ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള മല്‍സരക്രമവും വേദികളും പ്രഖ്യാപിച്ചതിനു പിന്നാലെ കിരീട ഫേവറിറ്റുകളെക്കുറിച്ചും ഇന്ത്യയുടെ കിരീട സാധ്യതയെക്കുറിച്ചുമെല്ലാം അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസം ക്രിസ് ശ്രീകാന്ത്. സ്‌പോര്‍ട്‌സ് ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു 1983ലെ ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗവും ഇന്ത്യയുടെ മുന്‍ മുഖ്യ സെലക്ടറുമായ അദ്ദേഹം.
2011ല്‍ ലോക ചാംപ്യന്‍മാരായിട്ടുള്ള ഇന്ത്യന്‍ സംഘത്തില്‍ വളരെ മികച്ച കളിക്കാരുണ്ടായിരുന്നു. നിരവധി ഓള്‍റൗണ്ടര്‍മാരുള്‍പ്പെട്ട സംഘമായിരുന്നു നമ്മുടേത്. എംഎസ് ധോണി വളരെ നന്നായി ടീമിനെ നയിക്കുകയും ചെയ്തു. അന്നു നമ്മുടെ ടീമില്‍ യുവരാജ് സിങുണ്ടായിരുന്നു. യുവരാജ് അന്നു ടീമിനു വേണ്ടി നടത്തിയതു പോലെയുള്ള പ്രകടനം ഇത്തവണ പുറത്തെടുക്കാന്‍ രവീന്ദ്ര ജഡേജയ്ക്കു സാധിക്കും.

കൂടാതെ അക്ഷര്‍ പട്ടേലും ഇന്ത്യക്കു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള താരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ ജയിക്കണമെങ്കില്‍ ഈ താരങ്ങള്‍ നിര്‍ണായക പങ്കുവഹിക്കണമെന്നും ശ്രീകാന്ത് വിശദമാക്കി.
വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ടീ സെലക്ഷനെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. പക്ഷെ ശുഭ്മന്‍ ഗില്‍ ഇവിടെ ദീര്‍ഘകാലം തുടരുക തന്നെ ചെയ്യും അതു നമ്മള്‍ അംഗീകരിച്ചേ തീരൂ. 2022 ഡിസംബര്‍ മുതല്‍ വളരെ മികച്ച ഫോമിലാണ് അവന്‍ കളിച്ചുകെണ്ടിരിക്കുന്നത്. 2023 എന്നത് ഗില്ലിനെ സംബന്ധിച്ച് സുവര്‍ണ വര്‍ഷമായും മാറിയിരിക്കുകയാണ്.
ടെസ്റ്റായാലും ഏകദിനമായാലും ടി20യായാലും എല്ലാത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അവനു സാധിക്കുന്നു. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിക്കഴിഞ്ഞ താരമാണ് ഗില്ലെന്നതു നമ്മള്‍ മനസ്സിലാക്കണം. എങ്ങനെ കളിക്കണമെന്നും തന്റെ ഇന്നിങ്‌സിനു എങ്ങനെ വേഗം കൂട്ടണമെന്നുമെല്ലാം അവനറിയാം. ഗില്ലില്‍ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഇതാണെന്നു ശ്രീകാന്ത് വിശദമാക്കി.
ഇഷാന്‍ കിഷനും വളരെയധികം കഴിവുറ്റ യുവതാരമാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനു ഇടം ലഭിക്കുമോയെന്ന കാര്യം എനിക്കറിയില്ല. ടീമിലെത്തുകയാണെങ്കില്‍ വളരെ അപകടകാരിയായ ക്രിക്കറ്ററായി മാറാന്‍ ഇഷാന് സാധിക്കും. അവന്‍ മികച്ച പ്ലെയറാണെന്നു ഞാന്‍ വിശ്വസിക്കുന്നു. റിഷഭ് പന്തിന്റെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സത്യമെന്നു നമുക്കറിയില്ല.

