ഐപിഎല്ലിന്റെ 16ാം സീസണിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു സൂപ്പര്‍ താരത്തെക്കൂടി ലഭിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ കസറിയ ഉത്തര്‍പ്രദേശ് താരം റിങ്കു സിങാണിത്. കെകെആറിന്റെ ഈ സീസണിലെ അവസാന മല്‍സരത്തിലും കൈയടി വാങ്ങിയാണ് അദ്ദേഹം ക്രീസ് വിട്ടത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ത്രില്ലറില്‍ കെകെആര്‍ ഒരു റണ്‍സിനു പൊരുതി വീണെങ്കിലും കൈയടി മുഴുവന്‍ റിങ്കുവിനായിരുന്നു. ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷ നഷ്ടപ്പെട്ട കെകെആറിനെ ജയത്തിനു പടിവാതില്‍ക്കെ വരെയെത്തിച്ചത് അദ്ദേഹമായിരുന്നു. 33 ബോളില്‍ പുറത്താവാതെ 67 റണ്‍സാണ് താരം നേടിയത്. ആറു ഫോറും നാലു സിക്‌സറുമടക്കമായിരുന്നു ഇത്.

ആവേശകരമായ റണ്‍ചേസില്‍ അവസാനത്തെ മൂന്നു ബോളില്‍ മൂന്നു സിക്‌സറുകളായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയിരുന്നത്. നാലാമത്തെ ബോളില്‍ സിക്‌സര്‍ പറത്തിക്കൊണ്ട് റിങ്കു സിങ് ആ
ആദ്യത്തെ കടമ്പ പിന്നിട്ടു. പക്ഷെ അടുത്ത ബോളില്‍ സിക്‌സറിനു പകരം ഫോറടിക്കാനേ അദ്ദേഹത്തിനായുള്ളൂ. അവസാനത്തെ ബോളില്‍ റിങ്കു സിക്‌സര്‍ പായിച്ചെങ്കിലും കളി കൈവിട്ടു പോയി. വെറും ഒരു റണ്‍സിനു ലഖ്‌നൗ രക്ഷപ്പെടുകയായിരുന്നു.
ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരം കൂടിയാണ് റിങ്കു സിങ്. 14 മല്‍സരങ്ങളില്‍ നിന്നും 59.25 ശരാരിയില്‍ 149.52 സ്‌ട്രൈക്ക് റേറ്റോടെ 474 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ലഖ്‌നൗവുമായുള്ള അവസാനത്തെ മാച്ചില്‍ പുറത്താവാതെ നേടിയ 67 റണ്‍സാണ് റിങ്കുവിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരം കൂടിയാണ് റിങ്കു സിങ്. ഇതിനുള്ള മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. പരിക്കേറ്റു വിശ്രമിക്കുന്ന റിഷഭ് പന്തിനു ലോകകപ്പില്‍ കളിക്കാനാവുമോയെന്ന കാര്യം സംശയമാണ്. റിഷഭിനു പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ ഈ അഭാവം നികത്താന്‍ ഏറ്റവും മിടുക്കനായ താരമാണ് റിങ്കു. ലോകകപ്പില്‍ ഫിനിഷറുടെ റോളില്‍ ഇന്ത്യക്കായി കസറാന്‍ അദ്ദേഹത്തിനു കഴിയും.

ഇത്തവണ ഐപിഎലില്‍ കൊല്‍ത്തയ്ക്കായി ഡെത്ത് ഓവറുകളില്‍ മാത്രം റിങ്കു സിങ് വാരിക്കൂട്ടിയത് 239 റണ്‍സാണ്. 194 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. 12 തവണയായിരുന്നു ഡെത്ത് ഓവറുകളില്‍ അദ്ദേഹം ബാറ്റ് വീശിയത്. 20 സിക്‌സറുകളും 15 ഫോറുകളും സ്‌കോര്‍ ചെയ്യുകയും ചെയ്തു.
റിങ്കു സിങ് ലോകകപ്പ് ടീമില്‍ സ്ഥാനമര്‍ഹിക്കാനുള്ള രണ്ടാമത്തെ കാരണം പേസര്‍മാരെ നേരിടുന്നതിലുള്ള മിടുക്കും സ്പിന്നര്‍മാര്‍ക്കെതിരേ ശ്രദ്ധാപൂര്‍വ്വമുള്ള സമീപനവുമാണ്. പേസര്‍മാരെ യാതൊരു കൂസലുമില്ലാതെയായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. നിരവധി സിക്‌സറുകള്‍ പേസര്‍മാര്‍ക്കെതിരേ പറത്തുകയും ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മാച്ചില്‍ അവസാന ഓവറില്‍ പേസര്‍ യഷ് ദയാലിനെതിരേ അഞ്ചു സിക്‌സറുകളാണ് റിങ്കു നേടിയത്.
പേസര്‍മാര്‍ക്കെതിരേ 177 സ്‌ട്രൈക്ക് റേറ്റില്‍ 326 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. പേസര്‍മാര്‍ക്കു വിക്കറ്റ് സമ്മാനിച്ചത് നാലു വെറും നാലു തവണ മാത്രം. സ്പിന്നര്‍മാര്‍ക്കെതിരേയാവട്ടെ 112 സ്‌ട്രൈക്ക് റേറ്റില്‍ 148 റണ്‍സാണ റിങ്കു സ്‌കോര്‍ ചെയ്തത്.
ലിസ്റ്റ് എ ക്രിക്കറ്റിലെ മികച്ച റെക്കോര്‍ഡാണ് റിങ്കു സിങിനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം. ലിസ്റ്റ് എ ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനമാണ് താരം ഇതുവരെ കാഴ്ചവച്ചിരിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ റിങ്കു 46 മല്‍സരങ്ങളില്‍ നിന്നും 53 ശരാശരിയും 95 സ്‌ട്രൈക്ക് റേറ്റും റിങ്കുവിനുണ്ട്. 15 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും അദ്ദേഹം നേടുകയും ചെയ്തു.