മുംബൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ കളത്തിലിറങ്ങാനിരിക്കുന്ന ഇന്ത്യന്‍ ടീമിനെ കാത്തിരുന്നത് നിരാശപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു. സൂപ്പര്‍ ഓപ്പണറായ ശുബ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാവുന്ന വാര്‍ത്തയായിരുന്നു ഇത്. ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ രോഹിത്തിനൊപ്പം ഓപ്പണറാവുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
എന്നാലിപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശുബ്മാന്‍ ഗില്‍ പുറത്തായിട്ടില്ലെന്നും മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ദ്രാവിഡ് പറഞ്ഞത്. 'എല്ലാ സമയത്തും വൈദ്യ സംഘം അവനെ നിരീക്ഷിക്കുന്നുണ്ട്. ഇനിയും 30 മണിക്കൂറിന് മുകളില്‍ സമയമുണ്ട്. തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്. ഇന്ന് അവന് പനി കുറവുള്ളതായാണ് തോന്നുന്നത്.
ഇതുവരെ അവന്‍ പുറത്തായതായി മെഡിക്കല്‍ സംഘം അറിയിച്ചിട്ടില്ല. നാളത്തെ അവന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയാവും തീരുമാനം'-ദ്രാവിഡ് പറഞ്ഞു. അതേ സമയം പരിശീലനത്തിനൊന്നും ഗില്‍ ഇറങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഓസീസിനെതിരേ താരം കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത. ആരോഗ്യ പ്രശ്‌നമുള്ള ഗില്ലിനെ സാഹസപ്പെട്ട് കളിപ്പിക്കുകയും താരത്തിന് പരിക്കേല്‍ക്കുകയും ചെയ്താല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായി മാറും.
അതുകൊണ്ടുതന്നെ ഗില്ലിന് ആവശ്യത്തിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഓസ്‌ട്രേലിയക്കെതിരേ പുറത്തിരുത്തിയാലും പാകിസ്താനെതിരായ മത്സരത്തിലെങ്കിലും ഗില്ലിനെ തിരികെയെത്തിക്കാനാവും ഇന്ത്യ ശ്രമിക്കുക. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, സെഞ്ച്വറി നേടിയ താരം, സിക്‌സര്‍ നേടിയ താരം എന്നീ റെക്കോഡുകളെല്ലാം ശുബ്മാന്‍ ഗില്ലിന്റെ പേരിലാണ്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഗംഭീര റെക്കോഡും ഗില്ലിന്റെ പേരിലുണ്ട്.

ഇക്കാരണത്താല്‍ത്തന്നെ ഗില്ലിന്റെ അഭാവം ഇന്ത്യക്ക് നിരാശയുണ്ടാക്കും. പക്ഷെ ഗില്‍ കളിക്കാതിരുന്നാല്‍ അത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി മികച്ച റെക്കോഡുള്ള താരമാണ് ഇഷാന്‍ കിഷന്‍. അതുകൊണ്ടുതന്നെ ഗില്ലിന് പകരം ഇഷാന്‍ ഓപ്പണറാവുമ്പോഴും ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചേക്കും. ഇഷാന്റെ സമീപകാല പ്രകടനങ്ങളും മികച്ചതാണ്. കെ എല്‍ രാഹുലിനെ ഓപ്പണറാക്കിയാലും ഇന്ത്യയ്ക്കത് ഗുണം ചെയ്യും.
ശുബ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ ഡെങ്കിപ്പനി വരുമ്പോള്‍ 8-10 ദിവസം പൂര്‍ണ്ണ ആരോഗ്യസ്ഥിതിയിലേക്കെത്താന്‍ വേണ്ടിവരും. ശരീരത്തിനാകെ വേദന ഈ രോഗത്തിന്റെ ലക്ഷണമാണ്. ഈ സാഹചര്യത്തില്‍ ഗില്ലിന് ഓസീസിനെതിരായ ആദ്യ മത്സരം നഷ്ടമാകാനുള്ള സാധ്യതയാണ് കൂടുതല്‍. രാഹുല്‍ ദ്രാവിഡ് പ്രതീക്ഷ കൈവിട്ടിട്ടില്ലെങ്കിലും ഗില്‍ കളിക്കില്ലെന്ന കാര്യമാണ് മറ്റ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓസീസിനെതിരേ ജയിച്ച് തുടങ്ങേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. 12 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും ആതിഥേയര്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏഷ്യയിലെ ചാമ്പ്യന്മാരായെത്തുന്ന ഇന്ത്യ ഓസീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവസാന ഏകദിനം തോറ്റാണ് ഇന്ത്യ കംഗാരുക്കളെ ലോകകപ്പില്‍ നേരിടുന്നത്.
ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കേണ്ടിയിരുന്ന രണ്ട് സന്നാഹ മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ പരിശീലന മത്സരത്തിന്റെ കുറവ് ഇന്ത്യക്കുണ്ട്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കില്ല. ചെന്നൈയില്‍ മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ശാര്‍ദ്ദുല്‍ ടാക്കൂര്‍ പുറത്തിരിക്കുമ്പോള്‍ കുല്‍ദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം ആര്‍ അശ്വിനും പ്ലേയിങ് 11ലുണ്ടാവും.