ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റനെപ്പോലെ തന്നെ സുപ്രധാന റോള്‍ വഹിക്കുന്ന താരമാണ് വിക്കറ്റ് കീപ്പര്‍. വിക്കറ്റിനു പിന്നിലെ ചെറിയൊരു പിഴവ് പോലും മല്‍സരഫലത്തെ സ്വാധീനിച്ചേക്കും. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം തന്നെ വിക്കറ്റ് കീപ്പര്‍ പുറത്തെടുക്കേണ്ടത് ആവശ്യമാണ്. മുന്‍ കാലങ്ങളില്‍ വിക്കറ്റ് കീപ്പിങ് മാത്രമായിരുന്നു വിക്കറ്റ് കീപ്പറുടെ പ്രധാന റോളെങ്കില്‍ ഇപ്പോള്‍ അഗ്രസീവ് ബാറ്റിങിലൂടെ ടീമിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായും ഇവര്‍ മാറിയിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച അഞ്ചു വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇടംകൈയന്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്കാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍. 10 വര്‍ഷത്തെ ഏകദിന കരിയറില്‍ 139 ഇന്നിങ്‌സുകളില്‍ നിന്നായി 206 പുറത്താക്കലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ലോകകപ്പോടെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും ഡികോക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റ് വളരെ സ്‌പെഷ്യലാക്കി മാറ്റാനാണ് അദ്ദേഹത്തിന്റെ ശ്രമം. വിക്കറ്റ് കീപ്പിങില്‍ ചടുലമായ പ്രകടനങ്ങള്‍ നടത്താറുള്ള ഡികോക്ക് വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാനും മിടുക്കനാണ്.

ഇംഗ്ലണ്ട് ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ ജോസ് ബട്‌ലറാണ് ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ചൂണ്ടിക്കാണിക്കാവുന്ന താരം. ഒയ്ന്‍ മോര്‍ഗനില്‍ നിന്നും വൈറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരുമാക്കിയിരുന്നു.
ഏകദിനത്തില്‍ 11 വര്‍ഷത്തോളമായി ഇംഗ്ലണ്ടിനു വേണ്ടി വിക്കറ്റ് കാക്കുന്നത് ബട്‌ലറാണ്. 166 ഇന്നിങ്‌സുകളില്‍ നിന്നും 250 പുറത്താക്കലുകളും അദ്ദേഹം നടത്തിക്കഴിഞ്ഞു. 215 ക്യാച്ചുകളും 35 സ്റ്റംപിങുകളും ഉള്‍പ്പെടെയാണിത്. മികച്ച വിക്കറ്റ് കീപ്പിങിനൊപ്പം ബാറ്റിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ ബട്‌ലര്‍ക്കു സാധിക്കും.
വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ മൂന്നാമന്‍ ന്യൂസിലാന്‍ഡിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ടോം ലാതമാണ്. വിക്കറ്റ് കീപ്പിങ്, ബാറ്റിങ്, നേതൃത്വം തുടങ്ങി മൂന്നിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന അദ്ദേഹം കിവികളുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം കൂടിയാണ്.
കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ ആദ്യ രണ്ടു മല്‍സരങ്ങളിലും ന്യൂസിലാന്‍ഡിനെ നയിച്ചത് ലാതമായിരുന്നു. 2019ലെ കഴിഞ്ഞ ലോകകപ്പില്‍ കിവികള്‍ ഫൈനല്‍ വരെയെത്തിയപ്പോള്‍ വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം മിന്നിച്ചിരുന്നു. 10 മല്‍സരങ്ങളില്‍ 21 പേരെയായിരുന്നു ലാതം പുറത്താക്കിയത്.
ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ താരവുമായ മുഷ്ഫിഖുര്‍ റഹീമാണ് ലോകകപ്പിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ നാലാമന്‍. ഏകദിനത്തില്‍ നിലവില്‍ ടീമിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് മുഷ്ഫിഖുര്‍. 241 ഇന്നിങ്‌സുകളില്‍ നിന്നും 7459 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

വിക്കറ്റ് കീപ്പിങില്‍ 276 പുറത്താക്കലുകളാണ് മുഷ്ഫിഖുര്‍ ഇതിനകം നടത്തിയിരിക്കുന്നത്. 221 ക്യാച്ചുകളും 55 സ്റ്റംപിങുകളും ഇതിലുള്‍പ്പെടുന്നു. പക്ഷെ റിവ്യു എടുക്കുന്ന കാര്യത്തില്‍ അദ്ദേഹം അത്ര കേമനല്ല. പലപ്പോഴും മുഷ്ഫിഖുറിന്റെ കണക്കുകൂട്ടലുകള്‍ പാളുകയും ചെയ്തിട്ടുണ്ട്.
വിക്കറ്റ് കീപ്പിങില്‍ മികച്ച അഞ്ചാമത്തെയാള്‍ ഒരു സര്‍പ്രൈസ് താരമാണ്. നെതര്‍ലാന്‍ഡ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സ്‌കോട്ട് എഡ്വാര്‍ഡ്‌സാണ് അഞ്ചാമത്തെ മികച്ച വിക്കറ്റ് കീപ്പര്‍. അസോസിയേറ്റ് ടീമിനു വേണ്ടി കളിക്കുന്നതിനാല്‍ മാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്ന താരമാണ് എഡ്വാര്‍ഡ്‌സ്.
ഇത്തവണത്തെ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും പത്ത് പുറത്താക്കലുകള്‍ എഡ്വാര്‍ഡ്‌സ് നടത്തിയിരുന്നു. അഞ്ചു വര്‍ഷത്തെ ഏകദിന കരിയറില്‍ 40 മല്‍സരങ്ങളില്‍ നിന്നായി 47 പുറത്താക്കലുകള്‍ അദ്ദേഹം നടത്തിയിയിട്ടുണ്ട്. 39 ക്യാച്ചുകളും എട്ടു സ്റ്റംപിങുകളും ഉള്‍പ്പെടെയാണിത്.