ന്യൂസിലാന്‍ഡുമായുള്ള ലോകകപ്പ് പോരാട്ടത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വന്‍ അബദ്ധം കണ്ട് ക്രിക്കറ്റ് ലോകം അമ്പരന്നിരിക്കുകയാണ്. നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ജഡ്ഡുവിന് ഇത്തരമൊരു പിഴവ് സംഭവിക്കുമെന്ന് ആരും സ്വപ്‌നം പോലും കണ്ടിരുന്നില്ല. പറന്നു ക്യാച്ചുകളെടുക്കാറുള്ള അദ്ദേഹം കൈകളിലേക്കു വന്ന ഒരു സിംപിള്‍ ക്യാച്ചാണ് താഴെയിട്ടത്. ഇതു കണ്ട ജഡേജയുടെ ഭാര്യയുടെ പ്രതികരണവും വൈറലാവുകയാണ്.
ബംഗ്ലാദേശുമായുളള തൊട്ടുമുമ്പത്തെ കളിയില്‍ മികച്ച ഫീല്‍ഡര്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ മെഡല്‍ ലഭിച്ചത് ജഡേജയ്ക്കായിരുന്നു. ഇതേ ജഡ്ഡു തന്നെയാണ് ഇന്നു ഒരു അവിശ്വസനീയ പിഴവ് കാണിച്ച് പഴി കേട്ടിരിക്കുന്നത്. ധര്‍മശാലയില്‍ നടക്കുന്ന മല്‍സരത്തിന്റെ 11ാം ഓവറിലായിരുന്നു ഇന്ത്യന്‍ ആരാധകരെ മുഴുവന്‍ സ്തബ്ധരാക്കിയ നിമിഷം. ന്യൂസിലാന്‍ഡ് അപ്പോള്‍ രണ്ടു വിക്കറ്റിനു 34 റണ്‍സെന്ന നിലയിലായിരുന്നു. ആറു റണ്‍സുമായി രചിന്‍ രവീന്ദ്രയും ഏഴു റണ്‍സോടെ ഡാരില്‍ മിച്ചെലുമായിരുന്നു ക്രീസില്‍.

മുഹമ്മദ് ഷമിയെറിഞ്ഞ 11ാം ഓവറിലെ ആദ്യത്തെ രണ്ടു ബോളിലും രവീന്ദ്രയ്ക്കു റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാമത്തെ ബോളില്‍ രവീന്ദ്ര ഡബിളെടുത്തു. നാലാമത്തെ ബോളില്‍ താരം ബൗണ്ടറിയുമടിച്ചു. അഞ്ചാമത്തെ ബോളില്‍ രവീന്ദ്രയുടെ ഷോട്ട് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ നേരെ ജഡേജയുടെ കൈകളിലേക്കാണ് വന്നത്. കാല്‍മുട്ടിന്റെ ഉയരത്തില്‍ വന്ന ബോള്‍ അദ്ദേഹത്തിന്റെ കൈകള്‍ക്കു പാകമായിരുന്നു. പക്ഷെ കൈകളില്‍ വീണ ശേഷം ബോള്‍ പുറത്തേക്കു തെറിച്ചപ്പോള്‍ ജഡേജ അവിശ്വസനീയതോടെ ചിരിച്ചപ്പോള്‍ ആരാധകരുടെ മുഖത്തു ഞെട്ടലായിരുന്നു.
രവീന്ദ്ര ജഡേജ ക്യാച്ച് പാഴാക്കുന്ന വീഡിയോ
മല്‍സരം കാണാന്‍ ജഡേജയുടെ ഭാര്യ റിവാബയും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഞെട്ടലോടെ മുഖത്ത് ഇരുകൈകളും കൈവച്ചായിരുന്നു റിവാബ ഇതിനോടു പ്രതികരിച്ചത്. ജഡേജ ഈ ക്യാച്ചെടുത്തിരുന്നെങ്കില്‍ ന്യൂസിലാന്‍ഡ് മൂന്നു വിക്കറ്റിനു 40 റണ്‍സിലേക്കു വീഴുകയും ചെയ്യുമായിരുന്നു. രവീന്ദ്രയാവട്ടെ വെറും 12 റണ്‍സ് മാത്രമേ അപ്പോൾ നേടുകയും ചെയ്തിരുന്നുള്ളൂ.

ജഡേജ ആയുസ് നീട്ടിക്കൊടുത്തോടെ രവീന്ദ്ര ഇതു ശരിക്കും മുതലെടുക്കുകയും ചെയ്തു. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ കൂസലില്ലാതെ നേരിട്ട താരം അനായാസം റണ്‍സ് വാരിക്കൂട്ടുകയും മിച്ചെലിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കാനും രവീന്ദ്രയ്ക്കു സാധിച്ചിരുന്നു.
മല്‍സരം 31 ഓവറുകള്‍ പിന്നിടുമ്പോള്‍ ന്യൂസിലാന്‍ഡ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെന്ന ശക്തമായ നിലയിലുമാണ്. 68 റണ്‍സ് വീതമെടുത്ത രവീന്ദ്രയും മിച്ചെലുമാണ് ക്രീസിലുള്ളത്. 137 ബോളില്‍ 141 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. റണ്ണൊന്നുമെടുക്കാതെ ഡെവന്‍ കോണ്‍വേയും 17 റണ്‍സെടുത്ത വില്‍ യങുമാണ് ന്യൂസിലാന്‍ഡ് നിരയില്‍ പുറത്തായത്. കോണ്‍വേയെ മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ യങിന്റെ വിക്കറ്റ് ഷമിക്കുമായിരുന്നു.
ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കു കാരണം ഹാര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ ഒഴിവാക്കുകയും ചെയ്തു. പകരം സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയുമാണ് ടീമിലേക്കു വന്നത്. ടൂര്‍ണമെന്റില്‍ ഇരുവരുടെയും ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.