ലോകകപ്പിലെ എല്‍ ക്ലാസിക്കോയില്‍ പാകിസ്താനെതിരേ തുടര്‍ച്ചയായ എട്ടാം വിജയം കൊയ്യാന്‍ ഇന്ത്യക്കു വേണ്ടത് 192 റണ്‍സ് മാത്രം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ബാബര്‍ ആസമിനെയും സംഘത്തെയും ഇന്ത്യ 42.5 ഓവറില്‍ വെറും 191 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. രണ്ടു വിക്കറ്റിനു 155 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു 36 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് പാക് ടീം 191ലേക്കു കൂപ്പുകുത്തിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഒരു മികച്ച നീക്കമായിരുന്നു കളിയിലെ ടേണിങ് പോയിന്റായി മാറിയത്. നായകനെന്ന നിലയില്‍ ഹിറ്റ്മാന്‍ അത്തരമൊരു റിസ്‌കെടുത്തിരുന്നില്ലെങ്കില്‍ ഒരുപക്ഷെ പാകിസ്താന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുമായിരുന്നു. വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ അഭിപ്രായം മാനിക്കാതെയാണ് രോഹിത് ഒരു വലിയ റിസ്‌ക്ക് കളിയില്‍ സ്വീകരിച്ചത്.

പാക് ഇന്നിങ്‌സിലെ 33ാം ഓവറിലായിരുന്നു സംഭവം. പാകിസ്താന്‍ അപ്പോള്‍ മൂന്നു വിക്കറ്റിനു 162 റണ്‍സെന്ന നിലയിലായിരുന്നു. 48 റണ്‍സോടെ മുഹമ്മദ് റിസ്വാനും ആറു റണ്‍സെടുത്ത സൗദ് ഷക്കീലുമായിരുന്നു അപ്പോള്‍ ക്രീസില്‍. 33ാം ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു. ആദ്യ ബോളില്‍ സൗദിന് റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോള്‍ ബാക്ക് ഫൂട്ടില്‍ കളിക്കാനായിരുന്നു സൗദിന്റെ ശ്രമം. പക്ഷെ ലെഗ്സ്റ്റംപ് ഏരിയയില്‍ പിച്ച് ചെയ്ത ബോള്‍ നേരെ പാഡില്‍ പതിക്കുകയായിരുന്നു.
പിന്നാലെ കുല്‍ദീപിന്റെയും ഇന്ത്യന്‍ താരങ്ങളുടെയും ശക്തമായ അപ്പീല്‍. പക്ഷെ അംപയര്‍ മറെയ്‌സ് ഇറാസ്മസ് നോട്ടൌട്ട് വിധിക്കുകയായിരുന്നു. ഇതോടെ റിവ്യു എടുക്കണോ വേണമോയന്ന ആശയക്കുഴപ്പത്തിലായി രോഹിത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ബോളിന്റെ മൂവ്‌മെന്റ് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുക വിക്കറ്റ് കീപ്പറായ രാഹുലിനായിരുന്നു. റിവ്യു എടുക്കുന്ന കാര്യത്തില്‍ രോഹിത് രാഹുലിന്റെ അഭിപ്രായം തേടുകയും ചെയ്തു. പക്ഷെ തനിക്കു അത്ര ഉറപ്പില്ലെന്ന തരത്തില്‍ രാഹുല്‍ കൈയൊഴിയുകയായിരുന്നു.
ഒടുവില്‍ ഡിഎര്‍എസ് ടൈമര്‍ അവസാനിക്കുന്നതിനു തൊട്ടുമുമ്പ് രോഹിത് രണ്ടും കല്‍പ്പിച്ച് റിവ്യു എടുക്കുകയായിരുന്നു. റീപ്ലേയില്‍ രോഹിത്തിന്റെ തീരുമാനം തന്നെയാണ് ശരിയെന്നു വ്യക്തമാവുകയും ചെയ്തു. പിച്ച് ചെയ്ത ശേഷം നേരെ സ്റ്റംപുകളില്‍ പതിക്കുമെന്നും തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ ചങ്കൂറ്റത്തിന്റെ വിജയം കൂടിയായിരുന്നു അത്. രാഹുലിനെ വിശ്വസിച്ച് ആ റിവ്യു എടുക്കാതിരുന്നെങ്കില്‍ അതു തീര്‍ച്ചയായും വലിയ മണ്ടത്തരമായി മാറുകയും ചെയ്യുമായിരുന്നു.

ഈ വിക്കറ്റിനു പിന്നാലെയാണ് പാകിസ്താന്റെ യഥാര്‍ഥ പതനത്തിന്റെ തുടക്കം. ഇതേ ഓവറിലെ അവസാന ബോളില്‍ അപകടകാരിയായ ഇഫ്തിഖര്‍ അഹമ്മദിനെയും കുല്‍ദീപ് മടക്കിയതോടെയാണ് പാകിസ്താന്‍ ശരിക്കും ഞെട്ടിയത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ഗൂഗ്ലിയായിരുന്നു കുല്‍ദീപ് പരീക്ഷിച്ചത്. സ്വീപ് ചെയ്യാനായിരുന്നു ഇഫ്തിഖാറിന്റെ ശ്രമം. പക്ഷെ ബോള്‍ കണക്ടായില്ല.
താരത്തിന്റെ ഗ്ലൗസില്‍ തട്ടിയ ശേഷം ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു. ഇതോടെ എന്താണ് സംഭവിച്ചതെന്നു മനസ്സിലാവാതെ അല്‍പ്പസമയം സ്തബ്ധനായി നിന്ന ശേഷം ഇഫ്തിഖാര്‍ ക്രീസ് വിടുകയും ചെയ്തു. ഇതോടെ പാക് തകര്‍ച്ചയും തുടങ്ങി. അടുത്ത ഓവറില്‍ റിസ്വാനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പാകിസ്താന്‍ ആറിനു 168 റണ്‍സിലേക്കു തകരുകയും ചെയ്തു. പാകിസ്താന് പിന്നീടൊരു തിരിച്ചുവരവ് അസാധ്യവുമായിരുന്നു.