ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ വരവറിയിച്ചിരിക്കുകയാണ് പാകിസ്താന്‍. നെതര്‍ലന്‍ഡ്‌സിനെ 81 റണ്‍സിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ 286 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 205 റണ്‍സില്‍ കൂടാരം കയറി. പാകിസ്താന്‍ വമ്പന്‍ ജയം നേടിയെങ്കിലും നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടവീര്യം ശ്രദ്ധ നേടുന്നതായിരുന്നു. പാകിസ്താനെ ഭയപ്പെടുത്താന്‍ അസോസിയേറ്റ് രാജ്യമായ ഓറഞ്ച് പടക്ക് സാധിച്ചു.
പാകിസ്താന്‍ വമ്പന്‍ ജയം നേടിയത് ആരാധകര്‍ ആഘോഷമാക്കവെ പാകിസ്താന്‍ നെതര്‍ലന്‍ഡ്‌സിനെ ചതിച്ച് ജയിക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാവുകയാണ്. ഇതിന്റെ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നെതര്‍ലന്‍ഡ്‌സ് ബാറ്റുചെയ്യവെ ബൗണ്ടറി ലൈന്‍ പിന്നോട്ടിറക്കിവെച്ചുവെന്ന ആരോപണമാണ് പാക് ടീമിനെതിരേ ഉയരുന്നത്. ഇതിന്റെ തെളിവായി വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
ഇത് പാക് താരങ്ങള്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്നും നെതര്‍ലന്‍ഡ്‌സിനെ ചതിച്ച് തോല്‍പ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. 30 മിനുട്ടോളം ബൗണ്ടറി ലൈന്‍ പിന്നോട്ടിറങ്ങിയാണിരുന്നത്. 21ാം ഓവറില്‍ പാക് ഫീല്‍ഡര്‍ ബൗണ്ടറി തടയാന്‍ ശ്രമിക്കവെയാണ് സാധാരണ പൊസിഷനില്‍ നിന്നും പിന്നോട്ട് ബൗണ്ടറി ലൈന്‍ പോയത്. ഫീല്‍ഡര്‍ ഇത് കണ്ടുവെങ്കിലും അത് കൃത്യ സ്ഥലത്ത് തിരിച്ചുവെക്കാനുള്ള ഇടപെടല്‍ നടത്തിയില്ല.
കൂടാതെ ഇക്കാര്യം മറച്ചുവെക്കാനുള്ള ശ്രമമാണ് പാക് ടീം നടത്തിയത്. ദൗര്‍ഭാഗ്യവശാല്‍ അംപയറും ബോള്‍ ബോയിയുമൊന്നും ഇത് കണ്ടില്ല. മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റില്‍ ഇത്തരമൊരു അബദ്ധം കണ്ടിട്ടും അത് മറച്ചുവെക്കാന്‍ ശ്രമിച്ചത് പാക് ടീം ചതിയന്മാരുടെ നിരയായതിനാലാണെന്നാണ് ഒരു പക്ഷം ആരാധകര്‍ ആരോപിക്കുന്നത്. ഐസിസി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ പാകിസ്താന്‍ മനപ്പൂര്‍വ്വം ഇത്തരമൊരു കാര്യം ചെയ്തതല്ലെന്ന് പറയാം. ഫീല്‍ഡിങ്ങിനിടെ അബദ്ധത്തില്‍ ബൗണ്ടറി ലൈന്‍ പിന്നോട്ടിറങ്ങുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടിട്ടും ശരിയാക്കാന്‍ തയ്യാറാവാതെ ഇരുന്നത് പാക് താരങ്ങളുടെ വഞ്ചനയാണെന്ന് പറയാം. 30 മിനുട്ടോളം ഇതേ അവസ്ഥയില്‍ ബൗണ്ടറി ലൈന്‍ പിന്നോട്ടിറങ്ങിക്കിടന്നുവെന്നത് വലിയ പിഴവുതന്നെയാണ്. ഏകദിന ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിലാണ് ഈ സംഭവമെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
എന്തായാലും ജയത്തിനിടെയിലും പാകിസ്താന്റെ മോശം സമീപനം വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പാക് ടീം അല്‍പ്പം കൂടി മാന്യത കാട്ടാന്‍ തയ്യാറാവണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. നെതര്‍ലന്‍ഡ്‌സിനോട് പോലും ചതികാട്ടാന്‍ പാക് ടീം മടികാട്ടിയില്ലെന്നും തോല്‍വി ഭയത്താലാണ് പാക് താരങ്ങള്‍ ഇത്തരത്തില്‍ കള്ളത്തരങ്ങള്‍ കാട്ടിയതെന്നുമാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. പാകിസ്താനെ വിറപ്പിക്കാന്‍ ഓറഞ്ച് പടക്കായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ പാകിസ്താനെ 49 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ബാസ് ഡി ലീഡ് നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ കോളിന്‍ അക്കര്‍മാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. പേരുകേട്ട പാക് ബാറ്റിങ് നിരയെ 38 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തുടക്കത്തിലേ ഞെട്ടിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചു.
ബാറ്റിങ്ങിനിറങ്ങിയപ്പോഴും തകര്‍പ്പന്‍ പ്രകടനമാണ് നെതര്‍ലന്‍ഡ്‌സ് കാഴ്ചവെച്ചത്. ബാസ് ഡി ലീഡ് നാല് വിക്കറ്റിന് പിന്നാലെ 68 പന്തില്‍ 67 റണ്‍സും നേടി. 6 ഫോറും 2 സിക്‌സും താരം പറത്തി. ഓപ്പണര്‍ വിക്രംജിത് സിങ്ങും (52) അര്‍ധ സെഞ്ച്വറിയോടെ മിന്നിച്ചു. പാകിസ്താന്റെ കരുത്തിനെക്കാള്‍ വളരെ പിന്നിലുള്ള ടീമാണ് നെതര്‍ലന്‍ഡ്‌സെങ്കിലും മികച്ച പോരാട്ടവീര്യത്തോടെ വമ്പന്മാരുടെ കണ്ണിലെ കരടാവാന്‍ ഓറഞ്ച് പടക്ക് സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം.