World Cup 2023: ഐപിഎല്ലില്‍ മിന്നിച്ചു, ഈ മൂന്ന് യുവ താരങ്ങളെ ഇന്ത്യന്‍ ടീമിലെടുക്കൂ!
ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ഐപിഎല്ലില്‍ കസറിയ മൂന്ന് അണ്‍ക്യാപ്ഡ് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വേണമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയാണ് ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. ചില യുവതാരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇവരില്‍ നിന്നാണ് ലോകകപ്പില്‍ സ്ഥാനമര്‍ഹിക്കുന്ന മൂന്നു പേരെ ശാസ്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍മെഷീനായി മാറിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ പേരാണ് രവി ശാസ്ത്രി ആദ്യം പറഞ്ഞിരിക്കുന്നത്. ഈ സീസണില്‍ 550ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞ അദ്ദേഹം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാര പട്ടികയിലും മുന്നില്‍ നില്‍ക്കുകയാണ്. ഐസിസി റിവ്യുവില്‍ സഞ്ജന ഗണേശനുമായി സംസാരിക്കവെയായിരുന്നു ലോകകപ്പ് ടീമില്‍ സ്ഥാമര്‍ഹിക്കുന്ന അണ്‍ ക്യാപ്ഡ് താരങ്ങളെക്കുറിച്ച് രവി ശാസ്ത്രി പറഞ്ഞത്.

ഞാന്‍ തിരഞ്ഞടുത്തവരില്‍ ഒരാള്‍ യശസ്വി ജയ്‌സ്വാളാണ്. കാരണം അത്രയും ഉജ്ജ്വലമായിട്ടാണ് ഈ സീസണില്‍ അവന്‍ റോയല്‍സിനായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നത്. എന്നെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ കണ്ട ജയ്‌സ്വാളില്‍ നിന്നും വലിയ പുരോഗതിയാണ് ഇത്തവണ കാണാന്‍ സാധിച്ചത്. ഇതു വളരെയധികം പോസിറ്റീവായ സൂചന തന്നെയാണ്.
തന്റെ ഗെയിം മെച്ചപ്പെടുത്താനും, കാര്യങ്ങള്‍ നന്നായി ക്രമീകരിക്കാനും, ഓള്‍റൗണ്ട് ഗെയിം കളിക്കാനും തയ്യാറെടുക്കുന്ന ഒരു യുവതാരമുണ്ടെന്നും അവന്‍ ഈ സീസണില്‍ അതു ചെയ്തുവെന്നുമാണ് ഇതു കാണിക്കുന്നത്. ഷോട്ടുകളില്‍ അവന്റെ കരുത്തും ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലെ ഗ്യാപ്പുകളിലൂടെ അവന്‍ പായിക്കുന്ന ഷോട്ടുകളും വളരെ മികച്ചതാണെന്നും രവി ശാസ്ത്രി വിലയിരുത്തി.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ റിങ്കു സിങാണ് രവി ശാസ്ത്രി ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു നിര്‍ദേശിച്ചിരിക്കുന്ന രണ്ടാമത്തെ താരം. റിങ്കു സിങിന്റേത് എന്തൊരു മഹത്തായ കഥയാണ്. ഓരോ തവണ അവനെ കാണുമ്പോഴും അതിശയിപ്പിക്കുന്ന സ്വഭാവത്തിലൂടെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

റിങ്കു മാനസികമായി വളരെ കരുത്തുറ്റവനാണ്. യശസ്വി ജയ്‌സ്വാളും റിങ്കുവും ജീവിതത്തില്‍ വളരെ കടുപ്പമേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ്. തുടക്ക കാലത്തു ജീവിതത്തില്‍ വളരെയധികം കഠിനാധ്വാനം ചെയ്തവരാണ് ഇവര്‍. എളുപ്പത്തില്‍ ഇവര്‍ ഒന്നും തന്നെ നേടിയിട്ടില്ല. അതുകൊണ്ടു തന്നെ റിങ്കുവിലും ജയ്‌സ്വാളിലും ഈ ദാഹവും പാഷനുമെല്ലാം കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ആവശ്യമായ ആഗ്രഹവുമെല്ലാം നിങ്ങള്‍ക്കു കാണാന്‍ സാധിക്കുമെന്നും രവി ശാസ്ത്രി നിരീക്ഷിച്ചു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചെങ്കിലും ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ വേണ്ട മൂന്നാമത്തെയാള്‍ മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മയാണെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇടംകൈയനായ സായ് സുദര്‍ശന്റെ പ്രകടനവും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. പക്ഷെ അവനു മുകളില്‍ ഞാന്‍ തിരഞ്ഞെടുക്കുക തിലക് വര്‍മയെയായിരിക്കും.
യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ് എന്നിവര്‍ക്കൊപ്പം തിലകിനെയും ഞാന്‍ ടീമിലേക്കു എടുക്കും. ഇവര്‍ക്കൊപ്പം റുതുരാജ് ഗെയ്ക്വാദും ഞാന്‍ പരിഗണിക്കുന്നയാളാണ്. ഇവരെല്ലാം ലോകകപ്പ് സെലക്ഷനായി മുന്നോട്ടു വരാന്‍ സാധിക്കുന്ന കളിക്കാരാണ്. ലോകകപ്പിനോടു അടുത്തുള്ള ഫോമിനെയും ഏതെങ്കിലും താരങ്ങളുടെ പരിക്കിനെയും ആശ്രയിച്ചായിരിക്കും ഇവരെ ലോകകപ്പ് ടീമിലേക്കു ഇന്ത്യ പരിഗണിക്കേണ്ടതെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications