ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ വിജയം തുടര്‍ന്ന് പാകിസ്താന്‍. ശ്രീലങ്കയെ ആറ് വിക്കറ്റിനാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 9 വിക്കറ്റിന് 344 എന്ന റണ്‍മല മുന്നോട്ടുവെച്ചപ്പോള്‍ 48.2 ഓവറില്‍ ആറ് വിക്കറ്റ് ബാക്കി നിര്‍ത്തി പാകിസ്താന്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മുഹമ്മദ് റിസ്വാന്റെയും (131*) അബ്ദുല്ല ഷഫീഖിന്റെയും (113) സെഞ്ച്വറികളാണ് പാകിസ്താന് ജയമൊരുക്കിയത്.
ലോകകപ്പ് ചരിത്രത്തില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന
റെക്കോഡാണ് പാകിസ്താന്‍ സ്വന്തം പേരിലാക്കിയത്. 48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ ചേസാണ് പാകിസ്താന്‍ കാഴ്ചവെച്ചത്. ശ്രീലങ്കയുടെ ബൗളര്‍മാരെ നാണംകെടുത്തുന്ന തരത്തില്‍ അനായാസം പാകിസ്താന്‍ വിജയത്തിലേക്കെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. പരിക്കിലും തളരാതെ പൊരുതിയ റിസ്വാനാണ് കളിയിലെ താരം.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണര്‍ കുശാല്‍ പെരേര നാല് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ മടങ്ങി. ഹസന്‍ അലിക്കായിരുന്നു വിക്കറ്റ്. ഇതോടെ ശ്രീലങ്കയുടെ തുടക്കം പാളി.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ പതും നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ശ്രീലങ്കയ്ക്ക് അടിത്തറ പാകി. 102 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം പതും നിസങ്കയെ പുറത്താക്കി ഷദാബ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. 1 പന്ത് നേരിട്ട് 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് നിസങ്ക നേടിയത്.
മൂന്നാം വിക്കറ്റില്‍ കുശാല്‍ മെന്‍ഡിസും സദീര സമരവിക്രമയും മികച്ച പ്രകടനം നടത്തി. ഇതിനിടെ 65 പന്തില്‍ സെഞ്ച്വറിയുമായി കുശാല്‍ മെന്‍ഡിസ് റെക്കോഡുമിട്ടു. ശ്രീലങ്കക്കാരന്റെ ഏകദിനത്തിലെ വേഗ സെഞ്ച്വറിയെന്ന റെക്കോഡാണ് കുശാല്‍ മെന്‍ഡിസ് നേടിയത്. 77 പന്ത് നേരിട്ട് 14 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 122 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിനെ ഹസന്‍ അലി പുറത്താക്കുമ്പോള്‍ ശ്രീലങ്ക 3ന് 218 എന്ന മികച്ച നിലയിലായിരുന്നു.
മധ്യനിരയിലെ വിശ്വസ്തനായ ചരിത് അസലന്‍ക (1) ഹസന്‍ അലിക്ക് വിക്കറ്റ് നല്‍കി പെട്ടെന്ന് മടങ്ങി. ധനഞ്ജയ് ഡി സില്‍വ (34 പന്തില്‍ 25), നായകന്‍ ദസുന്‍ ഷനക (12 പന്തില്‍ 18) എന്നിവര്‍ ചെറിയ സ്‌കോറോടെ മടങ്ങിയെങ്കിലും ഒരുവശത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിയ സദീര സെഞ്ച്വറിയോടെ കൈയടി നേടി.
89 പന്ത് നേരിട്ട് 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് സദീരയുടെ ഗംഭീര ബാറ്റിങ്. പാകിസ്താന്റെ കരുത്തുറ്റ ബൗളിങ് നിരയെ നേരിട്ടാണ് സദീര മിന്നിച്ചത്.
മഹേഷ് തീക്ഷണയെ (0) ഹാരിസ് റഊഫ് ക്ലീന്‍ ബൗള്‍ഡ് ചെയ്തപ്പോള്‍ ദുനിത് വെല്ലാലാഗെ 10 റണ്‍സുമെടുത്ത് മടങ്ങി. മതീഷ പതിരാന (1) പുറത്താവാതെ നിന്നു. ഇതോടെ 50 ഓവറില്‍ 9 വിക്കറ്റിന് 344 എന്ന മികച്ച സ്‌കോറിലേക്കും ശ്രീലങ്കയെത്തി. പാകിസ്താനായി ഹസന്‍ അലി നാല് വിക്കറ്റും ഹാരിസ് റഊഫ് രണ്ട് വിക്കറ്റും ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

മറുപടിക്കിറങ്ങിയ പാകിസ്താന്റെയും തുടക്കം മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ഇമാം ഉല്‍ ഹഖിനെ (12) പാകിസ്താന് നഷ്ടമായി. മദുശനകയ്ക്കാണ് വിക്കറ്റ്. നായകന്‍ ബാബര്‍ ആസമും (10) മദുശനകയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയതോടെ പാകിസ്താന്‍ വിറച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റിലൊത്തുകൂടിയ അബ്ദുല്ല ഷഫീഖും (113) മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാകിസ്താന് അടിത്തറ പാകി. 103 പന്ത് നേരിട്ട് 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 113 റണ്‍സുമായി അബ്ദുല്ല മടങ്ങുമ്പോള്‍ 3ന് 213 എന്ന നിലയിലായിരുന്നു പാകിസ്താന്‍.
പിന്നീട് റിസ്വാന്‍ ആക്രമണത്തിന്റെ ചുമതലയേറ്റെടുത്തു. സൗദ് ഷക്കീല്‍ മികച്ച പിന്തുണയും നല്‍കി. 30 പന്തില്‍ 31 റണ്‍സെടുത്ത ഷക്കീലിനെ മഹേഷ് തീക്ഷണ പുറത്താക്കുമ്പോള്‍ 308 എന്ന വിജയത്തിനോടടുത്ത നിലയിലായിരുന്നു. 121 പന്ത് നേരിട്ട് 8 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 131 റണ്‍സുമായി റിസ്വാന്‍ പാകിസ്താന് ജയമൊരുക്കി. ഇഫ്തിഖര്‍ അഹമ്മദ് (10 പന്തില്‍ 22) പുറത്താവാതെ നിന്നു.
പ്ലേയിങ് 11: ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍, ദസുന്‍ ഷനക (c), ദുനിത് വെല്ലാലാഗെ, മഹേഷ് തീക്ഷണ, ദില്‍ഷന്‍ മധുശന്‍ക, മതീഷ പതിരാന
പാകിസ്താന്‍- ഇമാം ഉല്‍ ഹഖ്, അബ്ദുല്ല ഷഹീഫ്, ബാബര്‍ ആസം (c), മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്