പാകിസ്താന്‍ താരങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മോയിന്‍ ഖാന്‍. പാക് ആരാധകരെപ്പോലും ചൊടിപ്പിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ പാക് താരങ്ങള്‍ക്കു വലിയ ഭയമാണ് ഉണ്ടാവാറുള്ളതെന്നാണ് മോയിന്‍ തുറന്നടിച്ചിരിക്കുന്നത്. ലോകകപ്പിനു വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെയാണ് അദ്ദേഹം സ്വന്തം ടീമിനെതിരേ തന്നെ വലിയ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ലോകകപ്പിന്റെ ഭാഗമായി ബാബര്‍ ആസമിനു കീഴില്‍ പാകിസ്താന്‍ ടീം ഇന്ത്യയിലെത്തിക്കഴിഞ്ഞു. ടൂര്‍ണമെന്റിനു മുന്നോടിയായി അവര്‍ ന്യൂസിലാന്‍ഡിനെതിരേ ഒരു സൗഹൃദ മല്‍സരത്തില്‍ കളിച്ചിരുന്നെങ്കിലും പരാജയമായിരുന്ന ഫലം. ആദ്യം ബാറ്റ് ചെയ്ത ശേഷം 345 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് പാക് പട അഞ്ചു വിക്കറ്റിന്റെ പരാജയത്തിലേക്കു വീണത്.

ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത് ലോകകപ്പില്‍ ഈ മാസം 14നു നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ സൂപ്പര്‍ പോരാട്ടത്തിനു വേണ്ടിയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ അരങ്ങേറുന്നത്. അടുത്തിടെ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും രണ്ടു തവണ മുഖാമുഖം വന്നിരുന്നു. ഇവയില്‍ ഒരു കളി മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ 228 റണ്‍സിനു പാക് പടയെ മുക്കുകയായിരുന്നു.
ക്രിക്കറ്റ് പാകിസ്താനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് താരങ്ങള്‍ക്കെതിരേ മോയിന്‍ ഖാന്‍ ആഞ്ഞടിച്ചത്. 100 ശതമാനം ഉറപ്പോടെയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. കാരണം ഇന്ത്യക്കെതിരേ കളിക്കുമ്പോഴുള്ള പാകിസ്താന്‍ താരങ്ങളുടെ ഭയം ഞാന്‍ കണ്ടിട്ടുള്ളതാണ്. വലിയ പേടിയിലാണ് പാക് താരങ്ങള്‍ കാണപ്പെടാറുള്ളത്. അതുകൊണ്ടു തന്നെ കളിക്കിടെ നായകന്‍ ബാബറിനു ചില നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവര്‍ മടിക്കുകയും ചെയ്യുന്നതായി മോയിന്‍ വിശദമാക്കി.
മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീഡി തുടങ്ങി പാകിസ്താന്‍ ടീമിലെ ആരുമാവട്ടെ. ഇന്ത്യക്കെതിരേ കളിക്കുമ്പോള്‍ അവര്‍ പേടി കാരണം ക്യാപ്റ്റന്‍ ബാബറിനു സഹായകമായേക്കാവുന്ന നിര്‍ദേശം പോലും നല്‍കാന്‍ മടിക്കുകയാണ്. ടീമിനു വലിയൊരു ഊര്‍ജമൊന്നും മല്‍സരത്തില്‍ കാണാറുമില്ല.
കളിക്കിടെ പാക് താരങ്ങള്‍ തമ്മില്‍ ചര്‍ച്ചകളൊന്നും നടക്കാറില്ല. നിര്‍ദേശങ്ങള്‍ നല്‍കിയാലും അവ പാലിക്കപ്പെടാറുമില്ലെന്നതാണ് യാഥാര്‍ഥ്യം. ബാബര്‍ അവരെ ഇനി പിന്തുടര്‍ന്നാലും അവ പ്രാവര്‍ത്തികമാവാറില്ലെന്നും മോയിന്‍ നിരീക്ഷിച്ചു.

ഇന്ത്യക്കെതിരേ ഭയമില്ലാതെ കളിക്കാന്‍ പാകിസ്താന്‍ താരങ്ങള്‍ ശ്രമിക്കണം. ഈ തരത്തില്‍ അമിത ഭയവുമായി കളിച്ചാല്‍ അവരുടെ നിര്‍ദേശങ്ങള്‍ ഫലം കാണാനും പോവുന്നില്ല. പാക് താരങ്ങള്‍ കുറേക്കൂടി അഗ്രസീവായി ചിന്തിക്കണം. ഫലത്തെക്കുറിച്ച് ആലോചിക്കാതെ ബാബറിനു നിര്‍ദേശങ്ങള്‍ നല്‍കാന്‍ മുന്നോട്ടു വരണം.
ഒരു ക്രിക്കറ്ററെന്ന നിലയില്‍ നിങ്ങള്‍ സ്വന്തം കഴിവിന് അനുസരിച്ച് പെര്‍ഫോം ചെയ്യാന്‍ ശ്രമിക്കണം. ടീമിനായി 100 ശതമാനും സംഭാവന നല്‍കാനും ശ്രമിക്കണം. നിങ്ങളുടെ നിര്‍ദേശങ്ങള്‍ തെറ്റായാലും കുഴപ്പില്ല, അതു സംഭവിച്ചേക്കാം. പക്ഷെ നിങ്ങള്‍ ജയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നത് ശരീരഭാഷ കാണിച്ചുതരും. പാക് താരങ്ങളില്‍ അതു കാണാറില്ലെന്നും മോയിന്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന കാര്യം എനിക്കുറപ്പാണ്. ഒരു പ്രൊഫഷണലായ അന്തരീക്ഷത്തില്‍ അതുണ്ടാവുമെന്നു എനിക്കറിയാം. പക്ഷെ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യുന്നതിനായി അതു അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ മുന്നോട്ടു പോവേണ്ടതുണ്ടെന്നും മോയിന്‍ പറഞ്ഞു.