ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. ആറ് വിക്കറ്റിനാണ് കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ തറപറ്റിച്ചത്. ആദ്യം ബാറ്റുചെയ്ത ഓസീസിനെ 199 റണ്‍സില്‍ ഇന്ത്യ ഒതുക്കിയപ്പോള്‍ അനായാസ ജയം തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്ത്യയുടെ തുടക്കം തികച്ചും അപ്രതീക്ഷിതമായിരുന്നു. മൂന്ന് പേരെ പൂജ്യത്തിന് മടക്കിയാണ് ഓസീസ് ഇന്ത്യയെ വിറപ്പിച്ചത്. ശുബ്മാന്‍ ഗില്ലിന് പകരമെത്തിയ ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ആദ്യം മടങ്ങിയത്.
മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇഷാന് മടക്ക ടിക്കറ്റ് നല്‍കിയത്. രോഹിത് ശര്‍മയെ ജോഷ് ഹെയ്‌സല്‍വുഡ് എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ശ്രേയസ് അയ്യരെ ഡേവിഡ് വാര്‍ണറുടെ കൈയിലുമെത്തിക്കുകയായിരുന്നു. മികച്ച ഫോമിലുണ്ടായിരുന്ന മൂന്ന് ബാറ്റ്‌സ്മാന്‍മാരാണ് പൂജ്യത്തിന് പുറത്തായത്. ഇതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പുറത്താകലാണ് ഞെട്ടിച്ചത്. വലിയ പ്രതീക്ഷവെച്ചിരുന്ന രോഹിത് അക്കൗണ്ട് തുറക്കാതെ മടങ്ങിയത് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നു.
ഒരു നിമിഷം മൈതാനം നിശബ്ദമായെന്ന് പറയാം. രോഹിത് പുറത്തായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ റിതികയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വായപൊത്തി നിരാശയോടെയിരിക്കുന്ന റിതികയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഞെട്ടിത്തരിച്ചുപോയ അവസ്ഥയിലായിരുന്നു റിതിക. കണ്ണുകള്‍ ചെറുതായി കലങ്ങി. അത്രത്തോളം നിരാശയോടെയാണ് റിതികയെ കാണപ്പെട്ടത്.
ഓസ്‌ട്രേലിയയുടെ ബാറ്റിങ് പ്രകടനം കഴിയുമ്പോഴെല്ലാം സന്തോഷത്തോടെയിരുന്ന റിതിക പെട്ടെന്ന് നിരാശയിലേക്കെത്തുകയായിരുന്നു. രോഹിത്തില്‍ നിന്ന് വലിയ പ്രകടനമാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് നിരാശപ്പെടുത്തിയപ്പോള്‍ അംഗീകരിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ലെന്ന് പറയാം. അതുകൊണ്ടുതന്നെ രോഹിത്തിന്റെ പുറത്താകല്‍ എല്ലാവരേയും ശരിക്കും ഞെട്ടിച്ചു. രാഹുലിന്റേയും കോലിയുടേയും ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ നാണംകെടുമായിരുന്നു.

അതേ സമയം ഇന്ത്യയുടെ വിജയത്തിന് കെ എല്‍ രാഹുലിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അതിയ ഷെട്ടി ഹാപ്പിയാണ്. ഇന്ത്യയുടെ വിജയത്തിന് ശേഷം രാഹുലിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് അതിയ ആശംസ നേര്‍ന്നത്. ഇരുവരുടേയും വിവാഹത്തിന് ശേഷം നടക്കുന്ന ആദ്യത്തെ രണ്ട് ടൂര്‍ണമെന്റിലും രാഹുല്‍ തിളങ്ങി. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ സെഞ്ച്വറി നേടിയ രാഹുല്‍ ലോകകപ്പിലെ ആദ്യ മത്സരത്തിലും കസറിയിരിക്കുകയാണ്.
ശേഷിക്കുന്ന മത്സരത്തിലും ഇതേ മികവ് തുടരാന്‍ രാഹുലിനാവുമെന്ന് പ്രതീക്ഷിക്കാം. വിരാട് കോലിയുടെ പ്രകടനവും ഗംഭീരമായിരുന്നു. തുടക്കത്തിലേ ഒരു ലൈഫ് ലഭിച്ചശേഷം പിന്നെ കോലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സെഞ്ച്വറിക്കായി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് കോലി പുറത്തായത്. വിക്കറ്റ് നഷ്ടമായതില്‍ കോലിയും കടുത്ത നിരാശയിലായിരുന്നു. ഡ്രസിങ് റൂമില്‍ പോയി മുഖത്ത് കൈവെച്ച് നിരാശയോടെ ഏറെ നേരം കോലിയിരുന്നു.
കോലിയുടെ പ്രകടനവും എല്ലാവരുടേയും അഭിനന്ദനം നേടി. ഇന്ത്യയുടെ അടുത്ത മത്സരം പാകിസ്താനെതിരേയാണ്. ഇൗ മത്സരത്തിലൂടെ രോഹിത് ശര്‍മ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച് സെമിയിലെത്തിച്ചത് രോഹിത്തായിരുന്നു. ഇത്തവണ സ്വന്തം മണ്ണില്‍ ലോകകപ്പ് നടക്കുമ്പോള്‍ ഇതിലും മികച്ച പ്രകടനം രോഹിത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ബൗഴളര്‍മാരുടെ പ്രകടനം ആത്മവിശ്വാസം ഉയര്‍ത്തുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാദ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം മികവ് കാട്ടുന്നുണ്ട്. ഓസീസിന്റെ പേരുകേട്ട ബാറ്റിങ് നിരയെപ്പോലും വിറപ്പിക്കാന്‍ ഇന്ത്യക്കായി എന്നതാണ് എടുത്തു പറയേണ്ടത്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാനും കപ്പിലേക്കെത്താനും ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അടുത്ത മത്സരത്തില്‍ ശുബ്മാന്‍ ഗില്‍ മടങ്ങിയെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിക്കും.