ലോകകപ്പില്‍ ഇത്തവണ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ ഇന്ത്യയാണ്. ടൂര്‍ണമെന്റില്‍ നിലവില്‍ തോല്‍വിയറിയാത്ത ഏക ടീമും ഇന്ത്യ തന്നെ. കളിച്ച ആറു മല്‍സരങ്ങളിലും ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുകയാണ് രോഹിത് ശര്‍മയും സംഘവും. ഇനിയൊരു വിജയം കൂടി സ്വന്തമാക്കാനായാല്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറും. പക്ഷെ ലോക കിരീടം ഇത്തവണ പാകിസ്താന്‍ സ്വന്തമാക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകനായ ഫരീദ് ഖാന്‍.
എക്‌സിലൂടെയായിരുന്നു ബാബര്‍ ആസവും സംഘവും ലോക കിരീടവുമായി നാട്ടിലേക്കു മടങ്ങുമെന്നു 'തെളിവ്' സഹിതം അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതിനുള്ള കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. പാകിസ്താന്‍ മുന്‍ പ്രധാന മന്ത്രിയായ നവാസ് ഷരീഫാണ് പാക് ടീം കിരീടം നേടാനുള്ള പ്രധാന കാരണമായി ഫരീദ് ഖാന്‍ ചൂണ്ടിക്കാണിക്കുന്നത്.

നവാസ് ഷരീഫ് ഭാഗ്യനക്ഷത്രമാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം പാകിസ്താനു രണ്ടാം ലോക കിരീടം സമ്മാനിക്കുമെന്നും മാധ്യപ്രവര്‍ത്തകന്‍ കുറിക്കുന്നു. 1992ല്‍ നവീസ് ഷരീഫ് പാകിസ്താനിലുണ്ടായിരുന്ന സമയത്തു ഇതേ വര്‍ഷത്തെ ഐസിസി ഏകദിന ലോകകപ്പില്‍ പാക് ടീം കിരീടം ചൂടിയിരുന്നു.
2019ല്‍ നവാസ് ഷരീഫ് ഇംഗ്ലണ്ടിലായിരുന്നു ഉണ്ടായിരുന്നത്. അന്നു ഇംഗ്ലണ്ട് ലോക കിരീടം നേടുകയും ചെയ്തു. ഈ വര്‍ഷം നവാസ് ഷരീഫ് പാകിസ്താനിലുണ്ട്. അതുകൊണ്ടു തന്നെ പാകിസ്താന്‍ ലോക ചാംപ്യന്‍മാരാവുമെന്നുമായിരുന്നു ഫരീദ് ഖാന്‍ അവകാശപ്പെട്ടത്.
ഇതു മാത്രമല്ല നവാസ് ഷരീഫ് 1992 മുതല്‍ 2018 വരെ പാകിസ്താനിലുണ്ടയിരുന്ന സമയത്തു മറ്റു രണ്ടു ഐസിി ട്രോഫികള്‍ കൂടി പാക് ടീം കൈക്കലാക്കിയതായും ഫരീദ് ഖാന്‍ തന്റെ പോസ്റ്റിനു താഴെ സംശയം പ്രകടിപ്പിച്ചയാള്‍ക്കു മറുപടി നല്‍കി. 2009ലെ ടി20 ലോകകപ്പിലും 2017ല്‍ ചാംപ്യന്‍സ് ട്രോഫിയിലുമാണ് പാകിസ്താന്‍ ജേതാക്കളായതെനനും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, പാകിസ്താനെ സംബന്ധിച്ച് ഈ ലോകകപ്പില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുകയാണ് അവര്‍. സെമി ഫൈനലിലേക്കു പാക് ടീം യോഗ്യത നേടുമോയെന്നതു പോലും സംശയമാണ്. ആറു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച അവര്‍ ശേഷിച്ച നാലിലും പരാജയപ്പെട്ടു. നാലു പോയിന്റ് മാത്രമാണ് പാകിസ്താന്റെ അക്കൗണ്ടിലുള്ളത്.

ശേഷിച്ച മൂന്നു മല്‍സരങ്ങളും പാകിസ്താന് നോക്കൗട്ടിനു തുല്യമാണ്. മൂന്നു കളിയിലും വലിയ മാര്‍ജിനില്‍ ജയിക്കുകയെന്നതാണ് പാക് ടീം ആദ്യം ചെയ്യേണ്ടത്. അതിനു സാധിക്കുകയണെങ്കില്‍ 10 പോയിന്റ് അവര്‍ക്കു ലഭിക്കും. സെമി ഉറപ്പിക്കണമെങ്കില്‍ ചുരുങ്ങിയത് 12 പോയിന്റെങ്കിലും വേണമെന്നാണ് കണക്കുകള്‍ പറയുന്നത്. പക്ഷെ മറ്റു ചില മല്‍സരങ്ങള്‍ അനുകൂലമായി വരികയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പാകിസ്താനു സെമിയില്‍ കടക്കാം.
ടൂര്‍ണമെന്റില്‍ പാകിസ്താന്റെ തുടക്കം മികച്ചതായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ചു കൊണ്ടാണ് പാക് ടീം മുന്നേറിയത്. നെതര്‍ലാന്‍ഡ്‌സിനെ 81 റണ്‍സിനും ശ്രീലങ്കയെ ആറു വിക്കറ്റിനും അവര്‍ പരാജയപ്പെടുത്തുകയായിരുന്നു.
എന്നാല്‍ ഇന്ത്യയോടു ഏഴു വിക്കറ്റിനു തോറ്റതോടെ പാക് ടീമിന്റെ കഷ്ടകാലവും തുടങ്ങി. ഓസ്‌ട്രേലിയയോടു 62 റണ്‍സിനും അഫ്ഗാനിസ്താനോടു എട്ടു വിക്കറ്റിനും അവസാന കളിയില്‍ സൗത്താഫ്രിക്കയോടു ഒരു വിക്കറ്റിനും പാകിസ്താന്‍ കീഴടങ്ങുകയായിരുന്നു.