ഇന്ത്യന്‍ ടീമില്‍ തന്റെ ഫേവറിറ്റ് ബാറ്റിങ് പങ്കാളി ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. വിരാട് കോലി, ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം മികച്ച പല ബാറ്റിങ് കൂട്ടുകെട്ടുകളുണ്ടാക്കിയെങ്കിലും ഇവരൊന്നുമല്ല ഫേവറിറ്റെന്നു ഹിറ്റ്മാന്‍ പറയുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ ഭാഗമല്ലാത്ത ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയായി രോഹിത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മാത്രമല്ല ഒരു സമയത്തു ലോക ക്രിക്കറ്റിലെ തന്നെ ഐക്കണ്‍ ബാറ്റിങ് ജോടികളായിരരുന്നു രോഹിത്തും ധവാനും. ഐസിസി ടൂര്‍ണമെന്റുകളിലടക്കം നാട്ടിലും വിദേശത്തും പല വമ്പന്‍ കൂട്ടുകെട്ടുകളിലും ഇരുവരും പങ്കാളിയായിട്ടുണ്ട്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോടികളിലൊന്നായാണ് രോഹിത്തും ധവാനും വിശേഷിപ്പിക്കപ്പെടുന്നത്.

117 ഇന്നിങ്‌സുകളിലാണ് ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 5193 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. എന്നാല്‍ രോഹിത്തും കോലിയും ഏകദിനത്തില്‍ 86 ഇന്നിങ്‌സുകളിലാണ് ഒരുമിച്ച് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 5008 റണ്‍സ് നേടാനും ഈ സഖ്യത്തിനു കഴിഞ്ഞു.
കോലിക്കൊപ്പവും ഗംഭീര റെക്കോര്‍ഡാണ് തനിക്കുള്ളതെങ്കിലും ധവാനാണ് ഫേവറിറ്റ് ബാറ്റി പങ്കാളിയാണെന്നാണ് രോഹിത് തുറന്നുപറഞ്ഞത്. ഇതിന്റെ കാരണങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. ശിഖര്‍ ധവാനും ഞാനും തമ്മില്‍ കളിക്കളത്തിന് അകത്തും പുറത്തും വളരെ ദൃഢമായ സൗഹൃദമാണുള്ളത്. ഞങ്ങള്‍ ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്.
ഞാന്‍ ഏറെ ആസ്വദിച്ചിട്ടുള്ള കൂട്ടുകെട്ട് കൂടിയായിരുന്നു ശിഖറിനൊപ്പമുള്ളത്. നമ്മളിലേക്കു കൂടി 'പകരുന്ന' വലിയ ഊര്‍ജമുള്ള വ്യക്തിയാണ് അദ്ദേഹം. ശിഖര്‍ നമുക്കു ചുറ്റുമുണ്ടാവുമ്പോള്‍ അതു രസകരമായ നിമിഷങ്ങളായിരിക്കും സമ്മാനിക്കുക. ഓപ്പണിങ് ജോടികളെന്ന നിലയില്‍ ഇന്ത്യക്കൊപ്പം പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ഇതു സഹായിച്ചതായും രോഹിത് വെളിപ്പെടുത്തി.
2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ആദ്യമായി രോഹിത്തും ധവാവും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. അതിനു മുമ്പ് മധ്യനിരയിലായിരുന്നു ഹിറ്റ്മാന്‍ ബാറ്റ് ചെയ്തിരുന്നത്. പക്ഷെ ഇവിടെ ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.
തുടര്‍ന്നാണ് 2013ലെ ചാംപ്യന്‍സ് ട്രോഫിയിലൂടെ അന്നത്തെ ക്യാപ്റ്റനായിരുന്ന എംഎസ് ധോണി രോഹിത്തിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യുന്നത്. ഈ നീക്കം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. പിന്നീട് രോഹിത്തിനു തിരിഞ്ഞു നോക്കേണ്ടതായും വന്നിട്ടില്ല.
2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ രോഹിത്- ധവാന്‍ ജോടി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. തുടര്‍ന്നു 10 വര്‍ഷത്തോളം ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ ഓപ്പണിങ് ജോടികളായി ഇരുവരും തുടരുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ ശുഭ്മന്‍ ഗില്ലിന്റെ ഉദയം ധവാന്റെ കരിയറിനെ ബാധിച്ചു.

പഴയതു പോലെ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ ധവാനു കഴിയാതെ പോയതോടെ പകരം ഗില്‍ ടീമിലെത്തുകയും മിന്നുന്ന പ്രകടനങ്ങളാടെ ടീമിലെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇനിയൊരിക്കലും മടങ്ങിവരാന്‍ കഴിയാത്ത വിധം ധവാനു മുന്നില്‍ ഇന്ത്യന്‍ വാതിലുകള്‍ അടയുകയും ചെയ്തിരിക്കുകയാണ്.
വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ധവാനെ പരിഗണിച്ചേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ അദ്ദേഹത്തിനു വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും സെലക്ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്റിനും വിശ്വാസം ഗില്ലില്‍ ആയിരുന്നു. രോഹിത്-ധവാന്‍ സഖ്യത്തെപ്പോലെ രോഹിത്- ഗില്‍ ജോടിയും ഏകദിനത്തില്‍ ക്ലിക്കായിക്കഴിഞ്ഞു.
25ല്‍ താഴെ ഇന്നിങ്‌സുകളിലാണ് ഈ സഖ്യം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ അഞ്ചു സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കാന്‍ രോഹിത്- ഗില്‍ ജോടിക്കായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് രോഹിത്തും ധവാനും അവസാനമായി ഓപ്പണ്‍ ചെയ്തത്. പരമ്പര ഇന്ത്യ നേടിയെങ്കിലും ഈ ജോടി പ്രതീക്ഷിച്ചതു പോലെ ക്ലിക്കായിരുന്നില്ല.