ലോകകപ്പില്‍ റിഷഭ് വിക്കറ്റ് കീപ്പറായി കളിക്കുകയാണെങ്കില്‍ കിരീട ഫേവറിറ്റുകളില്‍ ഇന്ത്യയായിരിക്കും ഏറ്റവും മുന്നിലെന്നു ഞാന്‍ ഉറപ്പിച്ചു പറയും. പക്ഷെ റിഷഭിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് നമുക്ക് അറിയില്ല. ലോകകപ്പിനു മുമ്പ് അവനു എത്രമാത്രം ഫിറ്റ്‌നസ് നേടിയെടുക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ചും അറിയില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.
കെഎല്‍ രാഹുല്‍ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മധ്യനിരയില്‍ കളിക്കണമെന്നു ഞാന്‍ വിശ്വസിക്കുന്നു. രാഹുല്‍ വളരെ മികച്ച താരമാണ്. ലോകകപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തീര്‍ച്ചയായും ഇന്ത്യന്‍ ടീമിനു മുതല്‍ക്കൂട്ടാവുമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
നമുക്ക് ഓപ്പണിങില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമുണ്ട്. മൂന്നാം നമ്പറില്‍ കിങ് കോലിയും കളിക്കും. ഈ ഫോര്‍മാറ്റില്‍ അതിശയിപ്പിക്കുന്ന താരമാണ് കോലി. അദ്ദേഹം മികച്ച ഫോമിലുമാണ്. അതുകൊണ്ടു തന്നെ ലോകപ്പ് നേടാനുള്ള എല്ലാ ശേഷിയും ടീമിനുണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍ ഇന്ത്യ മാത്രമാണെന്നു ഞാന്‍ പറയില്ല. ഫേവറിറ്റുകളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് എന്റെ അഭിപ്രായം. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് കിരീട ഫേവറിറ്റുകളായ മറ്റു രണ്ടു ടീമുകള്‍. ഈ മൂന്നു ടീമുകളിലൊന്ന് ഉറപ്പായും കിരീടം നേടുമെന്നാണ് ഞാന്‍ കരുതുന്നത്. ഇംഗ്ലണ്ട് വളരെ അറ്റാക്കിങ് ക്രിക്കറ്റാണ് എല്ലാ ഫോര്‍മാറ്റുകളിലും കളിച്ചു കൊണ്ടിരിക്കുന്നത്.
ടി20യായാലും ടെസ്റ്റായാലും ഏകദിനമായാലും 2015ലെ ഏകദിന ലോകകപ്പിലെ തോല്‍വിക്കു ശേഷം ഇംഗ്ലണ്ട് അവരുട ശൈലിയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. 2019ലെ ലോകകപ്പില്‍ നമ്മള്‍ ഇതു കണ്ടിട്ടുള്ളതാണ്. ഇപ്പോള്‍ നടക്കുന്ന ആഷസിലും നമുക്കു ഇതു കാണാന്‍ സാധിക്കും. പക്ഷെ ലോകപ്പില്‍ ഇംഗ്ലണ്ടിനേക്കാള്‍ ഫേവറിറ്റ് ഓസ്‌ട്രേലിയയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഇന്ത്യയില്‍ വളരെ നന്നായി കളിക്കുന്ന ടീമാണ് ഓസ്‌ട്രേലിയ. കൂടാതെ ഓസീസിന്റെ ഒരുപാട് താരങ്ങള്‍ ഐപിഎല്ലില്‍ വിവിധ ടീമുകളില്‍ കളിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് അവര്‍ക്കു നല്ല ബോധ്യവുമുണ്ട്.
ഇംഗ്ലണ്ട് താരങ്ങള്‍ക്കും ഐപിഎല്ലില്‍ കളിക്കുന്നതിനാല്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ പരിചിതാണ്. അതിനാല്‍ തന്നെയാണ് ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ കിരീട ഫേവറിറ്റുകളായി താന്‍ തിരഞ്ഞെടുക്കുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കി.