മുംബൈ: ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം എട്ടാം തീയ്യതി നടക്കാന്‍ പോവുകയാണ്. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ആതിഥേയരെന്ന നിലയില്‍ ലോകകപ്പ് കിരീടം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം കരുത്തരുടെ നിരയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താരനിര ഇത്തവണ ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ കണക്കുകള്‍ ഇന്ത്യക്ക് വലിയ കിരീട സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ വേണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനം മോശമായതിനാല്‍ ഒരു ഇന്ത്യ എക്‌സ്ട്രാ ബാറ്റ്‌സ്മാനെ കളിപ്പിക്കണമെന്ന നിര്‍ദേശം പലരും മുന്നോട്ട് വെക്കുന്നുണ്ട്. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ആരാവും ഇത്തവണ എക്‌സ് ഫാക്ടര്‍?. എംഎസ് ധോണിയെപ്പോലെ ഡെത്ത് ഓവറില്‍ കസറാന്‍ സാധിക്കുന്ന സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ തുറുപ്പുചീട്ടെന്നാണ് സുരേഷ് റെയ്‌ന പറയുന്നത്.
ധോണിയുടെ അതേ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള താരമെന്നാണ് സൂര്യകുമാറിനെ റെയ്‌ന വിശേഷിപ്പിച്ചത്. 'എംഎസ് ധോണിയെപ്പോലെ ഡെത്തോവറില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ നിലവിലെ ഏതെങ്കിലും താരത്തിന് സാധിക്കുമെങ്കില്‍ അത് സൂര്യകുമാര്‍ യാദവിനാണ്'-സ്‌പോര്‍ട്‌സ്‌കീഡയോട് സംസാരിക്കവെ റെയ്‌ന പറഞ്ഞു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. നേരിടുന്ന കുറച്ച് പന്തുകളില്‍ നിന്ന് തന്നെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യ.
മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ സൂര്യക്ക് കഴിവുണ്ട്. എബി ഡിവില്ലിയേഴ്‌സിനെപ്പോലെ കളിക്കുന്ന സൂര്യ അവസാന 10 ഓവറുകളില്‍ നിര്‍ണ്ണായക റണ്‍സ് ടീം സ്‌കോറിനോട് ചേര്‍ക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന സൂര്യകുമാര്‍ വിക്കറ്റ് കാത്ത് കളിക്കുന്ന താരമല്ല. അതുകൊണ്ടുതന്നെ ഫിനിഷര്‍ റോളിലും വിശ്വസ്തനായി കാണാനാവില്ല.

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടാന്‍ സാധ്യത വളരെ കുറവാണ്. പരിക്ക് ഏതെങ്കിലും താരത്തെ വേട്ടയാടിയാല്‍ പകരക്കാരന്റെ റോളില്‍ സൂര്യ പരിഗണിക്കപ്പെട്ടേക്കും. അല്ലാത്ത പക്ഷം സൂര്യക്ക് അവസരം ലഭിക്കുക പ്രയാസമാണെന്ന് പറയാം. ഇന്ത്യയുടെ പ്രധാന പ്രതീക്ഷ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ്ങിലാണ്. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള ഇരുവര്‍ക്കും ലോകകപ്പിലും ഇതേ മികവ് തുടരാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.
ശുബ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ നിര്‍ണ്ണായക താരമായാണ് റെയ്‌ന വിശേഷിപ്പിക്കുന്നത്. 'ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ ഏറ്റവും ശക്തനായ താരങ്ങളിലൊരാളാണ്. മികച്ച ഫോമില്‍ കളിക്കുന്ന ഗില്ലിന് ഏകദിനത്തില്‍ മികച്ച റെക്കോഡുകളുമുണ്ട്. രോഹിത്തിനും കോലിക്കുമൊപ്പം കുറച്ചുനാള്‍ കളിച്ചതിന് പിന്നാലെ ഗില്‍ ഇരട്ട സെഞ്ച്വറി നേടി. പ്രതിഭയാണവന്‍'- റെയ്‌ന കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ തുടങ്ങിയ റെക്കോഡുകളെല്ലാം ഗില്ലിന്റെ പേരിലാണ്.
എന്നാല്‍ ഇന്ത്യയുടെ ആദ്യ മത്സരം ഗില്ലിന് നഷ്ടമാകുമെന്നാണ് വിവരം. ഡെങ്കിപ്പനി ബാധിച്ച താരം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ടെങ്കിലും നാളെ നടക്കുന്ന ഓസീസിനെതിരായ മത്സരം നഷ്ടമായേക്കും. ഗില്ലിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ്. ഇഷാന്‍ കിഷനോ കെ എല്‍ രാഹുലോ ആവും ശുബ്മാന്‍ ഗില്ലിന്റെ പകരം ഓപ്പണറായെത്തുക. ഇന്ത്യന്‍ താരങ്ങളെല്ലാം ഫോമിലാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.
കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ മധ്യനിരയില്‍ ശോഭിക്കുന്നു. പേസ് ബൗളിങ്ങില്‍ മുഹമ്മദ് സിറാജ് തീയാകുമ്പോള്‍ ജസ്പ്രീത് ബുംറയും ശോഭിക്കുന്നു. കുല്‍ദീപ് യാദവിന്റെ സ്പിന്‍ മികവിലും ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു.