ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് കലാശപ്പോരിനു ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ ഉച്ചയ്ക്കു രണ്ടു മണി മുതല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിത്തിലാണ് ലോക ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരുടെ പട്ടാഭിഷേകം. ഓസ്‌ട്രേലിയ ആറാം ലോക കിരീടമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇന്ത്യ സ്വപ്‌നം കാണുന്നത് മൂന്നാമത്തെ ലോകകപ്പാണ്.
രോഹിത് ശര്‍മയ്ക്കു സംഘത്തിനും ഇത്തവണ നിരാശപ്പെടേണ്ടി വരുമെന്നും പാറ്റ് കമ്മിന്‍സിന്റെ ഓസീസ് കിരീടം നേടിയേക്കുമെന്നുമാണ് രസകരമായ ഒരു സ്റ്റാറ്റസ് നല്‍കുന്ന സൂചന. ഇതിനു ക്രിക്കറ്റുമായി ഒരു ബന്ധവുമില്ല. മറിച്ച് ദേശീയ ടീം ക്യാപ്റ്റന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട സ്റ്റാറ്റസാണിത്. ഇതു പ്രകാരം വിവാഹിതനായ ഒരു ക്യാപ്റ്റന്‍ തൊട്ടടുത്ത വര്‍ഷം ലോകകപ്പ് സ്വന്തമാക്കിയതായി ചരിത്രം പറയുന്നു.

നേരത്തേ മൂന്നു തവണ ഇതു സംഭവിച്ചുകഴിഞ്ഞു. ഇത്തവണ കമ്മിന്‍സ് ഓസ്‌ട്രേലിയക്കു വേണ്ടി കിരീടമേറ്റു വാങ്ങിയാല്‍ ഈ സ്റ്റാറ്റസില്‍ കാര്യമുണ്ടെന്നു നമുക്കു ഉറപ്പിക്കുകയും ചെയ്യാം. ആദ്യമായി കല്ല്യാണം കഴിച്ച ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്റര്‍ കൂടിയായ റിക്കി പോണ്ടിങാണ്.
2002ലായിരുന്നു അദ്ദേഹം റിയാന ജെന്നിഫര്‍ കാന്ററിനെ വിവാഹം കഴിച്ചത്. തൊട്ടടുത്ത വര്‍ഷം (2003) പോണ്ടിങിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയ ലോക കിരീടം സ്വന്തമാക്കുകയും ചെയ്തു. സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ സൗരവ് ഗാംഗുലിയുടെ കീഴിലിറങ്ങിയ ഇന്ത്യയെ 125 റണ്ണിനു തകര്‍ത്തായിരുന്നു പോണ്ടിങും സംഘവും വിശ്വവിജയികളായത്.
അതിനു ശേഷം ഈ ഭാഗ്യമുണ്ടായത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കാണ്. 2010ലായിരുന്നു കൂട്ടുകാരിയായ സാക്ഷിയെ ധോണി തന്റെ ജീവിത സഖിയാക്കിയത്. തൊട്ടുത്ത വര്‍ഷം 2011ല്‍ ലോക കിരീടമെന്ന വലിയ ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തി.
മുംബൈയിലെ വാംഖഡെയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു 1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം. ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും ധോണി തന്നെയായിരുന്നു.

ഏറ്റവും അവസാനമായി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ ഒയ്ന്‍ മോര്‍ഗനും വിവാഹത്തിനു ശേഷം ലോകകപ്പുയര്‍ത്തിയിരുന്നു. 2018ലായിരുന്നു ടറ റിഡ്‌വേയെ അദ്ദേഹം മിന്നു ചാര്‍ത്തിയത്. ഇതോടെ മോര്‍ഗന്റെയും സമയം തെളിയുകയായിരുന്നു. 2019ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ മോര്‍ഗനു കീഴില്‍ ഇംഗ്ലണ്ട് ലോക ചാംപ്യന്‍മാരുമായി.
അവരുടെ കന്നി ലോകകപ്പ് നേട്ടമായിരുന്നു ഇത്. സൂപ്പര്‍ ഓവറിലേക്കു നീണ്ട ഫൈനലില്‍ ന്യൂസിലാന്‍ഡിനെയായിരുന്നു ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. നിശ്ചിത 50 ഓവറിലും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറിലും കളി ടൈയില്‍ കലാശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു മല്‍സരത്തില്‍ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷമായിരുന്നു ദീര്‍ഘകാലം തന്റെ കാമുകിയായിരുന്ന ബെക്കി ബോസ്റ്റണിനെ കമ്മിന്‍സ് വിവാഹം കഴിച്ചത്. 2020ല്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും വിവാഹം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു. മറ്റു മൂന്നു ക്യാപ്റ്റന്‍മാരെയും പോലെ വിവാഹത്തിലൂടെ കമ്മിന്‍സും ലോകകപ്പിനു അവകാശിയാവുമോയെന്ന ചോദ്യത്തിനു നാളെ ഉത്തരം ലഭിക്കും.