ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് പോരാട്ടത്തിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് പ്രശസ്ത ഇന്ത്യന്‍ ജ്യോതിഷി ഗ്രീന്‍സ്‌റ്റോണ്‍ ലോബോ. 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടം മുതല്‍ 2019ലെ ഇംഗ്ലണ്ടിന്റെ കിരീട വിജയം വരെ കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ ജ്യോതിഷിയാണ് അദ്ദേഹം. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ചാംപ്യന്‍മാരാവുമെന്നും ലോബോ പ്രവചിച്ചിരുന്നു.
ന്യൂസ് 18ന്റെ സ്‌പോര്‍ട്‌സ് ചാനലായ ക്രിക്കറ്റ് നെക്‌സ്റ്റുമായി സംസാരിക്കവെയാണ് ഇന്ത്യ-പാക് മല്‍സരത്തെക്കുറിച്ച് അദ്ദേഹം ചില പ്രവചനങ്ങള്‍ നടത്തിയത്. പ്രാഥമിക റൗണ്ടില്‍ മാത്രമല്ല ഇത്തവണ സെമി ഫൈനലിലോ, ഫൈനലിലോ ഇന്ത്യയും പാകിസ്താനും വീണ്ടും മുഖാമുഖം വരാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നും ജ്യോതിഷി പ്രവചിക്കുന്നു.

പാക് ക്യാപ്റ്റന്‍ ബാബര്‍ ആസമിന്റെയും ടീമിലെ ചില താരങ്ങളുടെയും കോച്ചിന്റെയുമെല്ലാം ഗ്രഹനില വളരെ മികച്ചതാണ്. അതുകൊണ്ടു തന്നെ പാകിസ്താന്‍ സെമി ഫൈനലില്‍ കടക്കാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നും ലോബോ പ്രവചിക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ രണ്ടു തവണ ഏറ്റുമുട്ടുകയാണെങ്കില്‍ ആദ്യത്തേതില്‍ നമ്മള്‍ തോറ്റാലും പ്രധാനപ്പെട്ട അടുത്ത മല്‍സരത്തില്‍ ഉറപ്പായും അവരെ തോല്‍പ്പിച്ചിരിക്കും.
അതു ചിലപ്പോള്‍ സെമി ഫൈനലോ, അല്ലെങ്കില്‍ ഫൈനലോ ആവാം. അതുകൊണ്ടു തന്നെ നാളെ നടക്കാനിരിക്കുന്ന കളിയില്‍ പാകിസ്താനോടു ഇന്ത്യ തോറ്റാലും നിരാശപ്പെടേണ്ടതില്ല. അടുത്തതില്‍ നമ്മള്‍ അവരോടു പകരം വീട്ടുക തന്നെ ചെയ്യും. കാരണം രോഹിത് ശര്‍മയുടെയും ബാബറിന്റെയും ഗ്രഹനില നോക്കിയാല്‍ അതു ബാബറിനേക്കാള്‍ വളരെ മികച്ചതാണെന്നും ലോബോ വിശദീകരിച്ചു.
പാകിസ്താനുമായുള്ള നാളത്തെ മല്‍സരത്തില്‍ ഇന്ത്യയുടെ ഹീറോയാവാന്‍ സാധ്യതയുള്ള താരത്തെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു. വിരാട് കോലിയോ, രോഹിത് ശര്‍മയോ ആവും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുക. ഇനി ബൗളറാണ് മിന്നിക്കുകയെങ്കില്‍ അതു ജസ്പ്രീത് ബുംറയായിരിക്കും.
ഹാര്‍ദിക് പാണ്ഡ്യയും ശ്രദ്ധിക്കേണ്ട താരമാണ്. അദ്ദേഹത്തിന്റെ ഗ്രഹനില വളരെ ശക്തമാണ്. ഹാര്‍ദിക്കും നാളെ ടീമിനായി നിര്‍ണായക പ്രകടനം നടത്തും. ഇന്ത്യക്കു ബാറ്റിങില്‍ തുടക്കത്തില്‍ ചില തിരിച്ചടികള്‍ നേരിടുകയാണെങ്കില്‍ ഹാര്‍ദിക് ക്രീസിലെത്തി ടീമിനായി നിര്‍ണായക ഇന്നിങ്‌സ് കളിക്കും. ഈ നാലു പേരായിരിക്കും കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ പോവുന്നതെന്നും ജ്യോതിഷി പ്രവചിക്കുന്നു.

നാളത്തെ ഇന്ത്യ-പാക് മല്‍സരം ഏപക്ഷീയമായിരിക്കില്ല. ശരിക്കുമൊരു ത്രില്ലര്‍ തന്നെയായിരിക്കും. മല്‍സരം ഇരുടീമുകളുടെയും ഭാഗത്തേക്കു മാറി മാറി വന്നു കൊണ്ടിരിക്കും. പക്ഷെ ടൂര്‍ണമെന്റിന്റെ സെമിയിലോ, ഫൈനലിലോ ഇരുടീമും വീണ്ടും ഏറ്റുമുട്ടിയാല്‍ അതു ഇതുപോലെ ഇഞ്ചോടിഞ്ചായിരിക്കില്ല.
വളരെ ആധികാരികമായി പാകിസ്താനെ പരാജയപ്പെടുത്താന്‍ നമുക്കു കഴിയും. പക്ഷെ നാളത്തെ മല്‍സരത്തില്‍ ഇന്ത്യ ജയിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. ഒരുപക്ഷെ പാകിസ്താന്‍ നമ്മളെ തോല്‍പ്പിച്ചേക്കും. എങ്കിലും അവസാനം വരെ പൊരുതി മാത്രമേ ഇന്ത്യ പരാജയം സമ്മതിക്കുകയുള്ളൂവെന്നും ലോബാ പ്രവചിച്ചു.
പാകിസ്താന്‍ ബൗളര്‍മാര്‍ നാളത്തെ കളിയില്‍ ഇന്ത്യക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നസീം ഷായെക്കുറിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ പുസ്തകത്തില്‍ ഞാന്‍ പ്രവചിച്ചിരുന്നു. നസീം വളരെ കരുത്തനാണെന്നും വലിയ ബൗളറായി മാറുമെന്നും ഞാന്‍ അതില്‍ കുറിച്ചിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തിരിക്കുകയാണ്.
ബാബര്‍ മുതല്‍ ഷഹീന്‍ വരെയുള്ള താരങ്ങളെയെടുത്താല്‍ പാകിസ്താന്റേത് വളരെ മികച്ച സ്‌ക്വാഡാണ്. പക്ഷെ കളിയുടെ തുടക്കത്തില്‍ പാക് ബൗളര്‍മാര്‍ എത്ര തന്നെ കുഴപ്പങ്ങള്‍ സൃഷ്ടിച്ചാലും നമ്മള്‍ കളിയിലേക്കു ശക്തമായി തിരിച്ചുവരുമെന്നും ജ്യോതിഷി പറയുന്നു.