ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള മല്‍സരത്തില്‍ വാലറ്റത്ത് ബാറ്റിങില്‍ കസറിയതോടെ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ്. ധര്‍മശാലയില്‍ ഓസീസ് റണ്‍മഴ പെയ്യിച്ച കളിയില്‍ എട്ടാം നമ്പറില്‍ ഇറങ്ങി കമ്മിന്‍സ് മിന്നിക്കുകയായിരുന്നു. വെറും 14 ബോളില്‍ താരം വാരിക്കൂട്ടിയത് 37 റണ്‍സായിരുന്നു. നാലു വമ്പന്‍ സിക്‌സറും രണ്ടു ഫോറുകളുമടക്കമായിരുന്നു ഇത്.
ഈ കളിയില്‍ നേടിയ നാലു സിക്‌സറുകളോടെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ രണ്ടാമത്തെ ക്യാപ്റ്റനായും കമ്മിന്‍സ് മാറിയിരിക്കുകയാണ്. ആറു മല്‍സരങ്ങളില്‍ നിന്നും അഞ്ചു സിക്‌സറുകളോടെയാണ് അദ്ദേഹം രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റനും വമ്പനടിക്കാരനുമായ ജോസ് ബട്‌ലറെയടക്കം കമ്മിന്‍സ് പിന്തള്ളുകയും ചെയ്തു. നേരത്തേ നാലു സിക്‌സറുകളോടെ ബട്‌ലറായിരുന്നു രണ്ടാംസ്ഥാനത്ത്. എന്നാല്‍ കമ്മിന്‍സ് അദ്ദേഹത്തെ മറികടന്ന് പുതിയ രണ്ടാംസ്ഥാനക്കാരനായി മാറിയിരിക്കുകയാണ്.

ഈ ലിസ്റ്റില്‍ തലപ്പത്ത് ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയാണ്. ടൂര്‍മെന്റിലെ മറ്റു നായകരേക്കാള്‍ അദ്ദേഹം ബഹുദൂരം മുന്നിലാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഹിറ്റ്മാന്‍ വാരിക്കൂട്ടിയത് 17 സിക്‌സറുകളാണ്. ഈ ലിസ്റ്റില്‍ രോഹിത്, കമ്മിന്‍സ്, ബട്‌ലര്‍ എന്നിവര്‍ക്കു ശേഷ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക, ന്യൂസിലാന്‍ഡ് നായകന്‍ ടോം ലാതം എന്നിവരാണ്. പരിക്കേറ്റ് ഇതിനകം ലോകകപ്പില്‍ നിന്നും പിന്‍മാറിയ ഷനകയും കിവികളുടെ താല്‍ക്കാലിക ക്യാപ്റ്റനായ ലാതവും മൂന്നു സിക്‌സറുകള്‍ വീതമാണ് നേടിയത്.
അതേസമയം, ന്യൂസിലാന്‍ഡുമായുള്ള മല്‍സരത്തില്‍ സിക്‌സര്‍ വേട്ടയില്‍ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ് ഓസ്‌ട്രേലിയ കുറിച്ചത്. ഏകദിന ചരിത്രത്തില്‍ ഓസീസ് ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയ മല്‍സരമായി ഇതു മാറുകയായിരുന്നു. 20 സിക്‌സറുകളാണ് കംഗാരുപ്പട അടിച്ചടുത്തത്.
ഈ വര്‍ഷം പാകിസ്താനെതിരേയം 2013ല്‍ ഇന്ത്യക്കെതിരേയും 19 സിക്‌സറുകള്‍ വീതം സ്‌കോര്‍ ചെയ്തതായിരുന്നു നേരത്തേ ഓസീസിന്റെ ഏറ്റവും മികച്ച പ്രകടനം. ആ റെക്കോര്‍ഡ് ഇന്നത്തെ കളിയില്‍ ഓസീസ് പഴങ്കഥയാക്കുകയായിരുന്നു.
ന്യൂസിലാന്‍ഡിന് 389 റണ്‍സ് വിജയലക്ഷ്യം
ന്യൂസിലാന്‍ഡിനു ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസീസ് കിവി ബൗളര്‍മാരെ പഞ്ഞിക്കുകയായിരുന്നു. 49.2 ഓവറില്‍ 388 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്ത ശേഷം ഓസീസ് പുറത്താവുകയായിരുന്നു.
ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച ഇടംകൈയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് കിവികളെ തല്ലിച്ചതച്ചത്. വെറും 67 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 109 റണ്‍സാണ്. 10 ഫോറും ഏഴു സിക്‌സറുമടക്കമായിരുന്നു. ഡേവിഡ് വാര്‍ണല്‍ 81 റണ്‍സും നേടി മിന്നിച്ചു. 65 ബോളില്‍ ആറു സിക്‌സറും അഞ്ചു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഗ്ലെന്‍ മാക്‌സ്വെല്‍ 41 (24 ബോള്‍, 5 ഫോര്‍, 2 സിക്‌സ്), ജോഷ് ഇംഗ്ലിസ് 38 (28 ബോള്‍, 4 ഫോര്‍, 1 സിക്‌സ്), മിച്ചെല്‍ മാര്‍ഷ് 36 (51 ബോള്‍, 2 ഫോര്‍) എന്നിവരും ഓസീസ് സ്‌കോറിങിനു വേഗം കൂട്ടി.