ്രകടനം. വാര്‍ണര്‍ 345 റണ്‍സും മക്കെല്ലം 328 റണ്‍സുമാണ് ഈ ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്തത്.
2019ലെ കഴിഞ്ഞ ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്തുണ്ടായിരുന്ന രോഹിത് ഇത്തവണയും മിന്നുന്ന ഫോമിലാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നാണ് 55.25 ശരാശരിയില്‍ 122.77 സ്‌ടൈക്ക് റേറ്റോടെ ഹിറ്റ്മാന്‍ 442 റണ്‍സെടുത്തിരിക്കുന്നത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്.

എബിഡിയുടെ റെക്കോര്‍ഡ് മാത്രമല്ല ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന്റെ മറ്റൊരു റെക്കോര്‍ഡും ഈ ലോകകപ്പില്‍ രോഹിത്തിനെ കാത്തിരിക്കുകയാണ്. ലോകകപ്പില്‍ റണ്‍ ചേസുകളില്‍ കൂടുതല്‍ റണ്‍സെടുത്ത താരം ഷാക്വിബാണ്. 44 ശരാശരിയില്‍ 831 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷെ ഈ ടൂര്‍ണമെന്റില്‍ രോഹിത് ഇതും തകര്‍ത്തേക്കും.
817 റണ്‍സുമായി ഹിറ്റ്മാന്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ്. 15 റണ്‍സ് മാത്രമാണ് ഷാക്വിബിനെ പിന്തള്ളി തലപ്പത്തേക്കു കയറാന്‍ ഇനി രോഹിത്തിനു വേണ്ടത്. നെതര്‍ലാന്‍ഡ്‌സിനെതിരേ ഇന്ത്യക്കു റണ്‍ ചേസാണെങ്കില്‍ അദ്ദേഹം ഈ റെക്കോര്‍ഡ് തന്റെ പേരിലാക്കിയേക്കും. 68 എന്ന കിടിലന്‍ ശരാശരിയിലാണ് രോഹിത് 817 റണ്‍സെടുത്തിരിക്കുന്നത്.
ചേസ് മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലി (727 റണ്‍സ്, ശരാശരി 56), ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ (727, 56), ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് (692, 41) എന്നിവരാണ് ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.