Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ലോകകപ്പ് കളിക്കാന്‍ യോഗ്യര്‍, പക്ഷെ ടീമിന് യോഗ്യത നേടാനായില്ല! 5 പേരിതാ

ഏകദിന ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. വിശ്വ വിജയികളെ കണ്ടെത്തുന്നതിനായുള്ള പോരാട്ടത്തില്‍ ഗംഭീര പ്രകടനം നടത്താന്‍ ആഗ്രഹിക്കാത്ത ക്രിക്കറ്റ് താരങ്ങളുണ്ടാവില്ല. എന്നാല്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മികച്ച പല താരങ്ങള്‍ക്കും ഒരു തവണ പോലും ലോകകപ്പിന്റെ ഭാഗമാവാന്‍ സാധിക്കാതെ പോയിട്ടുണ്ട്. ഇടം അര്‍ഹിക്കുന്നവരായിട്ടും പല കാരണങ്ങളാല്‍ ലോകകപ്പ് കളിക്കാന്‍ സാധിക്കാത്തവര്‍ക്കൊപ്പം ഇത്തവണയും ചിലര്‍ പേരുചേര്‍ത്തിട്ടുണ്ട്.

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ പല പ്രമുഖ ടീമുകളും നിരാശപ്പെടുത്തിയപ്പോള്‍ അര്‍ഹതപ്പെട്ട ചില താരങ്ങളുടെ ലോകകപ്പെന്ന മോഹം കൂടിയാണ് തകര്‍ന്നത്. ലോകകപ്പ് കളിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ടീമിന് യോഗ്യതയില്ലാത്തതിനാല്‍ കരക്കിരുന്ന് ലോകകപ്പ് കാണേണ്ടി വരുന്ന അഞ്ച് നിര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സിംബാബ്‌വെയുടെ സിക്കന്തര്‍ റാസയാണ് ഒന്നാമത്തെ താരം. ഇടവേളക്ക് ശേഷം സിംബാബ്‌വെ ഇത്തവണ ലോകകപ്പ് യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ യോഗ്യത നേടാന്‍ സാധിച്ചില്ല. ഇതോടെ റാസയുടെ ലോകകപ്പ് മോഹങ്ങളും അവസാനിച്ചു. ഓള്‍റൗണ്ടറായ റാസ മറ്റേതെങ്കിലും ടീമിനൊപ്പമായിരുന്നെങ്കിലും ഇന്ന് സൂപ്പര്‍ താരമായി മാറുമായിരുന്നു. സിംബാബ്‌വെയിലായതുകൊണ്ട് ഒതുങ്ങിപ്പോയ പ്രതിഭയാണ് റാസ.

യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിനോടും സ്‌കോട്ട്‌ലന്‍ഡിനോടും തോറ്റതോടെയാണ് സിംബാബ്‌വെക്ക് ലോകകപ്പ് യോഗ്യത നേടിയെടുക്കാന്‍ സാധിക്കാതെ പോയത്. 37കാരനായ റാസക്ക് ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ബാല്യമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭാവം ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ്. സിംബാബ്‌വെയുടെ മറ്റൊരു ഓള്‍റൗണ്ടറായ സീന്‍ വില്യംസാണ് മറ്റൊരു താരം.

nicholas pooran

സിംബാബ്‌വെക്ക് ലോകകപ്പ് യോഗ്യത നേടാനാവാതെ പോയതോടെ സീന്‍ വില്യംസിന്റെ ലോകകപ്പ് മോഹങ്ങളുമാണ് അവസാനിച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് 600 റണ്‍സാണ് യോഗ്യതാ റൗണ്ടില്‍ അദ്ദേഹം നേടിയത്. 100 ശരാശരിയില്‍ ബാറ്റുവീശിയ സീന്‍ വില്യംസായിരുന്നു യോഗ്യതാ റൗണ്ടിലെ ടോപ് സ്‌കോററും. എന്നിട്ടും സിംബാബ്‌വെക്ക് യോഗ്യത നേടിയെടുക്കാനായില്ല. ഇതോടെ സീന്‍ വില്യംസിനും ലോകകപ്പ് കളിക്കാനാവാതെ പോയി.

വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാനാണ് മറ്റൊരാള്‍. ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ പുരാന്‍ ലോകകപ്പ് കളിക്കാന്‍ യോഗ്യതയുള്ള കളിക്കാരന്മാരിലൊരാളാണ്. അടിച്ചുതകര്‍ത്തുകളിക്കാന്‍ ശേഷിയുള്ള താരം ഐപിഎല്ലിലടക്കം തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ പുരാന് സാധിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് യോഗ്യത നേടാനാവാതെ പോയതോടെ അദ്ദേഹത്തിനും ലോകകപ്പ് പുറത്തിരുന്ന് കാണേണ്ടിവരും.

രണ്ട് തവണ ഏകദിന ലോകകപ്പ് കിരീടം ചൂടിയ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ ലോകകപ്പിനില്ലെന്നത് അംഗീകരിക്കാന്‍ പ്രയാസമുള്ള സത്യമാണ്. മോശം ബൗളിങ് പ്രകടനമാണ് ഇത്തവണ വിന്‍ഡീസിനെ പിന്നോട്ടടിച്ചത്. ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയവും സൂപ്പര്‍ താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതയുമെല്ലാം വെസ്റ്റ് ഇന്‍ഡീസിന്റെ ദയനീയാവസ്ഥയുടെ കാരണമായി പറയാം.

പോള്‍ സ്റ്റിര്‍ലിങ്ങാണ് മറ്റൊരു താരം. അയര്‍ലന്‍ഡിനും ഇത്തവണ യോഗ്യത നേടാനാവാതെ പോയതോടെയാണ് സ്റ്റിര്‍ലിങ്ങിന്റെ ലോകകപ്പ് മോഹം പൊലിഞ്ഞത്. അയര്‍ലന്‍ഡല്ലാതെ മറ്റൊരു ടീമായിരുന്നെങ്കില്‍ സൂപ്പര്‍ താര പദവിയിലേക്കെത്താന്‍ മിടുക്കുള്ളവനായിരുന്ന സ്റ്റിര്‍ലിങ്. സ്ഥിരതയോടെ കളിച്ചിട്ടും വെടിക്കെട്ട് ബാറ്റ്‌സ്മാന് ലോകകപ്പ് കളിക്കാന്‍ യോഗമുണ്ടായില്ല. ഇനി ഒരു ലോകകപ്പ് കളിക്കാനുള്ള സാധ്യതയും വിരളമാണെന്ന് പറയാം.

സ്‌കോട്ട്‌ലന്‍ഡിന്റെ ക്രിസ് സോളാണ് മറ്റൊരു താരം. വലം കൈയന്‍ പേസറായ സോളിന് തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുണ്ട്. ലോകകപ്പില്‍ എല്ലാവരെയും വിറപ്പിക്കാന്‍ സാധിക്കുന്ന ബൗളിങ് കാഴ്ചവെക്കാന്‍ സോള്‍ ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സ്‌കോട്ട്‌ലന്‍ഡിന് ലോകകപ്പ് യോഗ്യതയില്ലാത്തതിനാല്‍ സോളിനും പുറത്തിരുന്ന് ലോകകപ്പ് കാണാനാണ് വിധി.

Story first published: Friday, July 7, 2023, 21:50 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+