അഹമ്മദാബാദ്: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെതിരേ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ എല്ലാവരെയും ആശ്ചര്യപ്പെടുത്തി ബൗള്‍ ചെയ്യാനായിരുന്നു രോഹിത്തിന്റെ തീരുമാനം.
ഇത്രയും സമ്മര്‍ദ്ദമുള്ള ഒരു വലിയ മല്‍സരത്തില്‍ എന്തിനാണ് റണ്‍ചേസെന്ന വെല്ലുവിളി രോഹിത് ഏറ്റെടുത്തതെന്നാണ് ആരാധകരുടെ ചോദ്യം. മാത്രമല്ല ലോകകപ്പിലെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ പാകിസ്താനെതിരേ ഇന്ത്യ ജയിച്ച ഏഴു കളിയില്‍ ആറിലും ആദ്യം ബാറ്റ് ചെയ്ത ശേഷമായിരുന്നു വിജയം കൊയ്തത്. ഒരിക്കല്‍ മാത്രമേ പാക് പടയ്‌ക്കെതിരേ ലോകകപ്പില്‍ ഇന്ത്യ റണ്‍ചേസ് നടത്തിയിട്ടുള്ളൂ. 2003ലെ ലോകകപ്പിലായിരുന്നു ഇത്.

2003ലെ ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്്റ്റന്‍സിയിലായിരുന്നു റണ്‍ചേസില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. അന്നു 274 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു പാകിസ്താന്‍ നല്‍കിയത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (98) മാജിക്കല്‍ ഇന്നിങ്‌സ് ഇന്ത്യക്കു ആറു വിക്കറ്റിന്റെ വിജയം സമ്മാനിക്കുകയായിരുന്നു. യുവരാജ് സിങ് (50*), രാഹുല്‍ ദ്രാവിഡും (44*) ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കസറിയിരുന്നു.
പാകിസ്താനെതിരേ സച്ചിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സുകളിലൊന്നായിരുന്നു ഈ കളിയിലേത്. വെറും 75 ബോളിലാണ് 12 ഫോറും ഒരു സിക്‌സറുമടക്കം മാസ്റ്റര്‍ ബ്ലാറ്റര്‍ 98 റണ്‍സ് വാരിക്കൂട്ടിയത്. വസീം അക്രം, ഷുഐബ് അക്തര്‍, വഖാര്‍ യൂനിസ് എന്നിവരടക്കമുള്ള പാകിസ്താന്റെ ഇതിഹാസ പേസര്‍മാരെ സച്ചിന്‍ കടന്നാക്രമിക്കുകയായിരുന്നു.
ഇന്നത്തെ മല്‍സരത്തില്‍ ടോസ് ലഭിച്ചിട്ടും ബാറ്റ് ചെയ്യാതെ എന്തിനാണ് രോഹിത് ബൗളിങ് തിരഞ്ഞെടുത്തതെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നു. പാകിസ്താനെ കളിയില്‍ 270ല്‍ താഴെ സ്‌കോറിനു ഇന്ത്യ ഒതുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടപ്പമായി തീരുമെന്നും ആരാധകര്‍ പറയുന്നു.
വലിയൊരു മല്‍സരത്തില്‍, അതും ഫ്‌ളാറ്റ് പിച്ചില്‍ ബൗളിങ് തിരഞ്ഞെടുക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം മണ്ടത്തരമാണ്. 201ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലും നമ്മള്‍ ഇതേ പിഴവ് വരുത്തിയിരുന്നു. ഈ കളിയില്‍ പാകിസ്താന്‍ 300ന് മുകളില്‍ റണ്‍സ് നേടുകയാണെങ്കില്‍ ഇന്ത്യക്കു റണ്‍ചേസ് വളരെബുദ്ധിമുട്ടായി തീരുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

പാകിസ്താനെ 250 റണ്‍സില്‍ താഴെ ഇന്ത്യക്കു ഒതുക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ ചേസ് ചെയ്തു ജയിക്കാന്‍ ഇന്ത്യ പാടുപെടും. രോഹിത് ശര്‍മ എത്ര വലിയ അബദ്ധമാണ് കാണിച്ചിരുക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് ചെയ്യുന്നതായിരുന്നു ഏറ്റവും നല്ല തീരുമാനം. പക്ഷെ അദ്ദേഹം നേരെ തിരിച്ചാണ് ചെയ്തിരിക്കന്നത്. നേരത്തേ പാകിസ്താനുമായുള്ള ഏഴു മല്‍സരങ്ങളില്‍ ആറിലും ആദ്യം ബാറ്റ് ചെയ്ത ശേഷമാണ് ഇന്ത്യ വിജയം കൊയ്തിട്ടുള്ളതെന്നും ആരാധകര്‍ വിലയിരുത്തി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗത് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.