മുംബൈ: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ക്വിന്റന്‍ ഡീകോക്ക് കാഴ്ചവെക്കുന്നത്. തന്റെ അവസാന ഏകദിന ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് പ്രഖ്യാപിച്ച് കളിക്കാനിറങ്ങിയ ഡീകോക്ക് അഞ്ച് മത്സരത്തില്‍ നിന്ന് മൂന്നാം സെഞ്ച്വറിയാണ് നേടിയെടുത്തിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേയും ഓസ്‌ട്രേലിയക്കെതിരേയും സെഞ്ച്വറി നേടിയ ഡീകോക്ക് ബംഗ്ലാദേശിനെതിരേയും ഗംഭീര സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ്.
ഇതോടെ ചരിത്ര റെക്കോഡിലേക്കും ഡീകോക്ക് എത്തിയിരിക്കുകയാണ്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ഡീകോക്ക്. 2015, 2019ലെ ഏകദിന ലോകകപ്പ് കളിച്ച ഡീകോക്കിന് ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അഞ്ച് മത്സരങ്ങള്‍ക്കുള്ളില്‍ മൂന്ന് സെഞ്ച്വറിയിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
2019ലെ ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 2015ല്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര നാല് സെഞ്ച്വറി നേടിയിരുന്നു. 1996ല്‍ മാര്‍ക്ക് വോ, 2003ല്‍ സൗരവ് ഗാംഗുലി, 2007ല്‍ മാത്യു ഹെയ്ഡന്‍, 2019ല്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മൂന്ന് തവണ വീതം സെഞ്ച്വറി നേടിയിട്ടുണ്ട്. ഇനിയും മത്സരങ്ങള്‍ ശേഷിക്കെ ഡീകോക്കിന് രോഹിത്തിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന ഡീകോക്ക് സെഞ്ച്വറി നേട്ടം തുടര്‍ന്നാലും അത്ഭുതപ്പെടാനാവില്ല. ഒരു ഏകദിന ലോകകപ്പില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യത്തെ ദക്ഷിണാഫ്രിക്കന്‍ താരമായി മാറാനും ഡീകോക്കിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അവസാന ടൂര്‍ണമെന്റ് ആഘോഷമാക്കുന്ന ബാറ്റിങ് പ്രകടനമാണ് ഡീകോക്ക് കാഴ്ചവെക്കുന്നത്. നിലവില്‍ ഇത്തവണത്തെ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ക്വിന്റന്‍ ഡീകോക്ക് തലപ്പത്തേക്കെത്തി.

354 റണ്‍സുമായി വിരാട് കോലിയാണ് തലപ്പത്ത് നിന്നിരുന്നത്. ഇതിനെ ഡീകോക്ക് മറികടന്നു. 311 റണ്‍സുമായി രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. 101 പന്തിലാണ് ഡീകോക്ക് സെഞ്ച്വറി നേടിയത്. 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ഡീകോക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സെഞ്ച്വറിക്ക് പിന്നാലെ കടന്നാക്രമിച്ച ഡീകോക്ക് ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ 174 റണ്‍സില്‍ ഡീകോക്കിന്റെ പോരാട്ടം അവസാനിച്ചു.
140 പന്ത് നേരിട്ട് 15 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 174 റണ്‍സ് നേടിയ ഡീകോക്കിനെ ഹസന്‍ മഹമ്മൂദാണ് പുറത്താക്കിയത്. കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഡീകോക്കിന് യാത്രയയപ്പ് നല്‍കിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ള ഡീകോക്കിന് മുംബൈയിലെ സാഹചര്യം നന്നായി അറിയാം. ഇത് മുതലാക്കിയുള്ള ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. സെഞ്ച്വറിക്ക് ശേഷമുള്ള 74 റണ്‍സ് നേടാന്‍ വെറും 39 പന്തുകളാണ് ഡീകോക്കിന് വേണ്ടിവന്നത്.
ഡീകോക്ക് ഇരട്ട സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ചരിത്ര നേട്ടത്തിലേക്കെത്താനായില്ല. നെതര്‍ലന്‍ഡ്‌സിനോട് അട്ടിമറി നേരിട്ട ദക്ഷിണാഫ്രിക്ക പിന്നീടുള്ള മത്സരങ്ങളിലെല്ലാം ബാറ്റിങ് വെടിക്കെട്ടാണ് പുറത്തെടുത്തത്. 2ന് മുകളില്‍ നെറ്റ് റണ്‍റേറ്റുള്ള നിലവിലെ ഏക ടീം ദക്ഷിണാഫ്രിക്കയാണ്. ബംഗ്ലാദേശിനേയും വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കും.
383 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിന് മുന്നില്‍വെച്ചിരിക്കുന്നത്. ഡീകോക്കിനെക്കൂടാതെ എയ്ഡന്‍ മാര്‍ക്രം (69 പന്തില്‍ 60) തകര്‍പ്പന്‍ പ്രകടനം നടത്തി. ഹെന്റിച്ച് ക്ലാസന്‍ (49 പന്തില്‍ 90) മിന്നിച്ചപ്പോള്‍ ഡേവിഡ് മില്ലറും (15 പന്തില്‍ 34*) ഗംഭീര പ്രകടനം പുറത്തെടുത്തു.