മുംബൈ: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ന്യൂസീലന്‍ഡ് നേടിയെടുത്തത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് കിവീസ് കാഴ്ചവെച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ്ണ ആധിപത്യം കാട്ടാന്‍ കിവീസിനായി. അപ്രതീക്ഷിത പ്രകടനംകൊണ്ട് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത് രചിന്‍ രവീന്ദ്രയായിരുന്നു. സ്പിന്നറായ താരത്തിന് മൂന്നാം നമ്പറില്‍ അവസരം നല്‍കിയപ്പോള്‍ ഗംഭീര പ്രകടനത്തോടെ താരം കസറുകയായിരുന്നു.
96 പന്ത് നേരിട്ട് 11 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 123 റണ്‍സോടെയാണ് രചിന്‍ പുറത്താവാതെ നിന്നത്. കിവീസിന്റെ ഹീറോയായി മാറിയ രചിന്‍ ഇന്ത്യന്‍ വംശജനായ താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും ആരാധകനാണ് രചിന്റെ പിതാവ്. അങ്ങനെയാണ് രചിനെന്ന് പേരിട്ടതും. ഇന്ത്യയില്‍ ഇപ്പോഴും വേരുള്ള രചിന്‍ കിവീസിനായി ഗംഭീര പ്രകടനം നടത്തുമ്പോള്‍ ഇന്ത്യന്‍ ആരാധകരും ഹാപ്പിയാണ്.
എന്നാല്‍ ഇന്ത്യക്കെതിരേ കളിക്കാനെത്തുമ്പോള്‍ ഇന്ത്യന്‍ വംശജന്‍ തന്നെ ഇന്ത്യയുടെ വില്ലനായി മാറാനുള്ള സാധ്യത കൂടുതലാണ്. രചിന്റെ ഓള്‍റൗണ്ട് മികവിനെ എല്ലാവരും ഭയക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ വംശജനായിട്ടും മറ്റ് രാജ്യങ്ങള്‍ക്കായി കസറിയ ആദ്യത്തെ താരമല്ല രചിന്‍. ഇതിന് മുമ്പും ചില ഇന്ത്യന്‍ വംശജര്‍ മറ്റ് രാജ്യങ്ങള്‍ക്കായി തിളങ്ങിയിട്ടുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
മുന്‍ ഓസീസ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക് ഇന്ത്യന്‍ വംശജനായ താരമാണ്. ആംഗ്ലോ ഇന്ത്യന്‍സാണ് അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍. ചെന്നൈയില്‍ നിന്നാണ് അവര്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. ഓസീസിനായി 24 ടെസ്റ്റും 39 ഏകദിനവും കളിച്ച ക്ലാര്‍ക്ക് 94, 53 എന്നിങ്ങനെ വിക്കറ്റുകളും നേടി. ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് ക്ലാര്‍ക്കെന്ന് പറയാം.

രണ്ടാമത്തെ താരം മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനാണ്. ചെന്നൈയിലാണ് നാസര്‍ ഹുസൈന്‍ ജനിച്ചത്. അദ്ദേഹത്തിന്റ കുടുംബം നാസര്‍ ജനിച്ചതിന് ശേഷമാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. ഇംഗ്ലണ്ടിനൊപ്പം ഏറെ നാള്‍ കളിച്ച അദ്ദേഹം 96 ടെസ്റ്റില്‍ നിന്് 5764 റണ്‍സും 88 ഏകദിനത്തില്‍ നിന്ന് 2332 റണ്‍സും നേടിയിട്ടുണ്ട്. ഇപ്പോള്‍ അവതാരകനെന്ന നിലയിലും നാസര്‍ ക്രിക്കറ്റിനോട് ചേര്‍ന്ന് പോകുന്നു.
ഹാഷിം അംലയാണ് മറ്റൊരാള്‍. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഓപ്പണറായിരുന്ന അംല ഗുജറാത്തിലെ മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. അതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം ദക്ഷിണാഫ്രിക്കയിലേക്ക് മാറിയതോടെ അംലയും അവിടേക്ക് എത്തിപ്പെടുകയായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്ന ഹാഷിം അംല ഗംഭീര റെക്കോഡോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 124 ടെസ്റ്റില്‍ നിന്ന് 9282 റണ്‍സും 181 ഏകദിനത്തില്‍ നിന്ന് 8113 റണ്‍സും 44 ടി20യില്‍ നിന്ന് 1277 റണ്‍സുമാണ് അംല നേടിയത്.
ഐപിഎല്ലിലടക്കം അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി കളിച്ചിരുന്നെങ്കില്‍ ടീമിന് മുതല്‍ക്കൂട്ടായി മാറുന്ന താരമായിരുന്നു അംല. പ്രതീക്ഷിച്ചതിലും നേരത്തെ അദ്ദേഹം കളി അവസാനിപ്പിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ന്യൂസീലന്‍ഡിന്റെ സ്റ്റാര്‍ സ്പിന്നറാണ് ഇഷ് സോധി. പഞ്ചാബില്‍ കുടുംബ വേരുള്ള സോധി കിവീസ് നിരയിലെ സജീവ സാന്നിധ്യമാണ്. ഇന്ത്യക്കെതിരേയടക്കം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സ്പിന്നറാണ് സോധി.
മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായുള്ള രവി ബൊപാരയും ഇന്ത്യന്‍ വംശജനാണ്. ഇന്ത്യക്കെതിരേയടക്കം നിരവധി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് രവി ബൊപാര. 120 ഏകദിനവും 13 ടെസ്റ്റും അദ്ദേഹം കളിച്ചിട്ടുണ്ട്. മീഡിയം പേസുകൊണ്ടും മധ്യനിരയിലെ സൂപ്പര്‍ ഫിനിഷിങ്ങുകൊണ്ടും കൈയടി നേടിയ താരമാണ് ബൊപ്പാര.