For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ല, വെല്ലുവിളി അതാണ്! മുന്നറിയിപ്പുമായി ഷദാബ്

ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്നുകഴിഞ്ഞു. ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായുള്ള ശക്തമായ പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നിട്ടുണ്ട്. ആവനാഴിയിലെ അവസാന അസ്ത്രങ്ങളും രാഗി മിനുക്കി ടീമുകള്‍ തന്ത്രം മെനയുകയാണ്. ഒക്ടോബര്‍ 5നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. അവസാന ലോകകപ്പ് ഫൈനലിനെ ഓര്‍മ്മപ്പെടുത്തി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്.

ഇത്തവണത്തെ ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ-പാക് മത്സരം കാണാനാണ്. രണ്ട് ടീമുകളും ശക്തരായ താരസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്. ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യ വിജയം തുടരുമോ അതോ പാകിസ്താന്‍ ചരിത്ര ജയം കുറിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനിറങ്ങുമ്പോള്‍ പാകിസ്താന് മുന്നിലുള്ള പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാകിസ്താന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഷദാബ് ഖാന്‍.

india, fans

11 വര്‍ഷത്തിന് ശേഷമാണ് പാകിസ്താന്‍ ഇന്ത്യയിലേക്ക് കളിക്കാനെത്തുന്നത്. ഇന്ത്യയിലെ പിച്ചുകളുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. പാക് ടീം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്ത് കുറവുള്ളവരാണെങ്കിലും ഈ പ്രതിസന്ധിയെ മറികടക്കാനുള്ള കരുത്ത് പാക് ടീമിന് അവകാശപ്പെടാം. എന്നാല്‍ അനുഭവസമ്പത്തോ ടീം കരുത്തോ പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ ആരാധകരെ നേരിടുകയെന്നതാണ് വെല്ലുവിളിയെന്നുമാണ് ഷദാബ് പറയുന്നത്.

'സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു ടീമിന്റെയും സ്വപ്‌നമാണ്. ഇന്ത്യയില്‍ ലോകകപ്പ് കളിക്കുമ്പോള്‍ ആരാധക പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇത് മനസിലാക്കി മാനസികമായി ശക്തരായിരിക്കാനാണ് ശ്രമിക്കേണ്ടത്. പാക് താരങ്ങളെല്ലാം മാനസികമായി ശക്തരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ മികച്ചൊരു ടൂര്‍ണമെന്റാണ് പ്രതീക്ഷിക്കുന്നത്'- ഷദാബ് ഖാന്‍ പറഞ്ഞു.

പാകിസ്താന്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ ആരാധക പിന്തുണ കുറവായിരിക്കുമെന്നുറപ്പ്. ഇന്ത്യ-പാക് പോരാട്ടത്തിന് ആരാധകരുടെ ഇടയില്‍ ആവേശ വരവേല്‍പ്പായിരിക്കും ലഭിക്കുക. ഗ്യാലറിയില്‍ ഇന്ത്യയെന്ന ശബ്ദം മാത്രമാവും മുഴങ്ങുക. അഹമ്മദാബാദിലാണ് മത്സരം എന്നതിനാല്‍ 1 ലക്ഷത്തിലധികം കാണികളെ ഇവിടെ ഉള്‍ക്കൊള്ളും. ഇവരെല്ലാം പാകിസ്താനെതിരേ ശബ്ദിക്കുകയും ഇന്ത്യക്കായി ആര്‍പ്പുവിളിക്കുകയും ചെയ്യുമ്പോള്‍ പാക് താരങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരും.

ഇതിന് മുമ്പ് ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം സമാന പ്രതിസന്ധി പാകിസ്താന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ മണ്ണിലേക്ക് വരുമ്പോള്‍ നിലവില്‍ നേരിട്ടതിനെക്കാള്‍ ഇരട്ടിയിലധികം സമ്മര്‍ദ്ദം ഏല്‍ക്കേണ്ടിവരുമെന്നുറപ്പാണ്. എന്നാല്‍ ഇന്ത്യക്കും സമ്മര്‍ദ്ദത്തിന് കുറവുണ്ടാകില്ല. പാകിസ്താനെതിരേ തോല്‍ക്കേണ്ടി വന്നാല്‍ അത് മായ്ക്കാനാവാത്ത നാണക്കേടായി മാറും. ന്യായീകരണങ്ങള്‍ക്കൊണ്ട് ആരാധക രോഷത്തെ പിടിച്ചുകെട്ടാന്‍ സാധിക്കാതെ വരും.

അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കണം. മികച്ച താരസമ്പത്ത് ടീമിലുണ്ടെങ്കിലും പരിക്കാണ് വില്ലന്‍. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇവര്‍ മടങ്ങിയെത്തുമെങ്കിലും ഫോം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇതെല്ലാം ഇന്ത്യക്ക് മുകളില്‍ വലിയ തലവേദനയായി നിലനില്‍ക്കുന്നു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.

മറുവശത്ത് പാകിസ്താന്റെ ടീം കരുത്ത് ഗംഭീരമാണ്. ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷദാബ് ഖാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാക് ടീം ഏത് വമ്പന്മാരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരുടേതാണ്. പല പ്രമുഖരും ലോകകപ്പ് പ്രവചനം നടത്തിക്കഴിഞ്ഞു. ഇതിലെല്ലാം പാകിസ്താന്‍ സെമി കളിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തവണ ഗംഭീര പ്രകടനത്തോടെ ഇന്ത്യയെ വിറപ്പിക്കാന്‍ പാകിസ്താന് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Saturday, August 12, 2023, 10:57 [IST]
Other articles published on Aug 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+