ലോകകപ്പ് പാതിദൂരം പിന്നിടവെ ടീം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യരുടെ ഫോം. നാലാം നമ്പറില്‍ നേരത്തേ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരമായിരുന്ന അദ്ദേഹം ഈ വിശ്വാസം ലോകകപ്പില്‍ തകര്‍ത്തിരിക്കുകയാണ്. ഈ കാരണത്താല്‍ തന്നെ ശ്രേയസിനെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് വിവരം.
ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച ആറു മല്‍സരങ്ങളിലും ശ്രേയസിനു കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇവയില്‍ നിന്നും 33.50 ശരാശരിയില്‍ അദ്ദേഹത്തിനു നേടാനായത് 134 റണ്‍സ് മാത്രമാണ്. പുറത്താവാതെ നേടിയ 53 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും ശ്രേയസിനു. ചൂണ്ടിക്കാണിക്കാനില്ല. 0, 25*, 53*, 19, 33, 4 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.

പലപ്പോഴും മോശം ഷോട്ടുകള്‍ കളിച്ചാണ് ശ്രേയസ് വിക്കറ്റ് കളഞ്ഞുകുളിച്ചത്. ക്രീസില്‍ നിലയുറപ്പിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം സാഹചര്യം പോലും പരിഗണിക്കാതെ അനാവശ്യമായി വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ചാണ് താരം പലപ്പോഴും പുറത്തായത്. ഒരു നാലാം നമ്പര്‍ ബാറ്ററുടെ ശൈലിക്കും ഒട്ടും തന്നെ യോജിക്കാത്തതാണ് ശ്രേയസിന്റെ ഇപ്പോഴത്തെ ശൈലിയെന്നു വിമര്‍ശനങ്ങളുമുയരുന്നുണ്ട്.
ഇതേ തുടര്‍ന്നു ശ്രേയസിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. അദ്ദേഹത്തിനു പകരം ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാനാണ് നീക്കം. ഒരുപക്ഷെ ശ്രീലങ്കയുമായുള്ള അടുത്ത കളിയില്‍ തന്നെ ഇന്ത്യ ഈ മാറ്റത്തിനു മുതിര്‍ന്നേക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് അടുത്ത മല്‍സരം നടക്കുന്ന വാംഖഡെ സ്‌റ്റേഡിയം. ഈ വേദിയില്‍ ഒരുപാട് കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താരവുമാണ് ഇഷാന്‍.
ഈ ലോകകപ്പില്‍ രണ്ടു മല്‍സങ്ങളില്‍ മാത്രമേ ഇഷാനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഡെങ്കിപ്പനി കാരണം ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ശുഭ്മന്‍ ഗില്ലിനു പുറത്തിരിക്കേണ്ടി വന്നതോടെയാണ് ഇഷാനു ഓപ്പണറായി നറുക്കുവീണത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ കളിയില്‍ ഡെക്കായി മടങ്ങിയ താരം അഫ്ഗാനിസ്താനെതിരേ 47 റണ്‍സെടുക്കുകയും ചെയ്തു. പാകിസ്താനെതിരേ ഗില്‍ തിരിച്ചെത്തിയതോടെ ഇഷാനു സ്ഥാനവും നഷ്ടമാവുകയായിരുന്നു.
പരിക്കേറ്റു മാസങ്ങളോളം പുറത്തിരുന്ന ശേഷം കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിലൂടെയായിരുന്നു ശ്രേയസ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. തിരിച്ചുവരവിനു ശേഷം കളിച്ച 10 ഇന്നിങ്‌സുകളില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും താരം നേടുകയും ചെയ്തു. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേയുള്ള പഴയ വീക്ക്‌നെസ് ഇപ്പോഴും വേട്ടയാടുന്നുവെന്നതാണ് ശ്രേയസിന്റെ പ്രധാന പ്രശ്‌നം.

ന്യൂസിലാന്‍ഡുമായുളള കളിയില്‍ ഷോര്‍ട്ട് ബോളിലൂടെയായിരുന്നു ശ്രേയസിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയത്. മറ്റു മല്‍സരങ്ങളിലും ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ താരം പതറുന്നത് കാണാമായിരുന്നു. ശ്രീലങ്കയുമായുള്ള മല്‍സരം നടക്കുന്ന വാംഖഡെയിലെ ചുവന്ന മണ്ണിലെ പിച്ച് നല്ല ബൗണ്‍സ് ലഭിക്കുന്നതാണ്. ഈ കാരണത്താല്‍ തന്നെ ശ്രേയസിന്റെ ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് എതിര്‍ ബൗളര്‍മാര്‍ മുതലാക്കിയേക്കും.
എന്നാല്‍ ഇഷാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദിനത്തില്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. 47.57 എന്ന മികച്ച ശരാശരിയം താരത്തിനുണ്ട്. നേരത്തേ ഓപ്പണിങില്‍ സ്‌പെഷ്യലിസ്റ്റായിരുന്ന ഇഷാന്‍ കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ അഞ്ചാം നമ്പറും തനിക്കു വഴങ്ങുമെന്നു കാണിച്ചുതന്നിരുന്നു.
ശ്രേയസിനെ ഒഴിവാക്കുകയാണെങ്കില്‍ ബാറ്റിങ് ഓര്‍ഡറിലും ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. ശ്രേയസിനു പകരം നാലാം നമ്പറിലേക്കു കെഎല്‍ രാഹുലിനെ ഇന്ത്യ പ്രൊമോട്ട് ചെയ്യാനിടയുണ്ട്. ദുഷ്‌കരമായ സാഹചര്യങ്ങളില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹം മിടുക്കനാണ്. രാഹുല്‍ നാലിലേക്കു വരികയാണെങ്കില്‍ അഞ്ചാം നമ്പറിലായിരിക്കും ഇഷാന്‍ ഇറങ്ങുക. തൊട്ടുപിന്നാലെ സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്യും.