ഇംഗ്ലണ്ടുമായുള്ള ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടോസ് നഷ്ടമായ ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം പാളിയപ്പോള്‍ രക്ഷകനായത് ഹിറ്റ്മാനായിരുന്നു. 30 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 127 റണ്‍സെടുത്തു നില്‍ക്കെ 75 റണ്‍സോടെ അദ്ദേഹം ക്രീസിലുണ്ട്. ഈ ഇന്നിങ്‌സിനിടെയാണ് വലിയൊരു നാഴികക്കല്ലും രോഹിത് പിന്നിട്ടിരിക്കുന്നത്.
ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യത്തെ ക്യാപ്റ്റനായി രോഹിത് മാറിയിരിക്കുകയാണ്. മാത്രമല്ല ഈ വര്‍ഷം 1000 റണ്‍സ് തികച്ച ലോകത്തിലെ മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലാണ് ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത്. 1334 റണ്‍സോടെയാണ് ഗില്‍ തലപ്പത്തുള്ളത്.

അദ്ദേഹത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്ത് ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസങ്കയാണ്. 1062 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രോഹിത് മൂന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചെല്‍ നാലാം സ്ഥാനത്തും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി അഞ്ചാം സ്ഥാനത്തു നില്‍ക്കുന്നു.
974 റണ്‍സാണ് കിവി മധ്യനിരയിലെ വിശ്വസ്തനായ മിച്ചെല്‍ നേടിയിരിക്കുന്നത്. അധികം പിന്നിലല്ലാതെ 966 റണ്‍സോടെ കോലി അഞ്ചാംസ്ഥാനത്തും നില്‍ക്കുന്നു. ഇംഗ്ലണ്ടുമായുളള ഇന്നത്തെ മല്‍സരത്തല്‍ 34 റണ്‍സെടുത്തിരുന്നെങ്കില്‍ കോലിക്കും 1000 റണ്‍സ് ക്ലബ്ബിലെത്താമായിരുന്നു. പക്ഷെ ഡെക്കായി അദ്ദേഹം ക്രീസ് വിടുകയായിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ ഇതാദ്യമായിട്ടാണ് രോഹിത് ഏകദിനത്തില്‍ ഒരു വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കയിത്. ഏറ്റവുമധികം തവണ ഒരു വര്‍ഷം 1000 റണസ് തികച്ച ഇന്ത്യന്‍ ക്യാപ്റ്റന്നെന റെക്കോര്‍ഡ് വിരാട് കോലിക്കു അവകാശപ്പെട്ടതാണ്. മൂന്നു തവണ കോലിക്കു ഈ നാഴികക്കല്ല് പിന്നിടാന്‍ സാധിച്ചിട്ടുണ്ട്. 2017, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ഇത്.

ഈ ലിസ്റ്റിലെ മറ്റു ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ്. ധോണിയും ഗാംഗുലിയും രണ്ടു തവണ വീതം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികച്ചിട്ടുണ്ട്. ഗാംഗുലിയുടെ നേട്ടം 2000, 2002 വര്‍ഷങ്ങളിലായിരുന്നു. ധോണി 2008, 09 വര്‍ഷങ്ങളിലും 1000ത്തിന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി. സച്ചിന്‍ 1997ലും അസ്ഹര്‍ 1998ലുമായിരുന്നു ഈ നേട്ടം കൈവരിച്ചത്.
ഏകദിന കരിയറില്‍ ഇതു അഞ്ചാം തവണയാണ് ഒരു താരമെന്ന നിലയില്‍ രോഹിത് ആയിരത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത്. ഇന്ത്യന്‍ താരങ്ങളുടെ ഓള്‍ടൈം ലിസ്റ്റില്‍ അദ്ദേഹം നാലാമതുമുണ്ട്. ഏഴു തവണ വീതം ആയിരത്തിനു മുകളില്‍ സ്‌കോര്‍ ചെയ്ത സച്ചിനും വിരാട് കോലിയുമാണ് ഓള്‍ടൈം റെക്കോര്‍ഡ് പങ്കിടുന്നത്. ആറു തവണ ഈ നേട്ടം കൈവരിച്ച ഗാംഗുലി തൊട്ടുതാഴെയും നില്‍ക്കുന്നു. മൂന്നാമത് ഹിറ്റ്മാനാണ്.
ഇന്നത്തെ കളിക്കിടെ മറ്റൊരു വമ്പന്‍ നേട്ടവും രോഹിത് തന്റെ പേരില്‍ കുറിച്ചിരുന്നു. വ്യക്തിത സ്‌കോര്‍ 48ല്‍ നില്‍ക്കവെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം 18,000 റണ്‍സ് പൂര്‍ത്തിയാക്കുകയായിരുന്നു. 478 ഇന്നിങ്‌സുകളാണ് ഈ നേട്ടത്തിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നത്.