മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ തന്നെ 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ഇന്ത്യ ഒരു പ്രധാന മാറ്റത്തോടെയാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ടീമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വലം കൈ സ്പിന്‍ ഓള്‍റൗണ്ടറും സീനിയര്‍ താരവുമായ ആര്‍ അശ്വിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു.
ഏകദിന ഫോര്‍മാറ്റില്‍ ഏറെനാള്‍ പുറത്തുനിന്ന അശ്വിന്‍ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റും രണ്ടാം മത്സരത്തില്‍ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റും വീഴ്ത്തി മികവ് തെളിയിക്കാന്‍ അശ്വിനായി. നേരത്തെ പ്രഖ്യാപിച്ച ഇന്ത്യയുടെ 15 അംഗ ടീമില്‍ വലം കൈയന്‍ സ്പിന്നറുടെ അഭാവമുണ്ടെന്നത് വലിയ ചര്‍ച്ചയായിരുന്നു. മിക്ക ടീമുകളിലും മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്.
ഇവര്‍ക്കെതിരേ ഇന്ത്യക്ക് കളത്തിലിറക്കാന്‍ വലം കൈയന്‍ സ്പിന്നറുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അശ്വിനെത്തിയതോടെ ഈ പ്രശ്‌നം അവസാനിച്ചിരിക്കുകയാണ്. സീനിയര്‍ താരമായ അശ്വിന്‍ ബൗളിങ്ങില്‍ വളരെ വ്യത്യസ്തത കൊണ്ടുവരാന്‍ കഴിവുള്ളവനാണ്. ക്യാരം ബോളുകളിലൂടെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ അശ്വിന് സാധിക്കും. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കഴിവുള്ളവനാണ് അശ്വിനെന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
അക്ഷറിന് പകരക്കാരനായി ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ രണ്ട് താരങ്ങളെയാണ് ഇന്ത്യ പരിഗണിച്ചിരുന്നത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സുന്ദറിന് ഓപ്പണിങ് ബാറ്റ്‌സ്മാനായി അവസരം നല്‍കിയെങ്കിലും തിളങ്ങാനായില്ല. വിക്കറ്റ് നേടാനും സാധിക്കാതെ പോയതോടെ യുവതാരമായ സുന്ദറിനെ മറികടന്ന് വെറ്ററന്‍ താരമായ അശ്വിന്‍ ലോകകപ്പ് ടീമിലേക്കെത്തുകയായിരുന്നു. ഏകദിന പദ്ധതികളുടെ ഭാഗമല്ലായിരുന്ന അശ്വിന്റെ അപ്രതീക്ഷിത തിരിച്ചുവരവാണ് ഇപ്പോള്‍ കാണാനാവുന്നത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് അക്ഷറിന്റെ കൈക്ക് പരിക്കേല്‍ക്കുന്നത്. ബംഗ്ലാദേശ് ഫീല്‍ഡറുടെ ഡയറക്ട് ത്രോ അപ്രതീക്ഷിതമായി അക്ഷറിന്റെ കൈയിലടിക്കുകയായിരുന്നു. രവീന്ദ്ര ജഡേജ ബാറ്റിങ്ങില്‍ നിറം മങ്ങി തുടരുമ്പോള്‍ അക്ഷറിന്റെ സാന്നിധ്യം ടീമിന് കരുത്തായിരുന്നു. ജഡേജക്ക് പരിക്കേറ്റാല്‍ മറ്റൊരു മികച്ച ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറില്ലാത്ത അവസ്ഥ ഇന്ത്യയെ വേട്ടയാടിയേക്കും. ഇന്ത്യന്‍ ടീമില്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്ന മൂന്ന് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണുള്ളത്.
ഇഷാന്‍ കിഷന്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഈ മൂന്ന് പേര്‍. ഇതില്‍ അക്ഷര്‍ പുറത്തായത് ഇന്ത്യയുടെ ഇടം കൈ ബാറ്റിങ് കരുത്തിനെ പ്രതികൂലമായി ബാധിച്ചേക്കും. അശ്വിന്റെ വരവ് നിലവിലെ ടീമിന്റെ അവസ്ഥ പരിഗണിക്കുമ്പോള്‍ ഗുണം ചെയ്യുന്നതാണെന്ന് പറയാം. എന്നാല്‍ അശ്വിനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുക പ്രയാസമായിരിക്കും. കുല്‍ദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കുമാവും ഇന്ത്യ മുഖ്യ പരിഗണന നല്‍കുകയെന്നുറപ്പ്.
അതേ സമയം ഇന്ത്യ ശാര്‍ദ്ദുല്‍ ടാക്കൂറിനെ ടീമില്‍ നിലനിര്‍ത്തിയത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പേസ് ഓള്‍റൗണ്ടറെന്ന് പറയുന്ന ശാര്‍ദ്ദുല്‍ കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനാണ്. എന്നാല്‍ തല്ലുകൊള്ളിയായ ബൗളറാണ്. ഓസീസ് പരമ്പരയില്‍ ശാര്‍ദ്ദുലിന് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനായില്ല. ഇന്ത്യന്‍ പിച്ചുകളില്‍ തല്ലുകൊള്ളിയായി ശാര്‍ദ്ദുല്‍ മാറാനാണ് സാധ്യത. ശാര്‍ദ്ദുലിന് പകരം പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ പരിഗണിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയതോടെ സൂര്യകുമാര്‍ യാദവും ഏകദിന ലോകകപ്പ് ടീമില്‍ ഇടം നിലനിര്‍ത്തി. എന്തായാലും ഇത്തവണ കപ്പടിക്കാന്‍ കെല്‍പ്പുള്ള തകര്‍പ്പന്‍ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളതെന്ന് നിസംശയം പറയാം.
ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ഹാര്‍ദിക് പാണ്ഡ്യ (vc), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.