മുംബൈ: ഏകദിന ലോകകപ്പില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ കുതിക്കുകയാണ്. തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയിച്ച് 12 പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരെയെല്ലാം ഇന്ത്യ തോല്‍പ്പിച്ച് കഴിഞ്ഞു. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് തുടര്‍ ജയങ്ങള്‍ക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ടിന്റെ വെല്ലുവിളിയും മറികടന്ന് ഇന്ത്യ കുതിക്കുകയാണ്.
ഇന്ത്യ ഒരു മത്സരം പോലും തോല്‍ക്കാതെ സെമിയിലേക്കെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇനി ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് പോരാട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെ ഇന്ത്യ ഏറെക്കുറെ സെമി ഉറപ്പിച്ചതായി പറയാം. എന്നാല്‍ ഇന്ത്യ ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ ഒരു മത്സരം തോല്‍ക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് പ്രമുഖ ജോത്സ്യനായ രവീണ്‍ കൗശിക്. ഇന്ത്യക്ക് ഒരു തോല്‍വി നേരിടാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

പ്രമുഖ ചാനലിന്റെ പരിപാടിയില്‍ ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ തോല്‍ക്കാന്‍ പോകുന്നത് ദക്ഷിണാഫ്രിക്കയോടല്ലെന്നും ശ്രീലങ്കയോടാണെന്നുമാണ് രവീണ്‍ കൗശിക് പറയുന്നത്. ഇതിനോടകം അദ്ദേഹത്തിന്റെ പ്രവചനം വൈറലായിട്ടുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യയുടെ ഫോം പരിശോധിക്കുമ്പോള്‍ ശ്രീലങ്കയോട് തോല്‍ക്കാന്‍ സാധ്യത വളരെ കുറവാണ്. അഞ്ച് മത്സരത്തില്‍ രണ്ട് ജയം മാത്രം നേടിയ ശ്രീലങ്ക നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
ശ്രീലങ്കയുടെ സെമി പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല. ഇനിയും തിരിച്ചുവരാനുള്ള അവസരം ശ്രീലങ്കയ്ക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ വീഴ്ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ സമീപകാലത്ത് നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇന്ത്യ ശ്രീലങ്കയെ അനായാസം കീഴടക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ സജീവ വിജയ പ്രതീക്ഷയിലുമാണ്. എന്നാല്‍ ഇന്ത്യയെ വീഴ്ത്താന്‍ കഴിവില്ലാത്തവരുടെ നിരയല്ല ശ്രീലങ്ക.
അതുകൊണ്ടുതന്നെ മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് ഏറ്റവും വെല്ലുവിളിയാവാന്‍ സാധ്യത ദക്ഷിണാഫ്രിക്കയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താരനിരയാണ് ദക്ഷിണാഫ്രിക്ക. നെതര്‍ലന്‍ഡ്‌സിനോട് അട്ടിമറി തോല്‍വി നേരിട്ടെങ്കിലും പിന്നീടുള്ള മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇത്തവണ 2ന് മുകളില്‍ നെറ്റ് റണ്‍റേറ്റുള്ള ഏക ടീം ദക്ഷിണാഫ്രിക്കയാണ്.
ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചതിനെ വലിയ നേട്ടമായി കാണാനാവില്ലെന്നതാണ് വാസ്തവം. കാരണം ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ഇത്തവണത്തെ ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. അഫ്ഗാനിസ്ഥാനോട് പോലും തോറ്റ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചത് വലിയ നേട്ടമല്ല. എന്നാല്‍ വലിയ വെല്ലുവിളിയായി ദക്ഷിണാഫ്രിക്ക മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ഇന്ത്യക്ക് ഉറപ്പിക്കാം.

മൂന്ന് മത്സരം ശേഷിക്കെ രണ്ട് മത്സരം തോറ്റാലും ഇന്ത്യയുടെ സെമി സീറ്റ് നഷ്ടമാകില്ല. മൂന്ന് മത്സരവും തോല്‍ക്കാത്ത പക്ഷം ഇന്ത്യ അനായാസം സെമി കളിക്കും. തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കുന്ന ഇന്ത്യക്ക് ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ ലഭിക്കുന്നു. ഓസ്‌ട്രേലിയക്കെതിരേ വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ത്യയുടെ രക്ഷകരായപ്പോള്‍ ഇംഗ്ലണ്ടിനെതിരേ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ഹീറോയായത്.
ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച ഫോമും ടീമിന്റെ കുതിപ്പില്‍ നിര്‍ണ്ണായകമാവുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ്ഷമി എന്നിവരുടെ ഫോമാണ് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. കുല്‍ദീപ് യാദവും കറക്കി വീഴ്ത്താന്‍ മിടുക്കുകാട്ടുന്നു. മുഹമ്മദ് സിറാജിന്റെ മോശം ഫോമാണ് ഇന്ത്യയുടെ ബൗളിങ്ങിലെ പ്രശ്‌നം. ആദ്യം ബാറ്റുചെയ്യുമ്പോള്‍ ഇന്ത്യ പതറുന്നതും പ്രശ്‌നമാണ്. ഇതിനും പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.