ബെംഗളൂരു: ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ് തകര്‍ത്ത് ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് ബാറ്റിങ് സെന്‍സേഷന്‍ രചിന്‍ രവീന്ദ്ര. ലോകകപ്പില്‍ ഇന്നു ശ്രീലങ്കയ്‌ക്കെതിരേ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ 42 റണ്‍സെടുത്തതോടെയാണ് ഇന്ത്യന്‍ വംശജനായ രചിന്‍ ചരിത്രം കുറിച്ചത്.
27 വര്‍ഷക്കാലം സച്ചിന്‍ ഭദ്രമായി സൂക്ഷിച്ച റെക്കോര്‍ഡ് കിവി താരം ഇന്നു തട്ടിയെടുക്കുകയായിരുന്നു. ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത 24 വയസ്സില്‍ പ്രായമുള്ള താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് തിരുത്തപ്പെട്ടിരിക്കുന്നത്. 1996ലെ ലോകകപ്പില്‍ 523 റണ്‍സ് അടിച്ചെടുത്തായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ലോക റെക്കോര്‍ഡിട്ടത്.

പിന്നീട് ഒരു താരത്തിനും ഇതിനു അരികില്‍പ്പോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. 2007ലെ ലോകകപ്പില്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് 372 റണ്‍സും 2019ലെ കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍ 367 റണ്‍സെടുത്തതുമായിരുന്നു നേരത്തേയുള്ള മികച്ച പ്രകടനങ്ങള്‍.
എന്നാല്‍ കന്നി ലോകകപ്പില്‍ തന്നെ ഇത്തവണ രചിന്‍ എല്ലാ റെക്കോര്‍ഡുകളും കാറ്റില്‍ പറത്തുകയായിരുന്നു. സച്ചിന്റെ ലോക റെക്കോര്‍ഡ് തിരുത്താന്‍ ഇന്നു ലങ്കയ്‌ക്കെതിരേ ഒരു റണ്‍സ് മാത്രമേ അദ്ദേഹത്തിനു വേണ്ടിയിരുന്നുള്ളൂ. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 565 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തും രചിന്‍ തന്നെയാണ്. 70.62 ശരാശരിയില്‍ 108.44 സ്‌ട്രൈക്ക് റേറ്റിലാണ് 550ന് മുകളില്‍ റണ്‍സ് താരം സ്‌കോര്‍ ചെയ്തത്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
സച്ചിന്റെ മറ്റൊരു ലോക റെക്കോര്‍ഡ് പാകിസ്താനുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ രചിന്‍ പഴങ്കഥയാക്കിയിരുന്നു. 24 വയസ്സിനു മുമ്പ് ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികളടിച്ച താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് അന്നു തിരുത്തപ്പെട്ടത്. നേരത്തേ രണ്ടു സെഞ്ച്വറികളുമായിട്ടാണ് സച്ചിന്‍ തലപ്പത്തു നിന്നത്.
എന്നാല്‍ പാകിസ്താനെതിരേ ടൂര്‍ണമെന്‍റിലെ മൂന്നാമത്തെ സെഞ്ച്വറിയും കണ്ടെത്തിയതോടെ രചിന്‍ പുതിയ റെക്കോര്‍ഡിനു അവകാശിയാവുകയായിരുന്നു. 108 റണ്‍സാണ് പാകിസ്താനെതിരേ ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ സ്‌കോര്‍ ചെയ്തത്. 94 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 15 ഫോറുകളും ഒരു സിക്സറുമുണ്ടായിരുന്നു. 523 റണ്‍സെന്ന സച്ചിന്റെ ഓൾടൈം റെക്കോര്‍ഡിനൊപ്പം അന്നു രചിന്‍ എത്തുകയും ചെയ്തിരുന്നു.
പ്ലെയിങ് ഇലവന്‍
ന്യൂസിലാന്‍ഡ്- ഡെവണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ടോം ലാതം(വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്.
ശ്രീലങ്ക- പതും നിസങ്ക, കുശല്‍ പെരേര, കുശല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍),സദീര സമരവിക്രമ, ചരിത് അസലെങ്ക, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ,ചാമിക കരുണരത്‌നെ, മഹീഷ് തിക്ഷണ, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുഷങ്ക.